'ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ, ആശംസകൾ'- നന്ദി പറഞ്ഞ് യോ​ഗി ആദിത്യനാഥ്

തെരഞ്ഞെടുപ്പ് വിജയത്തിനായി പ്രവർത്തിച്ച ബിജെപി പ്രവർത്തകരോടും യോഗി ആദിത്യനാഥ് ട്വിറ്ററിലൂടെ നന്ദി പറഞ്ഞു
ഫോട്ടോ: എഎൻഐ
ഫോട്ടോ: എഎൻഐ

ലഖ്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയതിന് പിന്നാലെ ജനങ്ങളോടും ബിജെപി പ്രവർത്തകരോടും പാർട്ടി നേതൃത്വത്തോടും നന്ദി പറഞ്ഞ് യോഗി ആദിന്യനാഥ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം നന്ദി പറഞ്ഞത്. നിയമസഭാ തെരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിന് ജനങ്ങൾക്കെല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും നേരുന്നുവെന്ന് യോഗി ആദിത്യനാഥ് ഹിന്ദിയിൽ ട്വീറ്റ് ചെയ്തു. 

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി അധ്യക്ഷൻ ജെപി നഡ്ഡ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, പാർട്ടി സംസ്ഥാന അധ്യക്ഷൻ സ്വതന്ത്രദേവ് സിങ് എന്നിവർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് യോഗി ആദിത്യനാഥിന്റെ ട്വീറ്റുകൾ. ഒപ്പം തെരഞ്ഞെടുപ്പ് വിജയത്തിനായി പ്രവർത്തിച്ച ബിജെപി പ്രവർത്തകരോടും യോഗി ആദിത്യനാഥ് ട്വിറ്ററിലൂടെ നന്ദി പറഞ്ഞു. 

'പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനക്ഷേമ നയങ്ങളിൽ സാധാരണക്കാർക്കുള്ള അചഞ്ചലമായ വിശ്വാസത്തിന് തെളിവാണ് ഈ ഗംഭീര ഭൂരിപക്ഷം. ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ വൻ വിജയത്തിനായി അർപ്പണ മനോഭാവത്തോടെ പ്രവർത്തിച്ച കഠിനാധ്വാനികളും പോരാട്ട വീര്യവുമുള്ള പ്രവർത്തകർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ'- അദ്ദേഹം കുറിച്ചു.

ഉത്തർപ്രദേശിൽ ബിജെപി രണ്ടാംവട്ടവും അധികാരത്തിലെത്തുമ്പോൾ സംസ്ഥാനത്തിന്റെ ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കുകയാണ് യോഗി ആദിത്യനാഥ്. അഞ്ച് വർഷം അധികാരത്തിലിരുന്ന ശേഷം തുടർ ഭരണം നേടുന്ന ആദ്യത്തെ മുഖ്യമന്ത്രിയാവുകയാണ് ആദിത്യനാഥ്. ഉത്തർപ്രദേശിൽ മുൻപ് നാല് മുഖ്യമന്ത്രിമാർ രണ്ടാം വട്ടം അധികാരത്തിലേറിയിട്ടുണ്ട്. എന്നാൽ അവരാരും അഞ്ച് വർഷം അധികാരത്തിൽ തുടർന്ന ശേഷമല്ല വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത് എന്നതാണ് യോഗി ആദിത്യനാഥിന്റെ നേട്ടത്തെ ശ്രദ്ധേയമാക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com