കല്യാണത്തിന് പോകാന്‍ മുത്തശ്ശി ആഭരണങ്ങള്‍ നോക്കിയപ്പോള്‍ കാണാനില്ല, 20 ലക്ഷം രൂപയുടെ സ്വര്‍ണം തട്ടിയെടുത്തു; കാമുകന്‍ അറസ്റ്റില്‍, കഥ ഇങ്ങനെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th March 2022 11:19 AM  |  

Last Updated: 29th March 2022 11:19 AM  |   A+A-   |  

FRAUD CASE

പ്രതീകാത്മക ചിത്രം

 

മുംബൈ: 19കാരിയെ സ്‌നേഹം നടിച്ച് ചതിച്ച് 20ലക്ഷം രൂപ മൂല്യം വരുന്ന സ്വര്‍ണവും പണവും വീട്ടില്‍ നിന്ന് കവര്‍ന്ന കേസില്‍ 22കാരന്‍ അറസ്റ്റില്‍. 19കാരിയുടെ വിശ്വാസം ആര്‍ജിച്ചാണ് 22കാരന്‍ തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറയുന്നു.

മുംബൈ അഗ്രിപാഡ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. ആറു മാസം മുന്‍പാണ് പെണ്‍കുട്ടിയുടെ അറിവോടെ വീട്ടില്‍ നിന്ന് പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്നത്. അടുത്തിടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ പെണ്‍കുട്ടിയുടെ മുത്തശ്ശി തെരഞ്ഞപ്പോഴാണ് സത്യാവസ്ഥ പുറത്തുവന്നത്.

പെണ്‍കുട്ടിയുടെ കാമുകനായ സായേഷ് ജാദവാണ് അറസ്റ്റിലായത്. മൂന്നാം വര്‍ഷം ബിരുദ വിദ്യാര്‍ഥിയാണ് സായേഷ്. മോഷ്ടിച്ച സാധനങ്ങള്‍ വില്‍ക്കാന്‍ സഹായിച്ച സമീര്‍ ഷായും പിടിയിലായിട്ടുണ്ട്. 

ഇന്‍സ്റ്റാഗ്രാമിലൂടെയാണ് 19കാരിയും സായേഷും പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇരുവരും തമ്മിലുള്ള ബന്ധം പ്രണയത്തില്‍ കലാശിക്കുകയായിരുന്നു. അതിനിടെ സാമ്പത്തിക ബുദ്ധിമുട്ട് എന്ന കാരണം പറഞ്ഞ് പെണ്‍കുട്ടിയോട് ജാദവ് പണം ആവശ്യപ്പെട്ടു. 

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ സംസാരിക്കുന്നതിനും കേള്‍ക്കുന്നതിനും വൈകല്യമുള്ളവരാണ്. അതിനാല്‍ മാതാപിതാക്കളുടെ ബാങ്ക് ഇടപാടുകള്‍ മകളാണ് നോക്കിയിരുന്നത്. ഇത് അവസരമാക്കിയാണ് തട്ടിപ്പ് നടന്നത്. ആദ്യം ആവര്‍ത്തിച്ചുള്ള ഇടപാടുകളിലൂടെ 74000 രൂപ ജാദവിന്റെ അക്കൗണ്ടിലേക്ക് കൈമാറി. 

താന്‍ തെറ്റായ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരിക്കുന്നുവെന്നും ഇതില്‍ നിന്ന് രക്ഷപ്പെടുന്നതിന് കൂടുതല്‍ പണം നല്‍കി സഹായിക്കണമെന്നും ജാദവ് വീണ്ടും ആവശ്യപ്പെട്ടു. തിരികെ നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് ഓരോ തവണയും 22കാരന്‍ തട്ടിപ്പ് നടത്തിയത്. പണത്തിനായി 19കാരിയുടെ വീട്ടിലെ സ്വര്‍ണാഭരണങ്ങള്‍ വരെ യുവാവ് തട്ടിയെടുത്തതായി പൊലീസ് പറയുന്നു. 

ഈ പണം ഉപയോഗിച്ച് യുവാവ് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ മുറിയെടുത്തതായും മറ്റൊരു കാമുകിക്കൊപ്പം ചെലവഴിച്ചതായും പൊലീസ് പറയുന്നു. വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ കാണാതായതോടെ, വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സത്യം പുറത്തുവന്നത്. ചോദ്യം ചെയ്യലില്‍ 19കാരി സ്വര്‍ണാഭരണങ്ങളും പണവും യുവാവിന് കൈമാറിയ കാര്യം സമ്മതിച്ചു. തന്നെ ഓരോ കാര്യം പറഞ്ഞ് വിശ്വസിപ്പിച്ച് ജാദവ് തന്നെ തട്ടിപ്പിന് ഇരയാക്കുകയായിരുന്നുവെന്നും 19കാരിയുടെ മൊഴിയില്‍ പറയുന്നു.