'മോദിയെ തൊട്ടുപോകരുത്; അന്ന് ബാല്‍ താക്കറെ പറഞ്ഞു', ശിവസേനയുടെ ഹിന്ദുത്വ നിലപാടില്‍ മാറ്റമില്ല: ഉദ്ധവ് 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സൗഹൃദത്തിലാണെന്നും എന്നാല്‍ ബിജെപിയുമായി സഖ്യത്തിനില്ലെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെ
ഉദ്ധവ് താക്കറെ/ഫയല്‍ ചിത്രം
ഉദ്ധവ് താക്കറെ/ഫയല്‍ ചിത്രം


മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സൗഹൃദത്തിലാണെന്നും എന്നാല്‍ ബിജെപിയുമായി സഖ്യത്തിനില്ലെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെ. ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയും മോദിയെ പിന്തുണച്ചിരുന്നു. അന്ന് മോദിയെ പ്രധാനമന്ത്രി പദത്തിലേക്ക് ഉയര്‍ത്തി കാട്ടിയിരുന്നില്ല. പക്ഷേ ശിവസേന ഹിന്ദുത്വ നിലപാടിനെ പിന്തുണച്ചു.  ആ നിലപാടില്‍ മാറ്റമില്ലെന്നും എന്നാല്‍ ബിജെപിയുമായി സഖ്യത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു. ശിവസേന ബിജെപിയുമായി വീണ്ടും അടുക്കുന്നുവെന്ന അഭ്യൂഹം നിലനില്‍ക്കെയാണ് ഉദ്ധവിന്റെ പ്രതികരണം. 

'ഗുജറാത്ത് കലാപത്തിന് പിന്നാലെ, മോദിയെ മാറ്റാനായി ക്യാമ്പയിന്‍ നടന്നു. ഒരു റാലിയില്‍ പങ്കെടുക്കാനായി അദ്വാനി ബോംബെയില്‍ എത്തി. മോദിയെ മാറ്റണോയെന്ന് ബാല്‍ താക്കറെയോട് ചോദിച്ചു. മോദിയെ തൊട്ടുപോകരുത് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മോദി പോയാല്‍ ഗുജാറത്തും പോകുമെന്ന് അദ്ദേഹം പറഞ്ഞു. അന്ന് പ്രധാനമന്ത്രി പദത്തിലേക്ക് മോദിയെ ചിന്തിച്ചിരുന്നില്ല'-ഉദ്ധവ് പറഞ്ഞു. 'മോദിയുമായി എനിക്കിപ്പോഴും ബന്ധമുണ്ട്. പക്ഷേ അതിനര്‍ത്ഥം വീണ്ടും സഖ്യമുണ്ടാക്കും എന്നല്ല.'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'എല്ലാത്തിനും ഒരു പരിധിയുണ്ട്. കേന്ദ്ര ഏജന്‍സികളെ ഒരു ഉപകരണമായി എപ്പോഴും സര്‍ക്കാര്‍ ഉപയോഗിക്കരുത്. പ്രധാനമന്ത്രി രാജ്യത്തിന്റെ എല്ലാവര്‍ക്കും വേണ്ടിയുള്ളത്. രാജ്യത്തിന്റെ ശത്രുക്കള്‍ക്ക് എതിരെയാണ് കേന്ദ്ര ഏജന്‍സികള്‍ പോരാടേണ്ടത്.'-ഉദ്ധവ് കൂട്ടിച്ചേര്‍ത്തു. 

പള്ളികളിലെ ഉച്ചഭാഷിണി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന നടത്തുന്ന പ്രക്ഷോഭത്തേയും ഉദ്ധവ് വിമര്‍ശിച്ചു. 'മറാത്തക്കാരല്ലാത്തവരെ അവര്‍ ആദ്യം ആക്രമിച്ചു. ഇപ്പോള്‍ ഹിന്ദുക്കള്‍ അല്ലാത്തവര്‍ക്ക് എതിരെ തിരിഞ്ഞിരിക്കുന്നു. സുപ്രീംകോടതി എല്ലാ ഉച്ചഭാഷിണികളുടെയും കാര്യത്തിലാണ് ഉത്തരവിറക്കിയത്. ഒരു മതത്തെ മാത്രം ലക്ഷ്യം വയ്ക്കരുത്'- അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com