'പൊട്ട റോഡ്'; ബിഎംഡബ്ല്യൂ കാറിന് പോകാനാവുന്നില്ല; വധുവിനെ കൂട്ടാതെ വരന്‍ പോയി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th May 2022 05:13 PM  |  

Last Updated: 15th May 2022 05:13 PM  |   A+A-   |  

gujrath_wedding

ഇരുവരുടെയും വിവാഹച്ചടങ്ങില്‍ നിന്നുള്ള ചിത്രം

 


അഹമ്മദാബാദ്: റോഡിലൂടെ ആഢംബരക്കാറിന് പോകാനാകുന്നില്ലെന്ന് പറഞ്ഞ് വിവാഹത്തിന് പിന്നാലെ വധുവിനെ മണ്ഡപത്തില്‍ ഉപേക്ഷിച്ചതായി പരാതി. ഗുജറാത്തിലെ നപാഡ് വാന്തോ ഗ്രാമത്തില്‍ മെയ് 12-ാം തീയതി നടന്ന വിവാഹചടങ്ങിലാണ് നാടകീയസംഭവങ്ങള്‍ അരങ്ങേറിയത്. എന്നാല്‍ വധുവിന്റെ വീട്ടുകാര്‍ നല്‍കിയ സ്ത്രീധനം മുഴുവനും വരനും കൂട്ടരും കൊണ്ടുപോവുകയും ചെയ്തു.

മെയ് 12-ന് വിവാഹദിവസം ബിഎംഡബ്ല്യു കാറിലാണ് വരന്‍ വിവാഹവേദിയിലെത്തിയത്. എന്നാല്‍ വേദിയിലെത്തിയത് മുതല്‍ ഇയാള്‍ വധുവിന്റെ ബന്ധുക്കളുമായി ദേഷ്യപ്പെടുകയും തര്‍ക്കത്തിലേര്‍പ്പെടുകയുമായിരുന്നു. ഒടുവില്‍ വരനെ അനുനയിപ്പിച്ചാണ് ബന്ധുക്കള്‍ ചടങ്ങ് പൂര്‍ത്തിയാക്കിയത്. എന്നാല്‍ വിവാഹചടങ്ങുകള്‍ കഴിഞ്ഞതിന് പിന്നാലെ ഗ്രാമത്തിലെ റോഡുകളെക്കുറിച്ചായി വരന്റെ പരാതി. തന്റെ കാറിന് ഈ റോഡുകളിലൂടെ വരാനാകില്ലെന്ന് പറഞ്ഞ് ഇയാള്‍ ബഹളംവെയ്ക്കുകയായിരുന്നു. തുടര്‍ന്ന് വധുവിനെ കൂട്ടാതെ വരനും കൂട്ടരും വിവാഹവേദിയില്‍നിന്ന് മടങ്ങുകയും ചെയ്തു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് പിതാവ് മരിച്ചതിനാല്‍ സഹോദരനാണ് വധുവിന്റെ വിവാഹത്തിനുള്ള ചിലവുകള്‍ വഹിച്ചിരിക്കുന്നത്. ഒടുവില്‍ വിവാഹചടങ്ങുകള്‍ ഇങ്ങനെ അവസാനിച്ചതോടെ വധുവിന്റെ കുടുംബം പ്രദേശത്തെ ഒരു എന്‍ജിഒയെ സമീപിക്കുകയായിരുന്നു. സംഭവത്തില്‍ വരന്റെ കുടുംബത്തെ അനുനയിപ്പിച്ച് കാര്യങ്ങള്‍ പറഞ്ഞുമനസിലാക്കാന്‍ ശ്രമിക്കുകയാണെന്നും ഇത് ഫലംകണ്ടില്ലെങ്കില്‍ പൊലീസില്‍ പരാതി നല്‍കുമെന്നും എന്‍ജിഒ ഭാരവാഹികള്‍ പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കാം  

മണിക് സാഹ ത്രിപുര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ