ഹോം ഗ്രൗണ്ടില്‍ ഫാന്‍ ബേസ് കുറയാതെ മോദി; ബില്‍ക്കിസ് ബാനു മുതല്‍ തൂക്കുപാലം ദുരന്തം വരെ: ഗുജറാത്ത് ചര്‍ച്ച ചെയ്യുന്ന 10 'ചൂടന്‍ വിഷയങ്ങള്‍'

നരേന്ദ്ര മോദി തന്നെയാണ് ഇത്തവണയും ബിജെപിയുടെ ഗുജറാത്തിലെ 'സൂപ്പര്‍ ഹീറോ'
മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നവരാത്രി ആഘോഷങ്ങള്‍ക്കിടെ മോദിയെ തലപ്പാവ് അണിയിക്കുന്നവര്‍/ ഫയല്‍
മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നവരാത്രി ആഘോഷങ്ങള്‍ക്കിടെ മോദിയെ തലപ്പാവ് അണിയിക്കുന്നവര്‍/ ഫയല്‍

ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ, മാസങ്ങള്‍ക്ക് മുന്‍പ് തുടങ്ങിയ പ്രചാരണ പരിപാടികള്‍ ഉച്ചത്തിലാക്കിയിരിക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. 'ഗുജറാത്തിന്റെ മകന്‍' മോദിയുടെ പ്രഭാവത്തില്‍ വീണ്ടും അധികാരത്തിലെത്താന്‍ ബിജെപിയും തൊഴിലില്ലായ്മ അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയാക്കി അട്ടിമറി നടത്താന്‍ കോണ്‍ഗ്രസും. പഞ്ചാബിന് ശേഷം, ഗുജറാത്ത് ലക്ഷ്യമിട്ട് എഎപിയും രംഗത്തുണ്ട്. നിയമസഭ തെരഞ്ഞെടുപ്പില്‍ ഗുജറാത്ത് ചര്‍ച്ച ചെയ്യുന്ന പ്രധാന പത്ത്  രാഷ്ട്രീയ വിഷയങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം. 

നരേന്ദ്ര മോദി

നരേന്ദ്ര മോദി തന്നെയാണ് ഇത്തവണയും ബിജെപിയുടെ ഗുജറാത്തിലെ 'സൂപ്പര്‍ ഹീറോ'. 2001 മുതല്‍ 2014 വരെ ഗുജറാത്ത് മുഖ്യമന്ത്രി കസേരയിലിരുന്ന മോദി, സ്ഥാനമൊഴിഞ്ഞ് എട്ടുവര്‍ഷം കഴിഞ്ഞിട്ടും ഹോം ഗ്രൗണ്ടില്‍ ഫാന്‍ ബേസിന് ഇടിവ് സംഭവിച്ചിട്ടില്ല. വരുന്ന തെരഞ്ഞെടുപ്പിലും മോദി തന്നെ നിര്‍ണായക ഘടകമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. വികസന പദ്ധതികളുടെ പ്രഖ്യാപനങ്ങളുമായി ഇതിനോടകം പ്രധാനമന്ത്രി ഗുജറാത്തില്‍ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. മോര്‍ബി തൂക്കുപാലം ദുരന്തത്തില്‍പ്പെട്ടവരെ കാണാന്‍ ഓടിയെത്തിയതും രക്ഷാപ്രവര്‍ത്തനങ്ങള്‍ നേരിട്ട് ഏകോപിപ്പിച്ചതും 'സെന്റിമെന്റ്‌സ്' വര്‍ധിപ്പിക്കാനിടയാകും. 

വീണ്ടും ബില്‍ക്കിസ് ബാനു

ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയത് ഗുജറാത്തിലും രാജ്യത്തും വലിയ ചര്‍ച്ചയായി. സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പരീക്ഷണ ശാലയായ ഗുജറാത്തില്‍, ബില്‍ക്കിസ് ബാനു കേസ് പ്രതികള്‍ക്ക് മോചനം നല്‍കിയത് ഭൂരിപക്ഷ-ന്യൂനപക്ഷ സമൂഹങ്ങള്‍ രണ്ടുതരത്തിലാണ് സ്വീകരിച്ചിരിക്കുന്നത്. മുസ്ലിം വിഭാഗം ബില്‍ക്കിസ് ബാനുവിന് നീതിവേണമെന്ന് ആവശ്യമുന്നയിക്കുമ്പോള്‍, ഹിന്ദുക്കളില്‍ ഒരുവിഭാഗം വിഷയം അവഗണിക്കാന്‍ ആഗ്രിക്കുന്നവരാണ്. എന്നാല്‍ ജയില്‍ മോചിതരായ പ്രതികളെ സ്വീകരിക്കാന്‍ വിശ്വഹിന്ദു പരിഷത്ത് രംഗത്തെത്തി. തീവ്ര ഹിന്ദുഗ്രൂപ്പുകള്‍ മോചനം വലിയ വിജയമായി പ്രചരാണം നടത്തുകയും ചെയ്യുന്നു. 

ഭരണവിരുദ്ധത

1998 മുതല്‍ 24 വര്‍ഷം തുടര്‍ച്ചായി ഭരിക്കുന്ന ബിജെപിക്കെതിരെ, ഭരണവിരുദ്ധ വികാരം അതിശക്തമായി നിലനില്‍ക്കുന്നുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. പണപ്പെരുപ്പവും തൊഴിലില്ലായ്മയും അടിസ്ഥാന പ്രശ്‌നങ്ങളും നീണ്ടകാലത്തെ ബിജെപി ഭരണത്തില്‍ പരിഹാരമായിട്ടില്ലെന്ന് വലിയ വിഭാഗം ജനങ്ങളില്‍ തോന്നലുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകനായ ഹരി ദേശായി ചൂണ്ടിക്കാട്ടുന്നു. 

മോര്‍ബി ദുരന്തം

നിലവിലെ ഏറ്റവും ചൂടേറിയ ചര്‍ച്ചാ വിഷയം ഒക്ടോബര്‍ 30ലെ മോര്‍ബി തൂക്കുപാലം ദുരന്തമാണ്. 135പേരുടെ ജീവനെടുത്ത തൂക്കുപാലം ദുരന്തത്തിന് കാരണം ഭരണകൂടവും സമ്പന്നരായ ബിസിനസുകാരും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ അനന്തരഫലമാണെന്ന് എഎപിയും കോണ്‍ഗ്രസും ആരോപിക്കുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മോദി നേരിട്ട് ഇടപെട്ടതും പരിക്കു പറ്റിയവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചതും തിരുച്ചുള്ള പ്രചാരണായുധമാക്കിയിരിക്കുകയാണ് ബിജെപി. എന്നാല്‍ മോദി സന്ദര്‍ശിക്കുന്നതിന് മുന്‍പ് മോര്‍ബി സര്‍ക്കാര്‍ ആശുപത്രി വൃത്തിയാക്കുന്നതിന്റെ വീഡിയോ പുറത്തുവന്നത് ബിജെപിയെ വീണ്ടും പ്രതിരോധത്തിലാക്കി. 

തൊഴിലില്ലായ്മ

തുടര്‍ച്ചയായുണ്ടാകുന്ന പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയും റിക്രൂട്ട്‌മെന്റുകള്‍ നീട്ടിവയ്ക്കുന്നതും യുവജനങ്ങള്‍ക്കിടിയല്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സര്‍ക്കാര്‍ ജോലിക്കായുള്ള അനന്തമായ കാത്തിരിപ്പിന് എതിരെ യുവാക്കള്‍ വലിയ പ്രക്ഷോഭങ്ങള്‍ ഗുജറാത്തില്‍ സംഘടിപ്പിച്ചിരുന്നു. 

വികസനമെത്താത്ത ഗ്രാമങ്ങള്‍

ഗുജറാത്ത് മോഡല്‍ കൊട്ടിഘോഷിക്കുന്നുണ്ടെങ്കിലും, ഗ്രാമാന്തരങ്ങളില്‍ വികസനം തൊട്ടുതീണ്ടിയിട്ടില്ലെന്ന ആരോപണവും ശക്തമാണ്. വിദൂര ഗ്രാമങ്ങളില്‍ വിദ്യാഭ്യാസ-ആരോഗ്യ സംവിധാനങ്ങള്‍ മോശം നിലയിലാണ്. സ്‌കൂളുകളില്‍ ക്ലാസ് മുറികള്‍ നിര്‍മ്മിച്ചാല്‍ അധ്യാപകരുണ്ടാകില്ല. അധ്യാപകരുണ്ടെങ്കില്‍ ക്ലാസ് മുറികളുണ്ടാകില്ല. മതിയായ പ്രാഥമികാരോഗ്യ കേന്ദങ്ങളും ഡോക്ടര്‍മാരും ഇല്ലാത്തതും പതിവുപോലെ ഇത്തവണയും ചര്‍ച്ചയാകും. 

മോദി സബര്‍മതിയില്‍
 

കര്‍ഷക രോഷം 

മഴക്കെടുതിയില്‍ വിളകള്‍ നശിച്ചതിനെ തുടര്‍ന്ന് നഷ്ടപരിഹാരം ലഭിക്കാത്തില്‍ പ്രതിഷേധിച്ച് സര്‍ക്കാരിന് എതിരെ കര്‍ഷക സംഘടനകള്‍ സമരത്തിലാണ്. ഗ്രാമങ്ങളില്‍ കര്‍ഷക സമരങ്ങള്‍ക്ക് വലിയ സ്വീകാര്യതയും ലഭിച്ചിട്ടുണ്ട്. 

തകര്‍ന്നുപോയ ഗുജറാത്ത് റോഡ്  മോഡല്‍

ബിജെപി ഉയര്‍ത്തിക്കാട്ടിയ ഗുജറാത്ത് മോഡല്‍ വികസനത്തിന്റെ പ്രധാന ആകര്‍ഷണം മികച്ച റോഡുകള്‍ ആയിരുന്നു. എന്നാല്‍ കഴിഞ്ഞ ആറുവര്‍ഷമായി റോഡുകലുടെ സ്ഥിതി അതീവ ദയനീയമാണെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാരിനോ മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകള്‍ക്കോ ഇക്കാലയളവില്‍ റോഡുകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിച്ചിട്ടില്ല. 

വര്‍ധിച്ച വൈദ്യുതിനിരക്ക് 

രാജ്യത്ത് ഏറ്റവുംകൂടുതല്‍ വൈദ്യുതി നിരക്കുള്ള സംസ്ഥാനമാണ് ഗുജറാത്ത്. മാസം 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുമെന്ന കോണ്‍ഗ്രസ്-എഎപി വാഗ്ദാനത്തെ അതുകൊണ്ടുതന്നെ ജനങ്ങള്‍ മുഖവിലയ്‌ക്കെടുക്കുന്നുണ്ട്. മഹാരാഷ്ട്രയിയും തെലങ്കാനയിലും യൂണിറ്റിന് നാലുരൂപ നിരക്കാണെങ്കില്‍ ഗുജറാത്തില്‍ യൂണിറ്റിന് 7.50രൂപ നല്‍കേണ്ടിവരുന്നതായും വൈദ്യുതി നിരക്ക് കുറയ്ക്കണമെന്നും സതേണ്‍ ഗുജറാത്ത് ചേംബേര്‍സ് ഓഫ് കൊമേഴ്‌സ് ആന്റ് ഇന്റസ്ട്രി ആവശ്യപ്പെട്ടിരുന്നു. 

ഭൂമി പിടിച്ചെടുക്കല്‍ 

സര്‍ക്കാര്‍ പദ്ധതികള്‍ക്കായി വലിയ തോതില്‍ ഭൂമി പിടിച്ചൈടുക്കുന്നത് കര്‍ഷകരെയും ഭൂവുടമകളെയും അസ്വസ്ഥരാക്കുന്നുണ്ട്. അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിന്‍, വഡോദര-മുംംബൈ എക്‌സ്പ്രസ് ഹൈവെ പദ്ധതികള്‍ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിന് എതിരെ കര്‍ഷകര്‍ രംഗത്തെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com