'സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ പെണ്‍കുട്ടികളുടെ ലേലം', രാജസ്ഥാനില്‍ വിവാദം; സംഭവം ബിജെപി ഭരിക്കുമ്പോഴെന്ന് ഗെഹലോട്ട്, 21 പേര്‍ അറസ്റ്റില്‍

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ രാജസ്ഥാന്‍ സര്‍ക്കാരിന് നോട്ടീസ് അയച്ചു
അശോക് ഗെലോട്ട് /ഫയല്‍ ചിത്രം
അശോക് ഗെലോട്ട് /ഫയല്‍ ചിത്രം

ജയ്പൂര്‍: സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ രാജസ്ഥാനില്‍ പെണ്‍കുട്ടികളെ ലേലം ചെയ്യുന്നു എന്ന വിവാദം കത്തുന്നു. സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ രാജസ്ഥാന്‍ സര്‍ക്കാരിന് നോട്ടീസ് അയച്ചു. സംഭവം ഞെട്ടിക്കുന്നതാണെന്നും, സംസ്ഥാന ചീഫ് സെക്രട്ടറിയും ഡിജിപിയും നാലാഴ്ചയ്ക്കകം വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നുമാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. 

സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍, നാഷണല്‍ കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സ് എന്നിവയും സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കുറ്റക്കാരെ ഒരു കാരണവശാലും രക്ഷപ്പെടാന്‍ അനുവദിക്കരുതെന്നും, ഈ സംഘത്തില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും കനത്ത ശിക്ഷ തന്നെ ഉറപ്പാക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇരകളുടെ വീടുകളില്‍ നവംബര്‍ ഏഴിന് സന്ദര്‍ശനം നടത്തുമെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി കനൂംഗോ അറിയിച്ചു. 

സംഭവം ബിജെപിയുടെ ഭരണകാലത്തെന്ന് മുഖ്യമന്ത്രി

അതേസമയം കുട്ടികളെ ലേലം ചെയ്ത സംഭവത്തില്‍ 21 പേരെ ഇതിനോടകം അറസ്റ്റ് ചെയ്തതായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹലോട്ട് പറഞ്ഞു. പ്രതികളായ മൂന്നുപേര്‍ മരിച്ചു. ഒരാള്‍ ഒളിവിലാണ്. കുട്ടികളില്‍ രണ്ടുപേരും മരണപ്പെട്ടു. ശേഷിക്കുന്ന കുട്ടികള്‍ അവരവരുടെ വീടുകളില്‍ തിരിച്ചെത്തിയിട്ടുണ്ടെന്നും ഗഹലോട്ട് പറഞ്ഞു. സംഭവം നടന്നത് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്തല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

സംഭവം നടക്കുന്നത് 2005 ലാണ്. അന്ന് ബിജെപിയാണ് രാജസ്ഥാന്‍ ഭരിക്കുന്നത്. 2019 ലാണ് കോണ്‍ഗ്രസ് അധികാരത്തിലേറുന്നത്. തങ്ങളാണ് ഈ വിവരം പുറത്തു കൊണ്ടുവന്നതെന്നും മുഖ്യമന്ത്രി അശോക് ഗെഹലോട്ട് പറഞ്ഞു. രാഷ്ട്രീയക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമെല്ലാം അടങ്ങിയ കോക്കസാണ് ഈ ലേലത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി കനൂംഗോ ആരോപിച്ചിരുന്നു. 

രാഷ്ട്രീയക്കാരുടേയും ഉദ്യോഗസ്ഥരുടേയും അറിവില്ലാതെ, ഇത്ര സംഘടിതമായി കുട്ടികളെ കടത്തുന്ന സംഘത്തിന് പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ഈ അധോലോക സംഘത്തെ വെളിയില്‍ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. കുറ്റക്കാര്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ കമ്മീഷന്‍ ശ്രമിക്കുമെന്നും കനൂംഗോ പറഞ്ഞു. രണ്ടുപേര്‍ തമ്മിലുള്ള സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ പെണ്‍കുട്ടികളെ ലേലം ചെയ്യാന്‍ തയ്യാറാവണമെന്ന് ജാതിപഞ്ചായത്ത് തീരുമാനമെടുത്തുവെന്ന മാധ്യമ വാര്‍ത്തകളാണ് വിവാദത്തിലേക്ക് വഴി തുറന്നത്. 

'പണമിടപാട് തീര്‍ക്കാന്‍ പെണ്‍കുട്ടികളെ ലേലം ചെയ്യാന്‍ കരാര്‍'

പണമിടപാട് തീര്‍ക്കാന്‍ പെണ്‍കുട്ടികളെ ലേലം ചെയ്യാന്‍ കരാറുണ്ടാക്കണമെന്നും കരാര്‍ ലംഘിച്ചാല്‍ അവരുടെ അമ്മമാരെ ബലാത്സംഗം ചെയ്യണമെന്നും ജാതിപഞ്ചായത്ത് നിര്‍ദേശിച്ചുവെന്നായിരുന്നു വാര്‍ത്തകള്‍. പണം തിരികെ നൽകിയില്ലെങ്കില്‍ എട്ട് മുതല്‍ 18 വയസുവരെയുള്ള പെണ്‍കുട്ടികളെ ലേലത്തിന് നല്‍കണമെന്നായിരുന്നു നിര്‍ദേശം.

ഇങ്ങനെയുള്ള പെണ്‍കുട്ടികളെ യു.പി, മധ്യപ്രദേശ്, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്കും വിദേശത്തേക്കും വരെ കയറ്റി അയക്കുന്നുവെന്നായിരുന്നു പുറത്ത് വന്ന വിവരം. ഇത്തരത്തിലുള്ള പെണ്‍കുട്ടികളെ ലൈംഗിക തൊഴിലിലേക്കും അടിമപ്പണിക്കും ഉപയോഗിക്കുന്നവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. രാജസ്ഥാനിലെ ഭില്‍വാരയില്‍ ഉള്‍പ്പെടെയുള്ള ആറ് ജില്ലകളില്‍ പണമിടപാട് തീര്‍ക്കാന്‍ ഇത്തരത്തില്‍ പെണ്‍കുട്ടികളെ ലേലം ചെയ്യുന്നുവെന്നായിരുന്നു വാര്‍ത്തകൾ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com