ബിജെപിയില്‍ ലയിക്കാന്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷി; പ്രമേയം പാസാക്കി; ഗോവയില്‍ കൂട്ട കൂറുമാറ്റം

കോണ്‍ഗ്രസിന്റെ എട്ട് എംഎല്‍എമാരാണ് നിയമസഭാ കക്ഷിയോഗത്തില്‍ പങ്കെടുത്തത്
കോണ്‍ഗ്രസ് എംഎല്‍എമാര്‍ മുഖ്യമന്ത്രിയെ കാണുന്നു/ എഎന്‍ഐ
കോണ്‍ഗ്രസ് എംഎല്‍എമാര്‍ മുഖ്യമന്ത്രിയെ കാണുന്നു/ എഎന്‍ഐ


പനാജി: ബിജെപിയില്‍ ലയിക്കാന്‍ ഗോവ കോണ്‍ഗ്രസ് നിയമസഭ കക്ഷിയോഗം പ്രമേയം പാസ്സാക്കി. നിയമസഭ പ്രതിപക്ഷ നേതാവ് മൈക്കല്‍ ലോബോയാണ് പ്രമേയം അവതരിപ്പിച്ചത്. 

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗംബര്‍ കാമത്ത് പ്രമേയത്തെ പിന്താങ്ങി. കോണ്‍ഗ്രസിന്റെ എട്ട് എംഎല്‍എമാരാണ് നിയമസഭാ കക്ഷിയോഗത്തില്‍ പങ്കെടുത്തത്. ഗോവയില്‍ കോണ്‍ഗ്രസിന് 11 എംഎല്‍എമാരാണുള്ളത്. 

പ്രമേയം പാസ്സായതിന് പിന്നാലെ കോണ്‍ഗ്രസിലെ എട്ട് എംഎല്‍എമാര്‍ സ്പീക്കര്‍ രമേഷ് തവാദ്കറുമായും മുഖ്യമന്ത്രി പ്രമോദ് സാവന്തുമായും കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഇന്നു തന്നെ ബിജെപിയില്‍ ചേരുമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 

ദിഗംബര്‍ കാമത്തിന് പുറമെ, മുന്‍ പ്രതിപക്ഷ നേതാവ് മൈക്കല്‍ ലോബോ, ഡെലിലാ ലോബോ, രാജേഷ് ഫല്‍ദേശായി, കേദാര്‍ നായിക്, സങ്കല്‍പ് അമോങ്കര്‍, അലെക്‌സിയോ സെക്വേറ, റുഡോള്‍ഫ് ഫെര്‍ണാണ്ടസ് എന്നീ എംഎല്‍എമാരാണ് ബിജെപിയിലേക്ക് ചേക്കേറുന്നത്. 

11 എംഎല്‍എമാരില്‍ എട്ടുപേരും കൂറുമാറുന്നതോടെ, കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള അയോഗ്യതയും മറികടക്കാനാകും. എന്നാല്‍ തങ്ങള്‍ക്കൊപ്പം ഏഴ് എംഎല്‍എമാരുണ്ടെന്നാണ് ഗോവ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അമിത് പട്കര്‍ പറഞ്ഞു. മൈക്കല്‍ ലോബോയെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും മാറ്റിക്കൊണ്ടുള്ള കത്തും സ്പീക്കര്‍ക്ക് കൈമാറിയതായി അദ്ദേഹം പറഞ്ഞു. 

രണ്ടു മാസം മുമ്പും കോണ്‍ഗ്രസില്‍ നിന്നും എംഎല്‍എമാരെ അടര്‍ത്തിയെടുക്കാന്‍ ബിജെപി ശ്രമം നടത്തിയിരുന്നു. ദിഗംബര്‍ കാമത്തും മൈക്കല്‍ ലോബോയും അടക്കം ആറ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് ദേശീയനേതൃത്വത്തിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് ഈ നീക്കം നടക്കാതെ പോയത്. 

ഗോവയില്‍ നിലവില്‍ ബിജെപി സര്‍ക്കാരാണ് അധികാരത്തിലുള്ളത്. മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലുള്ള ബിജെപിക്ക് 20 എംഎല്‍എമാരുണ്ട്. 40 അംഗ നിയമസഭയാണ് ഗോവയിലുള്ളത്. പുതിയ രാഷ്ട്രീയ നീക്കങ്ങളെക്കുറിച്ച് പ്രതികരിക്കാൻ മുഖ്യമന്ത്രി പ്രമോദ് സാവന്ത് തയ്യാറായിട്ടില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com