ബിഹാറിലെ സസാറാമില്‍ സ്‌ഫോടനം, അഞ്ചുപേര്‍ക്ക് പരിക്ക്; കേന്ദ്രം റിപ്പോര്‍ട്ട് തേടി, ജാഗ്രതാ നിര്‍ദേശം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd April 2023 07:15 AM  |  

Last Updated: 02nd April 2023 07:24 AM  |   A+A-   |  

nalanda_police

എഎന്‍ഐ ചിത്രം

 

പട്‌ന: ബിഹാറിലെ സസാറാമില്‍ ബോംബ് സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫോറന്‍സിക് സംഘം സ്ഥലത്ത് പരിശോധന നടത്തി. സസാറാമില്‍ ശനിയാഴ്ച വൈകീട്ട് വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ബിഹാര്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. 

സംഘര്‍ഷങ്ങളുടേയും സ്‌ഫോടനത്തിന്റെയും പശ്ചാത്തലത്തില്‍ സസാറാമില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. പൊലീസ്, സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ്, അര്‍ധ സൈനിക വിഭാഗം തുടങ്ങിയവ നഗരത്തില്‍ ഫ്‌ലാഗ് മാര്‍ച്ച് നടത്തി. ഒരു കുടിലിലാണ് സ്ഫോടനം നടന്നതെന്നും പ്രദേശത്തുനിന്ന് ഒരു സ്‌കൂട്ടി കണ്ടെടുത്തതായും പൊലീസ് വ്യക്തമാക്കി. 

സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന സസാറാം സന്ദര്‍ശനം മാറ്റിവെച്ചു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ബിഹാറില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. രാമനവമി ആഘോഷങ്ങളുടെ പിന്നാലെയാണ് ബിഹാറിലെ വിവിധയിടങ്ങളില്‍ സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. 

നളന്ദയില്‍ ബജ്റംഗദള്‍ സംഘടിപ്പിച്ച രാമനവമി ഘോഷയാത്രയ്ക്കു നേരെയുണ്ടായ കല്ലേറിനെ തുടര്‍ന്നാണ് അക്രമം വ്യാപിച്ചത്. ബിഹാറിലെ നാലു ജില്ലകളിലാണ് അക്രമം നടന്നത്. 45 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സസാറാമിനു പുറമേ നളന്ദയിലും നിരോധനാഞ്ജ പ്രഖ്യാപിച്ച് ഇന്റര്‍നെറ്റ് വിലക്ക് ഏര്‍പ്പെടുത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സിദ്ദു ജയിൽ മോചിതനായി; വാ​ദ്യ മേളങ്ങളോടെ സ്വീകരിച്ച് അണികൾ (വീഡിയോ)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ