'അത്യാഗ്രഹി'; പവാറിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് വക്താവ്, അദാനി വിഷയത്തില്‍ പ്രതിപക്ഷം രണ്ടുതട്ടില്‍

അദാനിയേയും അംബാനിയേയും വിമര്‍ശിക്കുന്നതിന് എതിരെ രംഗത്തുവന്ന എന്‍സിപി അധ്യക്ഷന്‍ ശദര് പവാറിന് എതിരെ കോണ്‍ഗ്രസ്
അല്‍ക്ക പങ്കുവച്ച ചിത്രം, ശരദ് പവാര്‍
അല്‍ക്ക പങ്കുവച്ച ചിത്രം, ശരദ് പവാര്‍


മുംബൈ: അദാനിയേയും അംബാനിയേയും വിമര്‍ശിക്കുന്നതിന് എതിരെ രംഗത്തുവന്ന എന്‍സിപി അധ്യക്ഷന്‍ ശദര് പവാറിന് എതിരെ കോണ്‍ഗ്രസ്. ശരദ് പവാര്‍ അത്യാഗ്രാഹിയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് വക്താവ് അല്‍ക്കാ ലംബ രംഗത്തെത്തി. അദാനിക്കൊപ്പം ഇരിക്കുന്ന ശരദ് പവാറിന്റെ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു അല്‍ക്കയുടെ വിമര്‍ശനം. 

'ഭയപ്പെട്ട അത്യഗ്രഹികളായ ആളുകള്‍ ഇന്ന് അവരുടെ വ്യക്തി താത്പര്യങ്ങള്‍ കാരണം സ്വേച്ഛാധിപത്യ ശക്തിക്ക് സ്തുതി പാടുന്നു. രാഹുല്‍ ഗാന്ധി മാത്രമാണ് ജനങ്ങള്‍ക്ക് വേണ്ടി പോരാട്ടം നടത്തുന്നത്.'- അല്‍ക്ക ട്വിറ്ററില്‍ കുറിച്ചു. 

അദാനിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനു പിന്നാലെ പോവാതെ വിലക്കയറ്റവും കര്‍ഷകപ്രശ്നങ്ങളും പോലെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തുകയാണ് പ്രതിപക്ഷം ചെയ്യേണ്ടതെന്ന് ശരദ് പവാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ അംബാനിയുടെയും അദാനിയുടെയുമൊക്കെ പേര് ഉപയോഗിക്കുകയാണ്. എന്നാല്‍ രാജ്യത്തിന് അവര്‍ നല്‍കിയ സംഭാവനകളും ഓര്‍ക്കണമെന്ന് പവാര്‍ പറഞ്ഞു. വിലക്കയറ്റം, കര്‍ഷക പ്രശ്നങ്ങള്‍ തുടങ്ങി പ്രതിപക്ഷം ഉയര്‍ത്തേണ്ട ഒരുപാടു വിഷയങ്ങള്‍ വേറെയുണ്ട്- പവാര്‍ ചൂണ്ടിക്കാട്ടി.

അദാനി വിഷയത്തില്‍ ജെപിസി അന്വേഷണം വേണ്ടെന്ന് പവാര്‍ പറഞ്ഞു. സുപ്രീം കോടതി മേല്‍നോട്ടത്തിലുള്ള സമിതി ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. അത് വിശ്വസനീയവും പക്ഷപാതരഹിതവുമാണ്. ജെപിസിക്ക് ഒരു ഘടനയുണ്ട്. അതില്‍ 21 അംഗങ്ങള്‍ ഉണ്ടെങ്കില്‍ 15 പേരും സര്‍ക്കാര്‍ ഭാഗത്തുനിന്നാവും. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ പക്ഷം പറയുന്നതായിരിക്കും ജെപിസി റിപ്പോര്‍ട്ട്. ജെപിസിയേക്കാള്‍ എന്തുകൊണ്ടും നല്ലത് സുപ്രീം കോടതി സമിതിയുടെ അന്വേഷണമാണ്.

പ്രതിപക്ഷ ഐക്യവും ജെപിസി അന്വേഷണവും തമ്മില്‍ ബന്ധിപ്പിക്കേണ്ടെന്ന് പവാര്‍ പറഞ്ഞു. ഒരു വിദേശ കമ്പനിയുടെ റിപ്പോര്‍ട്ടിന് എന്തുമാത്രം പ്രസക്തിയുണ്ടെന്ന് ഓരോരുത്തരും ചിന്തിക്കേണ്ട കാര്യമാണ്. ഹിന്‍ഡന്‍ബര്‍ഗിനെ തനിക്ക് അറിയില്ല. രാജ്യത്തിന്റെ ആഭ്യന്തര കാര്യത്തില്‍ ഒരു വിദേശ കമ്പനി പറയുന്നതില്‍ എന്തു പ്രസക്തിയുണ്ടെന്ന് ചിന്തിക്കണം. സുപ്രീം കോടതി സമിതിയുടെ അന്വേഷണം നടക്കട്ടെ- പവാര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com