മറ്റു കുട്ടികളെ കൊണ്ട് വിദ്യാര്‍ത്ഥിയുടെ മുഖത്തടിപ്പിച്ച സംഭവം; ഒടുവില്‍ അധ്യാപികയ്ക്ക് എതിരെ കേസെടുത്ത് യുപി പൊലീസ് 

ക്ലാസ് മുറിയില്‍ ഹിന്ദു വിദ്യാര്‍ത്ഥികളെ കൊണ്ട് മുസ്ലിം വിദ്യാര്‍ത്ഥിയുടെ മുഖത്തടിപ്പിച്ച അധ്യാപികയ്ക്ക് എതിരെ പൊലീസ് കേസെടുത്തു
തൃപ്ത ത്യാഗി/ വിഡിയോ സ്ക്രീൻഷോട്ട്
തൃപ്ത ത്യാഗി/ വിഡിയോ സ്ക്രീൻഷോട്ട്

മുസാഫര്‍നഗര്‍: ക്ലാസ് മുറിയില്‍ ഹിന്ദു വിദ്യാര്‍ത്ഥികളെ കൊണ്ട് മുസ്ലിം വിദ്യാര്‍ത്ഥിയുടെ മുഖത്തടിപ്പിച്ച അധ്യാപികയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടും കേസെടുക്കാതിരുന്നതിന് എതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് അധ്യാപിക തൃപ്ത ത്യാഗിക്ക് എതിരെ മുസാഫര്‍നഗര്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. 

അതേസമയം, വിഷയത്തില്‍ വിചിത്ര ന്യായീകരണവുമായി അധ്യാപിക രംഗത്തുവന്നിരുന്നു. ഇതൊരു നിസ്സാര സംഭവമാണെന്നും അംഗപരിമിത ആയതിനാല്‍ കുട്ടിയെ തല്ലാന്‍ മറ്റു വിദ്യാര്‍ത്ഥികളെ ഏല്‍പ്പിക്കുകയായിരുന്നു എന്നാണ് അധ്യാപികയുടെ ന്യായീകരണം. 

ഹോം വര്‍ക്ക് ചെയ്യാതെ വന്നതിനാലാണ് ശിക്ഷിച്ചത്. കുട്ടിയെ ശിക്ഷിക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ല, അതുകൊണ്ടാണ് സഹപാഠികളെ കൊണ്ട് തല്ലിച്ചതെന്നും അധ്യാപിക പറഞ്ഞു. സംഭവ സമയത്ത് വിദ്യാര്‍ത്ഥിയുടെ ബന്ധു സ്ഥലത്തുണ്ടായിരുന്നുവെന്നും അവന്‍ പകര്‍ത്തിയ വീഡിയോയാണ് പ്രചിരിച്ചതെന്നും അധ്യാപിക പറഞ്ഞു. പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത വീഡിയോയാണെന്നും അധ്യാപിക ആരോപിച്ചു. 

മുസാഫര്‍നഗറില്‍ നേഹ പബ്ലിക് സ്‌കൂളിലാണ് സംഭവം.ക്ലാസിന് മുന്നില്‍ നിര്‍ത്തിയിരുന്ന വിദ്യാര്‍ത്ഥിയെ തല്ലാന്‍ അധ്യാപിക തൃപ്ത ത്യാഗി നിര്‍ദേശിക്കുന്നത് അനുസരിച്ച് ഓരോ വിദ്യാര്‍ത്ഥികളായി വന്ന് കുട്ടിയെ മുഖത്തടിക്കുന്നത് വീഡിയോയില്‍ കാണാം. പതിയെ അടിക്കുന്ന കുട്ടകളോട്, ശക്തിയായി അടിക്കാന്‍ അധ്യാപിക പറയുന്നതും വീഡിയോയിലുണ്ട്. വിഡിയോ പകര്‍ത്തുന്ന ആള്‍ ഉച്ചത്തില്‍ ചിരിക്കുകയും അധ്യാപികയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com