വിലക്കിന് പുല്ലുവില; മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിദ്ധരാമയ്യയെ പരസ്യമായി പിന്തുണച്ച് കോണ്‍ഗ്രസ് എംഎല്‍എ; വേദിയില്‍ സംഘര്‍ഷം ( വീഡിയോ)

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ആരെയും പിന്തുണക്കരുതെന്ന്  കോണ്‍ഗ്രസ് നേതൃത്വം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു
ബൈരതി സുരേഷ് സിദ്ധരാമയ്യക്കൊപ്പം/ ഫെയ്‌സ്ബുക്ക്
ബൈരതി സുരേഷ് സിദ്ധരാമയ്യക്കൊപ്പം/ ഫെയ്‌സ്ബുക്ക്

ബംഗലൂരു: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള പോര് രൂക്ഷമാണ്. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഡി കെ ശിവകുമാറും തമ്മിലാണ് പ്രധാന മത്സരം. മുഖ്യമന്ത്രി പദം ആഗ്രഹിക്കുന്നുണ്ടെന്ന് ശിവകുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 

അതിനിടെ, മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിദ്ധരാമയ്യയെ പിന്തുണച്ച് കോണ്‍ഗ്രസ് എംഎല്‍എ രംഗത്തെത്തി. ബൈരതി സുരേഷ് ആണ് പൊതുപരിപാടിക്കിടെ സിദ്ധരാമയ്യയെ പിന്തുണച്ച് പരസ്യമായി രംഗത്തു വന്നത്. സുരേഷിന്റെ പ്രസംഗത്തിനിടെ ഒരു വിഭാഗം പ്രതിഷേധവുമായി എത്തിയത് വാക്കുതര്‍ക്കത്തിനും കാരണമായി. 

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ആരെയും പിന്തുണക്കരുതെന്ന് എംഎല്‍എമാര്‍ക്കും പ്രവര്‍ത്തകര്‍ക്കും കോണ്‍ഗ്രസ് നേതൃത്വം ഏര്‍പ്പെടുത്തിയ വിലക്ക് ലംഘിച്ചുകൊണ്ടായിരുന്നു ബൈരതി സുരേഷിന്റെ പ്രസ്താവന. യെല്‍ബുര്‍ഗയിലെ സങ്കൊല്ലി രായണ്ണ പ്രതിമയുടെ അനാച്ഛാദന വേളയിലാണ് സിദ്ധരാമയ്യയെ പുകഴ്ത്തി എംഎല്‍എ രംഗത്തു വന്നത്. 

കുറുംബ സമുദായത്തിന് സിദ്ധരാമയ്യ നല്‍കിയ സംഭാവനകള്‍ ആര്‍ക്കും വിസ്മരിക്കാന്‍ കഴിയില്ലെന്ന് സുരേഷ് പറഞ്ഞു. സിദ്ധരാമയ്യയെ പുകഴ്ത്തുന്നതില്‍ നിന്ന് എന്നെ തടയാന്‍ ആര്‍ക്കും കഴിയില്ല. കുറച്ചുപേര്‍ക്ക് ഇതിനെ എതിര്‍ക്കാന്‍ കഴിയും, പക്ഷേ ഞാന്‍ അദ്ദേഹത്തെ പ്രശംസിച്ചുകൊണ്ടേയിരിക്കും. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍, വഴിമാറിപ്പോകുക. സിദ്ധരാമയ്യ മുഖ്യമന്ത്രിയാകണം. പ്രതിഷേധങ്ങള്‍ക്കിടെ ബൈരതി സുരേഷ് പറഞ്ഞു. 

വാക്കുതര്‍ക്കം സംഘര്‍ഷത്തിലേക്ക് നീളുന്ന സാഹചര്യമെത്തിയതോടെ, പൊലീസ് ഇടപെട്ട് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു. കര്‍ണാടക കോണ്‍ഗ്രസില്‍ പത്തോളം നേതാക്കളാണ് മുഖ്യമന്ത്രി പദം മോഹിച്ച് രംഗത്തുള്ളത്. കോണ്‍ഗ്രസിന് ഭരണം ലഭിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തനിക്കും മോഹമുണ്ടെന്ന് മുതിര്‍ന്ന നേതാവ് ജി പരമേശ്വര വ്യക്തമാക്കിയിരുന്നു. ഏപ്രപില്‍-മെയ് മാസങ്ങളില്‍ കര്‍ണാടകയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടന്നേക്കുമെന്നാണ് സൂചന. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com