അതിര്‍ത്തി പ്രശ്‌നപരിഹാരം; ഉദ്യോഗസ്ഥതല ചര്‍ച്ച നടത്തി ഇന്ത്യയും ചൈനയും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd February 2023 09:26 PM  |  

Last Updated: 22nd February 2023 09:26 PM  |   A+A-   |  

india-china

ചിത്രം: പിടിഐ

 

ബീജിങ്: ഇന്ത്യ-ചൈന ഉദ്യോഗസ്ഥതല നയതന്ത്ര ചര്‍ച്ച ബീജിങ്ങില്‍ നടന്നു. യഥാര്‍ഥ നിയന്ത്രണ രേഖ(എല്‍എസി)യിലെ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട പ്രശ്നപരിഹാരത്തിന്റെ ഭാഗമായാണ് ചര്‍ച്ച നടന്നത്. അതിര്‍ത്തിയില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നതിലൂടെ മാത്രമേ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം സാധാരണനിലയിലേക്ക് എത്തുകയുള്ളൂവെന്ന് ഇന്ത്യ വ്യക്തമാക്കി.

ബുധനാഴ്ച നടന്ന ചര്‍ച്ചയില്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഈസ്റ്റ് ഏഷ്യാ ജോയിന്റ് സെക്രട്ടറിയാണ് ഇന്ത്യന്‍ സംഘത്തെ നയിച്ചത്. ചൈനീസ് സംഘത്തെ നയിച്ചത് ബൗണ്ടറി ആന്‍ഡ് ഓഷ്യാനിക് അഫയേഴ്സ് വകുപ്പിന്റെ ഡയറക്ടര്‍ ജനറലായിരുന്നു. 2019 ജൂലൈയ്ക്ക് ശേഷം ഇതാദ്യമായാണ് ഉദ്യോഗസ്ഥര്‍ നേരിട്ട് പങ്കെടുക്കുന്ന കൂടിക്കാഴ്ച നടക്കുന്നത്.

സൈനിക പിന്മാറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ നിര്‍ണായക തീരുമാനങ്ങള്‍ രൂപംകൊണ്ടിട്ടില്ലെന്നാണ് വിവരം. ഇന്ത്യ-ചൈന അതിര്‍ത്തി വിഷയവുമായി ബന്ധപ്പെട്ട വര്‍ക്കിങ് മെക്കാനിസം ഫോര്‍ കണ്‍സള്‍ട്ടേഷന്‍ ആന്‍ഡ് കോര്‍ഡിനേഷ(ഡബ്ല്യൂഎംസിസി)ന്റെ ഭാഗമായാണ് കൂടിക്കാഴ്ച നടന്നത്. ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്ക പരിഹാര വേദി എന്ന നിലയ്ക്ക് 2012ലാണ് ഡബ്ല്യൂഎംസിസി രൂപീകരിച്ചത്. 

പടിഞ്ഞാറന്‍ സെക്ടറിലെ യഥാര്‍ഥ നിയന്ത്രണരേഖയിലെ സാഹചര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ വിലയിരുത്തിയതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. കൂടാതെ, മറ്റു മേഖലകളിലെ കൂടി സൈനിക പിന്മാറ്റവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്ന് പ്രസ്താവനയില്‍ പറയുന്നു. ഇത്തരത്തിലുള്ള സൈനിക പിന്മാറ്റം പടിഞ്ഞാറന്‍ സെക്ടറിലെ നിയന്ത്രണ രേഖയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം സാധാരണ നിലയിലാക്കുന്നതിനുള്ള അന്തരീക്ഷം സജ്ജമാക്കുന്നതിനും സഹായകമാകുമെന്നും പ്രസ്താവന വ്യക്തമാക്കി.

കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ നടന്ന സൈനിക-നയതന്ത്രതല ചര്‍ച്ചകളുടെ ഭാഗമായി പാംഗോങ് തടാകം, ഗോഗ്ര തുടങ്ങിയ മേഖലകളില്‍നിന്ന് ഇന്ത്യയും ചൈനയും സൈന്യത്തെ പിന്‍വലിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ പലസ്തീനില്‍ ഇസ്രയേല്‍ ആക്രമണം; 10പേര്‍ കൊല്ലപ്പെട്ടു, 102പേര്‍ക്ക് പരിക്ക്, 'ക്ഷമ നശിച്ചെന്ന്' ഹമാസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ