രാജ്യം കത്തണമെന്നാണോ ലക്ഷ്യം? ചരിത്ര സ്ഥലങ്ങളുടെ പേരുമാറ്റണമെന്ന ഹര്‍ജിയില്‍ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി

'ഹിന്ദുമതം ഒരു ജീവിതരീതിയാണ്, അതുകൊണ്ടാണ് ഇന്ത്യ എല്ലാവരേയും സ്വാംശീകരിച്ചത്'
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ചരിത്രസ്ഥലങ്ങളുടെ പേരു മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍, ഹര്‍ജിക്കാരന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. നിങ്ങള്‍ എന്തിനാണ് ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യം വെക്കുന്നത്?. രാജ്യം കത്തണമെന്നാണോ ലക്ഷ്യമിടുന്നത്. ഇതുകൊണ്ട് എന്താണ് നിങ്ങള്‍ നേടാന്‍ ശ്രമിക്കുന്നതെന്നും കോടതി ചോദിച്ചു. 

ബിജെപി നേതാവും അഭിഭാഷകനുമായ അശ്വനി ഉപാധ്യായയാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. ഹര്‍ജിയുടെ ഉദ്ദേശശുദ്ധിയില്‍ സുപ്രീംകോടതി സംശയം പ്രകടിപ്പിച്ചു. കോടതി നാശം സൃഷ്ടിക്കാനുള്ള ഉപകരണമായി മാറരുത് 'എന്ന് ജസ്റ്റിസ് കെ എം ജോസഫ് അഭിപ്രായപ്പെട്ടു. ഉപാധ്യായയുടെ ഹര്‍ജി ജസ്റ്റിസ് കെ എം ജോസഫും ജസ്റ്റിസ് നാഗരത്‌നയും ഉള്‍പ്പെട്ട ബെഞ്ച് തള്ളി. 

'കടന്നുകയറ്റ'ക്കാരുടെ പേരുള്ള എല്ലാ നഗരങ്ങളുടെയും ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളുടെയും പേരുമാറ്റണമെന്നായിരുന്നു ആവശ്യം. ചരിത്രപരമായും മതപരമായും സാസ്‌കാരികമായും പ്രാധാന്യമുള്ള സ്ഥലങ്ങളുടെ യഥാര്‍ത്ഥ പേരുകള്‍ എന്തായിരുന്നുവെന്ന് കണ്ടെത്താന്‍ കമ്മീഷനെ നിയോഗിക്കണമെന്നും ഉപാധ്യായ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

വേദങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ള നഗരങ്ങള്‍, ഇന്ന് നിലവിലില്ലെന്ന് ഉപാധ്യായ കോടതിയില്‍ വ്യക്തമാക്കി. പല ചരിത്ര സ്ഥലങ്ങളില്‍ നിന്നും ഹിന്ദുക്കള്‍ തുടച്ചുനീക്കപ്പെട്ടു. അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍. ഇന്ത്യയില്‍ പോലും ഏഴ് സംസ്ഥാനങ്ങളില്‍ 200 ജില്ലകളില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമാണ്. എന്തുകൊണ്ടാണ് ചരിത്രം ഗസ്നി-ഘോരിയില്‍ നിന്ന് തുടങ്ങേണ്ടത്? പതിനഞ്ചാം നൂറ്റാണ്ടില്‍ നിന്ന് മാത്രമാണോ? എന്നും അശ്വിനി ഉപാധ്യായ ചോദിച്ചു. 

വിദേശ ആക്രമണകാരികള്‍ക്ക് ഇന്ത്യയില്‍ അവകാശമില്ല.. ഇന്ത്യക്കാര്‍ക്ക് മാത്രമാണ് അവകാശം. ഔറംഗസേബിനും തുഗ്ലക്കിനും ഘോരിക്കും ഇന്ത്യയുമായി എന്താണ് ബന്ധം?. ഉപാധ്യായ കോടതിയില്‍ അഭിപ്രായപ്പെട്ടു. മുമ്പ് നടന്ന കാര്യങ്ങളേക്കാള്‍, നാട്ടില്‍ ഇപ്പോൾ വേറെ  പ്രശ്‌നങ്ങളൊന്നുമില്ലേയെന്ന്  കോടതി ചോദിച്ചു. ഹിന്ദു മതത്തില്‍ മതാന്ധതയില്ലെന്നും ജസ്റ്റിസ് ജോസഫ് പറഞ്ഞു. 

ആധ്യാത്മികതയുടെ കാര്യത്തില്‍ ഹിന്ദുമതമാണ് ഏറ്റവും ഉന്നതമായിട്ടുള്ളത്. ഉപനിഷത്തുകളിലും വേദങ്ങളിലും ഭഗവദ് ഗീതയിലും ഹിന്ദുമതം പുലര്‍ത്തുന്ന ഔന്നത്യം ഒരു വ്യവസ്ഥിതിയിലും തുല്യമല്ല. അതില്‍ നാം അഭിമാനിക്കണം. ദയവു ചെയ്ത് അതിനെ ചെറുതാക്കരുത്. നമ്മുടെ മഹത്വം നാം തന്നെ മനസ്സിലാക്കണം. നമ്മുടെ മഹത്വം നമ്മെ മഹത്വമുള്ളവരായി നയിക്കണമെന്നും ജസ്റ്റിസ് കെ എം ജോസഫ് വ്യക്തമാക്കി.

മതത്തില്‍ എല്ലാവര്‍ക്കും മൗലികാവകാശമുണ്ട്. എന്താണ് മതം? അത് മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധമാണ്. നിങ്ങള്‍ കേരളത്തില്‍ വന്നാല്‍, പള്ളികള്‍ക്കായി ഭൂമി ദാനം ചെയ്തത് ഹിന്ദു രാജാക്കന്മാരാണെന്ന് കാണാം. അവര്‍ പണം നല്‍കി. അതാണ് ഇന്ത്യയുടെ ചരിത്രം. അത് മനസിലാക്കുക. ഉപാധ്യായയോട് ജസ്റ്റിസ് കെ എം ജോസഫ് പറഞ്ഞു. 

ഹിന്ദുമതം ഒരു ജീവിതരീതിയാണ്, അതുകൊണ്ടാണ് ഇന്ത്യ എല്ലാവരേയും സ്വാംശീകരിച്ചത്. അതുകൊണ്ടാണ് നമുക്ക് ഒരുമിച്ച് ജീവിക്കാന്‍ കഴിയുന്നത്. ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ച് ഭരിക്കുക നയം നമ്മുടെ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കി. അതു തിരിച്ചു വരാതിരിക്കട്ടെയെന്ന് ജസ്റ്റിസ് നാഗരത്‌ന ചൂണ്ടിക്കാട്ടി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com