കൊളീജിയം ശുപാര്‍ശകള്‍ മടക്കുന്നു; കേന്ദ്രം പേരുകള്‍ നല്‍കുന്നു; രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി

കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം വൈകുന്നത് ബാഹ്യ ഇടപെടല്‍ ആണെന്ന പ്രതീതി സൃഷ്ടിക്കുന്നുവെന്നും സുപ്രീംകോടതി നിരീക്ഷിച്ചു
സുപ്രീംകോടതി /ഫയല്‍ ചിത്രം
സുപ്രീംകോടതി /ഫയല്‍ ചിത്രം


ന്യൂഡല്‍ഹി: കൊളീജിയം ശുപാര്‍ശ നടപ്പാക്കാത്തതില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. സുപ്രീംകോടതി ശുപാര്‍ശകള്‍ തുടര്‍ച്ചയായി മടക്കുന്നത് ആശങ്കപ്പെടുത്തുന്നു. ജഡ്ജി നിയമനത്തിന് പരിഗണിക്കേണ്ട പേരുകള്‍ കേന്ദ്രം നല്‍കുന്നു. കൊളീജിയം ശുപാര്‍ശ ചെയ്യാത്ത പേരുകളും പട്ടികയിലുണ്ടെന്ന് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ പറഞ്ഞു.

കൊളീജിയം ശുപാര്‍ശകളില്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം വൈകുന്നത് ബാഹ്യ ഇടപെടല്‍ ആണെന്ന പ്രതീതി സൃഷ്ടിക്കുന്നുവെന്നും ജസ്റ്റിസ് എസ് കെ കൗളിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് നിരീക്ഷിച്ചു. അതേസമയം, ജഡ്ജി നിയമനത്തില്‍ 44 ശുപാര്‍ശകളില്‍ നാളെ തീരുമാനമെടുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മറ്റു ശുപാര്‍ശകളില്‍ കേന്ദ്രം മൂന്നാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. 

ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് കൊളീജിയം നല്‍കിയ 22 ശുപാര്‍ശകള്‍ കേന്ദ്ര നിയമമന്ത്രാലയം നവംബറില്‍ മടക്കിയിരുന്നു. ഇതില്‍ ഒമ്പത് എണ്ണം കൊളീജിയം രണ്ടാമതും നല്‍കിയ ശുപാര്‍ശകളാണ്. മടക്കിയ ശുപാര്‍ശകളില്‍ എന്ത് തുടര്‍നടപടി സ്വീകരിക്കണമെന്ന് കൊളീജിയം യോഗം ചേര്‍ന്ന് ഉടന്‍ തീരുമാനിക്കുമെന്നും ജസ്റ്റിസ് കൗള്‍ വ്യക്തമാക്കി. 

കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ ഗുവാഹാട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസായി സ്ഥലംമാറ്റുന്നതിനുള്ള കൊളീജിയം ശുപാര്‍ശകളില്‍ ഉള്‍പ്പടെ തീരുമാനം വൈകുകയാണെന്ന് ജസ്റ്റിസ് എസ് കെ കൗളിന്റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. കൊളിജീയം നല്‍കിയ 104 ശുപാര്‍ശകളാണ് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുള്ളത്. 

സുപ്രീംകോടതി നിര്‍ദേശിച്ച സമയപരിധിക്കുള്ളില്‍ തന്നെ കൊളീജിയം ശുപാര്‍ശകളില്‍ തീരുമാനം എടുക്കാന്‍ ശ്രമിക്കുമെന്ന് അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ട രമണി കോടതിയെ അറിയിച്ചു. കേരള ഹൈക്കോടതി ജഡ്ജിമാരായി അഭിഭാഷകരായ അരവിന്ദ് കുമാര്‍ ബാബു, കെ എ സഞ്ജിത എന്നിവരെ നിയമിക്കുന്നതിനുള്ള കൊളീജിയം ശുപാര്‍ശയും കേന്ദ്ര സര്‍ക്കാര്‍ മടക്കിയിരുന്നു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com