'ഇത് സിഖുകാർക്കെതിരെയുള്ള ആക്രമണം, അറസ്റ്റിനെ ഭയമില്ല'; വെല്ലുവിളിച്ച് അമൃത്പാൽ; വിഡിയോ പുറത്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th March 2023 07:57 PM  |  

Last Updated: 29th March 2023 07:57 PM  |   A+A-   |  

amrithpal_singh

അമൃത് പാലിന്റെ വിഡിയോ ദൃശ്യം, അമൃത്പാൽ/ പിടിഐ

 

ന്യൂഡൽഹി: കീഴടങ്ങൾ അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ ഖലിസ്ഥാൻ അനുകൂലിയും ‘വാരിസ് പഞ്ചാബ് ദേ’ നേതാവുമായ അമൃത്പാൽ സിങ്ങിന്റെ വിഡിയോ പുറത്ത്. മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനിനെയും പഞ്ചാബ് പൊലീസിനെയും വെല്ലുവിളിച്ചുകൊണ്ടുള്ളതാണ് വിഡിയോ. 

സർക്കാർ നടപടി സിഖ് സമുദായത്തിന് നേരെയുള്ള ആക്രമണമാണ്. സർക്കാരിനു തന്നെ അറസ്റ്റ് ചെയ്യണമെങ്കിൽ വീട്ടിൽ നിന്നാകാമായിരുന്നു. തന്നെ ഉപദ്രവിക്കാൻ ആർക്കുമാകില്ലെന്നും അറസ്റ്റിനെ ഭയക്കുന്നില്ലെന്നും അമൃത്പാൽ വിഡിയോയിൽ വ്യക്തമാക്കി. 

എന്നെ അറസ്റ്റ് ചെയ്യണമായിരുന്നെങ്കില്‍ അത് സര്‍ക്കാരിന് എന്നോട് പറയാമായിരുന്നു. അങ്ങനെയെങ്കില്‍ ഞാന്‍ കീഴടങ്ങുമായിരുന്നു. എന്നാല്‍ ലക്ഷക്കണക്കിനുവരുന്ന പൊലീസുകാരെ കൊണ്ടുവന്ന് എന്നെ കുടുക്കാനാണ് അവര്‍ നോക്കിയത്. അതിനുശേഷം എന്റെ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. എന്താണ് നടക്കുന്നത് എന്നുപോലും ഞാന്‍ അറിഞ്ഞില്ല. ഇപ്പോള്‍ എനിക്ക് വാര്‍ത്തകള്‍ കാണാനാവുന്നുണ്ട്. പഞ്ചാബ് സര്‍ക്കാര്‍ എല്ലാ നിയന്ത്രണങ്ങളും ലംഘിക്കുകയായണ്. സിഖ് യുവാക്കാളെ കേസില്‍ക്കുടുക്കി ജയിലില്‍ അടക്കുകയാണ് സ്ത്രീകളേയും കുട്ടികളേയും പോലും വെറുതെ വിടുന്നില്ല. എനിക്കൊപ്പം നിന്നവരോട് നന്ദി അറിയിക്കുന്നു. നമ്മള്‍ മനസിലാക്കേണ്ട കാര്യമുണ്ട്, ഇത് എന്റെ അറസ്റ്റ് മാത്രമല്ല. സിഖ് സമുദായത്തിന് നേരെയുള്ള ആക്രമണമാണ് ഇത്. അറസ്റ്റിലാവാന്‍ മുന്‍പും എനിക്ക് പേടിയില്ല. ഇപ്പോഴും പേടിയില്ല.- അമൃത്പാൽ വിഡിയോയിൽ പറയുന്നു.

അകൽ തഖ്ത് തലവൻ ഹർപ്രീത് സിങ്ങിനോട് സർബാത് ഖൽസ വിളിച്ചുകൂട്ടാൻ അമൃത്പാൽ ആവശ്യപ്പെട്ടു. വിളവെടുപ്പ് ഉത്സവമായ ബൈസാഖി ദിനത്തിൽ തൽവണ്ടി സബോയിൽ വച്ചാണ് യോഗം ചേരേണ്ടതെന്നും നിർദേശിച്ചു. ജനങ്ങൾക്കിടയിൽ സർക്കാർ ഉണ്ടാക്കിയ ഭീതി തകർക്കാനാണ് ഈ യോഗമെന്നും അമൃത്പാൽ പറഞ്ഞു.

യൂട്യൂബ് അക്കൗണ്ടിലൂടെയാണ് രണ്ടു മിനിറ്റും 20 സെക്കൻഡും ദൈർഘ്യമുള്ള അമൃത്പാലിന്റെ വിഡിയോ പ്രത്യക്ഷപ്പെട്ടത്. പൊലീസ് തെരച്ചിലിനെ തുടർന്ന് ഒളിവിൽ പോയതിനു ശേഷം ആദ്യമായാണ് അമൃത്പാലിന്റെ വിഡിയോ സന്ദേശം പുറത്തുവരുന്നത്. എന്നാൽ സർക്കാരിന്റെ പരാതിയെ തുടർന്ന് ഈ യൂട്യൂബ് അക്കൗണ്ട് നീക്കം ചെയ്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഭരണം നേടും: 127 സീറ്റുകള്‍ വരെ കിട്ടുമെന്ന് പ്രവചനം; എബിപി- സിവോട്ടര്‍ സര്‍വേ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ