മഹുവ മൊയ്ത്രയെ അയോ​ഗ്യയാക്കണമെന്ന് ബിജെപി; കടുത്ത നടപടിക്ക് ശുപാർശ നൽകിയേക്കും; എത്തിക്സ് കമ്മിറ്റി യോ​ഗം മാറ്റി

മഹുവയ്ക്കെതിരായ നടപടി തീരുമാനിക്കാനായി നാളെ ചേരാനിരുന്ന എത്തിക്സ് കമ്മിറ്റി യോ​ഗം മാറ്റിവെച്ചു
മഹുവ മൊയ്ത്ര/ പിടിഐ-ഫയല്‍
മഹുവ മൊയ്ത്ര/ പിടിഐ-ഫയല്‍

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാന്‍ കോഴ വാങ്ങിയെന്ന പരാതിയിൽ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയെ അയോ​ഗ്യയാക്കുക അടക്കമുള്ള കർശന നടപടി സ്വീകരിക്കണമെന്ന് എത്തിക്സ് കമ്മിറ്റി ശുപാർശ നൽകിയേക്കും. മഹുവയ്ക്കെതിരെ കടുത്ത നടപടി വേണമെന്ന് പാർലമെന്റിന്റെ എത്തിക്സ് കമ്മറ്റിയിലെ ബിജെപി അം​ഗങ്ങൾ കമ്മിറ്റി ചെയർമാന് ശുപാർശ നൽകിയതായാണ് റിപ്പോർട്ട്. 

അതിനിടെ മഹുവയ്ക്കെതിരായ നടപടി തീരുമാനിക്കാനായി നാളെ ചേരാനിരുന്ന എത്തിക്സ് കമ്മിറ്റി യോ​ഗം മാറ്റിവെച്ചു. ഈ മാസം ഒമ്പതിലേക്കാണ് യോ​ഗം മാറ്റിയത്. മഹുവയ്ക്കെതിരെയുള്ള നടപടി സംബന്ധിച്ച ശുപാർശ കമ്മിറ്റി ചെയർമാൻ വിനോദ് കുമാർ സോങ്കർ  ലോക്സഭ സ്പീക്കർക്ക് സമർപ്പിക്കും. 

കഴിഞ്ഞ ദിവസം നടന്ന എത്തിക്‌സ് കമ്മിറ്റി യോഗം മഹുവ മൊയ്ത്ര ഇടക്കുവെച്ച് ബഹിഷ്‌കരിച്ചിരുന്നു. കമ്മിറ്റിയില്‍ വ്യക്തിപരവും മര്യാദയില്ലാത്തതുമായ ചോദ്യങ്ങളാണ് ചോദിച്ചതെന്ന് മഹുവ ആരോപിച്ചിരുന്നു. എന്നാല്‍ മഹുവ ധാര്‍ഷ്ട്യത്തോടെയാണ് പെരുമാരിയതെന്ന് എത്തിക്‌സ് കമ്മിറ്റി കുറ്റപ്പെടുത്തി. 

പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അദാനിക്കുമെതിരെ ചോദ്യങ്ങള്‍ ചോദിച്ചതിന് വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍ നിന്ന് പണവും വിലകൂടിയ സമ്മാനങ്ങളും കൈപ്പറ്റിയെന്നാണ് മൊയ്ത്രയ്‌ക്കെതിരെ ആരോപണം. പാര്‍ലമെന്ററി പ്രത്യേകാവകാശ ലംഘനം, സഭയെ അപമാനിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നിവ ആരോപിച്ചാണ് ബിജെപി എംപി നിഷികാന്ത് ദുബെ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് പരാതി നല്‍കിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com