ജാതി സെൻസസിൽ നിന്ന് ശ്രദ്ധ തിരിക്കാൻ എംപിമാരെ ഉപയോഗിച്ച് വിവാദം സൃഷ്ടിക്കാൻ ബിജെപി ശ്രമം: രാഹുൽ ഗാന്ധി
By സമകാലിക മലയാളം ഡെസ്ക് | Published: 24th September 2023 02:31 PM |
Last Updated: 24th September 2023 02:47 PM | A+A A- |

രാഹുൽഗാന്ധി കോൺക്ലേവിൽ സംസാരിക്കുന്നു/ ഫെയ്സ്ബുക്ക് ചിത്രം
ന്യൂഡൽഹി: ബിജെപി തങ്ങളുടെ എംപിമാരെ ഉപയോഗിച്ച് വിവാദം സൃഷ്ടിച്ച് ജാതി സെൻസസ് എന്ന ആവശ്യത്തിൽനിന്ന് ജനങ്ങളുടെ ശ്രദ്ധതിരിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇതിനായി രമേഷ് ബിദൂഡി, നിഷികാന്ത് ദുബെ തുടങ്ങിയ എംപിമാരെ ഉപയോഗിച്ച് വിവാദമുണ്ടാക്കാനാണ് ശ്രമം. പ്രതിപക്ഷ പാർട്ടികൾ പല കോണുകളിൽ നിന്നും ആക്രമണങ്ങൾ നേരിടുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. .
ഡൽഹിയിൽ ഒരു കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കർണാടകയിലെ വിജയത്തിൽ നിന്ന് പ്രധാനപ്പെട്ട പല പാഠങ്ങൾ പഠിച്ചുവെന്നും അത് മറ്റുള്ള സംസ്ഥാനങ്ങളിൽ കൂടി നടപ്പിലാക്കുന്നുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയങ്ങള്‍ ഞങ്ങളുടെ ആശയ രൂപീകരണങ്ങളുടെ ശ്രദ്ധ തെറ്റിച്ചിരുന്നു.അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഇപ്പോൾ പഠിച്ചു.
കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് ഞങ്ങള്‍ക്ക് വ്യക്തമായ കാഴ്ചപ്പാട് നല്‍കി. ബിജെപി ഇനി എന്തൊക്കെ ശ്രമിച്ചാലും അതിനെ തകര്‍ക്കാനാകില്ല. പ്രധാന വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ച് തെരഞ്ഞെടുപ്പിൽ വിജയം നേടാനാണ് ബിജെപി ശ്രമിക്കുന്നത്. ഇന്ത്യയിലെ ഒരു വ്യവസായി ഏതെങ്കിലും പ്രതിപക്ഷ പാർട്ടിക്ക് ചെക്ക് എഴുതുകയാണെങ്കിൽ, അവർക്ക് എന്ത് സംഭവിക്കുമെന്ന് അവരോടു ചോദിക്കൂ. ഞങ്ങൾ സാമ്പത്തിക, മാധ്യമ ആക്രമണം നേരിടുകയാണ്. രാഹുൽഗാന്ധി പറഞ്ഞു.
പ്രതിപക്ഷം ഇന്ത്യയിലെ ജനസംഖ്യയുടെ 60 ശതമാനം ആണ്. പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് പ്രവർത്തിക്കുന്നു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഞെട്ടുമെന്നും രാഹുൽ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മധ്യപ്രദേശിലും ഛത്തിസ്ഗഡിലും കോൺഗ്രസ് ഉറപ്പായും വിജയിക്കും. തെലങ്കാനയിൽ കോൺഗ്രസ് ഒരുപക്ഷേ വിജയിച്ചേക്കും. അതേസമയം രാജസ്ഥാനിൽ വിജയിക്കുമെന്ന് കരുതുന്നുവെന്നും രാഹുൽഗാന്ധി അഭിപ്രായപ്പെട്ടു.
ഈ വാര്‍ത്ത കൂടി വായിക്കൂ
വന്ദേഭാരത് ട്രെയിനുകള്‍ ട്രാക്കില്‍; പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ