ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അംബേദ്കര്‍ പരാമര്‍ശവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റ് വളപ്പിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ പൊലിസ് കേസ് എടുത്തു. ബിജെപി എംപിയുടെ പരാതിയിലാണ് ഡല്‍ഹി പൊലീസ് കേസ് എടുത്തത്. ശാരീരികമായി അക്രമിച്ചെന്നും ആക്രമണത്തിന് പ്രേരിപ്പിച്ചെന്നുമാണ് കേസ്. നിയമോപദേശം തേടിയ ശേഷമാണ് നടപടിയെന്ന് ഡല്‍ഹി പൊലിസ് അറിയിച്ചു.
പാര്‍ലമെന്റ് വളപ്പിലുണ്ടായ സംഘര്‍ഷത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ എംപിമാരായ പ്രതാപ് സാരംഗി, മുകേഷ് രജ്പുത് എന്നിവരാണ് പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. സെക്ഷന്‍ 109, 115, 117, 121,125, 351 വകുപ്പുകള്‍ പ്രകാരമാണ് രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി പരാതി നല്‍കിയിരിക്കുന്നത്. ഇന്ന് പാര്‍ലമെന്റിലുണ്ടായ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം രാഹുലാണെന്നും പരാതിയില്‍ ബിജെപി ആരോപിക്കുന്നു. സംഘര്‍ഷത്തില്‍ പരിക്കേറ്റ ബിജെപി എംപിമാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
രാഹുല്‍ അകാരണമായി തട്ടിക്കയറിയെന്നാണ് നാഗാലന്‍ഡില്‍ നിന്നുള്ള വനിതാ എംപി ഫാംഗ് നോന്‍ കൊന്യാക് പറഞ്ഞത്. സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമായിരുന്നു രാഹുലിന്റേതെന്നും ഫാംഗ് നോന്‍ കൊന്യാക് പറഞ്ഞു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഗുണ്ടയെ പോലെ പെരുമാറിയെന്നും എംപിമാരെ കയ്യേറ്റം ചെയ്‌തെന്നും മന്ത്രി കിരണ്‍ റിജിജുവും ആരോപിച്ചു. രാഹുല്‍ ഗാന്ധിയെ അപമാനിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക