അഹമ്മദാബാദ്: കാറിനുള്ളില്‍ കുടുങ്ങിയ സഹോദരങ്ങളായ നാലു കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു. ഗുജറാത്തിലെ അമ്രേലി ജില്ലയിലെ രന്ധിയ ഗ്രാമത്തില്‍ കര്‍ഷകത്തൊഴിലാളികളുടെ നാലു കുട്ടികളാണ് മരിച്ചത്. ശനിയാഴ്ചയായിരുന്നു സംഭവം.
സുനിത (7), സാവിത്രി (4), കാര്‍ത്തിക് (2), വിഷ്ണു (5) എന്നീ കുട്ടികളാണ് മരിച്ചത്. കുട്ടികള്‍ കളിക്കാനായി ഭൂവുടമയുടെ കാറില്‍ കയറിയപ്പോള്‍ അബദ്ധത്തില്‍ പൂട്ടുവീഴുകയായിരുന്നു. മധ്യപ്രദേശിലെ ധര്‍ ജില്ലയില്‍ നിന്നുള്ള സോബിയ ഭായ് മച്ചാറും ഭാര്യയും ഏഴു മക്കളും ജോലിക്കായിട്ടാണ് രന്ധിയയില്‍ താമസിച്ചിരുന്നത്.
രാവിലെ ഭൂവുടമ ഭരത് മന്ദാനിക്കൊപ്പം ദമ്പതികള്‍ പണിക്കായി കൃഷിസ്ഥലത്തേക്ക് പോയി. ഈ സമയത്താണ് കാര്‍ തുറന്ന് കളിക്കാനായി കുട്ടികള്‍ അകത്തുകയറിയത്. കാര്‍ ലോക്കായതോടെ ഇവര്‍ ഉള്ളില്‍ കുടുങ്ങുകയായിരുന്നു. വൈകീട്ട് ദമ്പതികള്‍ ജോലി കഴിഞ്ഞ് മടങ്ങിവന്നപ്പോഴാണ് കുട്ടികളുടെ മൃതദേഹം കാറിനുള്ളില്‍ കണ്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക