കാലിഫോര്‍ണിയ: കുപ്രസിദ്ധ കുറ്റവാളി ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്‌ണോയ് യുഎസില്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ടുകള്‍. കാലിഫോര്‍ണിയയില്‍ നിന്നാണ് അന്‍മോല്‍ അറസ്റ്റിലായത്. ഇന്ത്യയില്‍ നിരവധി കൊലപാതക കേസുകളില്‍ പ്രതിയാണ് ഇയാള്‍.
ചോദ്യം ചെയ്യലിന് ശേഷം അന്‍മോലിനെ കാനഡയ്ക്ക് കൈമാറും എന്നാണ് മുംബൈ ക്രൈം ബ്രോഞ്ചുമായി ബന്ധപ്പെട്ടവര്‍ നല്‍കുന്ന വിവരം. ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകക്കേസുമായി ബന്ധപ്പെട്ടാണ് അന്‍മോലിനെ കാനസ കസ്റ്റഡിയില്‍ വാങ്ങുന്നത്.
ലോറന്‍സ് ബിഷ്‌ണോയ് അറസ്റ്റിലായതോടെ ബിഷ്‌ണോയ് ഗ്യാങ്ങിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് അന്‍മോല്‍ ആയിരുന്നു. കഴിഞ്ഞ വര്‍ഷമാണ് അന്‍മോല്‍ ഇന്ത്യയില്‍ നിന്ന് രക്ഷപ്പെടുന്നത്. 2022ല്‍ പഞ്ചാബി ഗായകന്‍ സിദ്ധു മൂസ്വാലയുടെ കൊലപാതകമുള്‍പ്പെടെ നിരവധി കേസുകളില്‍ അധികൃതര്‍ അന്വേഷിക്കുന്ന വ്യക്തിയാണ് അന്‍മോല്‍. കൂടാതെ, ബാബ സിദ്ദിഖി വധം, നടന്‍ സല്‍മാന്‍ ഖാന്റെ വസതിക്ക് പുറത്തുണ്ടായ വെടിവെപ്പിലും പ്രതിയാണ്. എന്‍ഐഎയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലും ഉള്‍പ്പെട്ടിട്ടുണ്ട്.
ഈ മാസം ആദ്യംതന്നെ ഇയാളെ യു.എസില്‍ നിന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമം മുംബൈ ക്രൈംബ്രാഞ്ച് ആരംഭിച്ചിരുന്നു. മഹാരാഷ്ട്രയിലെ പ്രത്യേക കോടതി ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്.അന്‍മോല്‍ ബിഷ്‌ണോയിക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇയാളെ പറ്റി സൂചന നല്‍കുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ പാരിതോഷികവും എന്‍ഐഎ പ്രഖ്യാപിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക