പട്‌ന: ബിഹാറിലെ നാല് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞടുപ്പില്‍ ഭരണകക്ഷിയായ എന്‍ഡിഎ സഖ്യം തൂത്തുവാരി. സിറ്റിങ് സീറ്റായ ഇമാംഗഞ്ച് നിലനിര്‍ത്തിയപ്പോള്‍ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായുള്ള പാര്‍ട്ടികളുടെ സിറ്റിങ് സീറ്റുകളായ തരാരി, രാംഗഡ്, ബെലഗഞ്ച് എന്നിവ പിടിച്ചെടുക്കുകയും ചെയ്തു. രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് മൂന്ന് സീറ്റുകളില്‍ കെട്ടിവച്ച കാശുപോലും ലഭിച്ചില്ല.
ബെലഗഞ്ച് സീറ്റ് നഷ്ടമായത് ആര്‍ജെഡിക്ക് വലിയ തിരിച്ചടിയായി. പാര്‍ട്ടി രൂപീകരണം മുതല്‍ ആര്‍ജെഡിക്കൊപ്പമായിരുന്നു ബെലഗഞ്ച്. ജെഡിയുവിനോടാണ് ആര്‍ജെഡി പരാജയപ്പെട്ടത്. സുരേന്ദ്ര പ്രസാദ് യാദവ് എംപിയായതിനെ തുടര്‍ന്നാണ് ഈ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. സുരേന്ദ്ര യാദവിന്‍റെ മകന്‍ വിശ്വനാഥ് കുമാര്‍ സിങിനെ 21,391 വോട്ടിനാണ് മനോരമ ദേവി പരാജയപ്പെടുത്തിയത്.
സിപിഐ(എംഎല്‍)ന്റെ സിറ്റിങ് സീറ്റായ തരാരി ബിജെപി പിടിച്ചെടുത്തു. വിശാല്‍ പ്രശാന്ത് 10612 വോട്ടുകള്‍ക്കാണ് രാജു യാദവിനെ പരാജയപ്പെടുത്തിയത്. ഇമാംഗഞ്ചില്‍ ജന്‍സൂരജ് മൂന്നാം സ്ഥാനത്തെത്തി. 37,103 വോട്ടുകള്‍ നേടി. ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച സ്ഥാനാര്‍ഥി ദീപ കുമാരിയാണ് വിജയിച്ചത്. മണ്ഡലത്തില്‍ ആര്‍ജെഡിയാണ് രണ്ടാമത്. കേന്ദ്രമന്ത്രി ജിതിന്‍ റാം മാഞ്ചിയുടെ മരുമകളാണ് ദീപാ കുമാരി. ജിതിന്‍ റാം മാഞ്ചി ലോക്‌സഭയിലേക്ക് ജയിച്ചതോടെയാണ് ഇമാംഗഞ്ചില്‍ ഉപതെരഞ്ഞെടപ്പ് നടന്നത്.
രാംഗഡില്‍ ആര്‍ജെഡി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബിജെപി സ്ഥാനാര്‍ഥി അശോക് കുമാര്‍ സിങ് ബിഎസ്പിയുടെ സതീഷ് കുമാര്‍ സിങ് യാദവിനോട് 1362 വോട്ടുകള്‍ക്കാണ് വിജയിച്ചത്. പ്രതിപക്ഷത്തിന്റെ നിഷേധാത്മക സമീപനത്തിനെതിരെയും നീതീഷ് കുമാറില്‍ ജനം വിശ്വാസം അര്‍പ്പിച്ചതിന്റെയും വിലയിരുത്തലാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് ജെഡിയു വക്താവ് രഞ്ജന്‍ പ്രസാദ് പറഞ്ഞു. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 200ലധികം സീറ്റുകള്‍ എന്‍ഡിഎ നേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക