പാകിസ്ഥാന്‍ യുദ്ധവിമാനങ്ങള്‍ വരെ ഉപയോഗിച്ചു, അണുവിട തെറ്റാതെ തടഞ്ഞെന്ന് സൈന്യം; ഏതു നീക്കത്തിനും അതേ നാണയത്തില്‍ തിരിച്ചടി

പാകിസ്ഥാന്റെ നടപടികളാണ് പ്രകോപനങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും കാരണമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി
Foreign Secretary Vikram Misri
പ്രതിരോധ, വിദേശകാര്യമന്ത്രാലയങ്ങള്‍ സംയുക്തമായി നടത്തിയ വാർത്താസമ്മേളനംഎഎൻഐ
Updated on
2 min read

ന്യൂഡല്‍ഹി: പാകിസ്ഥാന്റെ നടപടികളാണ് പ്രകോപനങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും കാരണമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. പാകിസ്ഥാന്‍ നടത്തിയ ഈ ആക്രമണങ്ങളെ ഇന്ത്യ ഉത്തരവാദിത്തത്തോടെയും അളവറ്റ രീതിയിലും പ്രതിരോധിക്കുകയും പ്രതികരിക്കുകയുമാണ് ചെയ്തത്. ഇന്ത്യ നടത്തിയത് നിയന്ത്രിതമായ സ്വയംപ്രതിരോധവും തിരിച്ചടിയുമാണ്. പാകിസ്ഥാന്റെ ഏതുനീക്കത്തെയും ആ വിധത്തില്‍ തന്നെ പ്രതിരോധിക്കുമെന്നും പ്രതിരോധ, വിദേശകാര്യമന്ത്രാലയങ്ങള്‍ സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിക്രം മിസ്രി പറഞ്ഞു.

'ഇന്ത്യയിലെ ജനങ്ങള്‍ വിവിധ വിഷയങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നതില്‍ പാകിസ്ഥാന്‍ സൈനിക വക്താവ് വളരെയധികം സന്തോഷിക്കുന്നതായുള്ള ചില പ്രതികരണങ്ങള്‍ ഞങ്ങള്‍ കണ്ടു. പൗരന്മാര്‍ സ്വന്തം സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് കാണുന്നത് പാകിസ്ഥാനികള്‍ക്ക് ഒരു അത്ഭുതമായിരിക്കാം. കാരണം അത് തുറന്നതും പ്രവര്‍ത്തനപരവുമായ ജനാധിപത്യത്തിന്റെ മുഖമുദ്രയാണ്. പാകിസ്ഥാന് അതിനോടുള്ള പരിചയമില്ലായ്മ അതിശയകരമല്ല.'- വിക്രം മിസ്രി പറഞ്ഞു.

ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയാണ് പാകിസ്ഥാന്‍ സൈന്യം ആക്രമണം നടത്തിയതെന്ന് കേണല്‍ സോഫിയ ഖുറേഷി പറഞ്ഞു. ഇതിനായി യുദ്ധവിമാനങ്ങള്‍ വരെ അവര്‍ ഉപയോഗിച്ചു. ഇന്ത്യ ഇവയെല്ലാം നിര്‍വീര്യമാക്കിയതായും അവര്‍ കൂട്ടിച്ചേര്‍ത്തു. 'പാകിസ്ഥാന്‍ സൈന്യം പടിഞ്ഞാറന്‍ അതിര്‍ത്തികളില്‍ തുടര്‍ച്ചയായി ആക്രമണം നടത്തിവരികയാണ്. ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ അവര്‍ ഡ്രോണുകള്‍, ദീര്‍ഘദൂര ആയുധങ്ങള്‍, യുദ്ധവിമാനങ്ങള്‍ തുടങ്ങിയ ഉപയോഗിച്ചു. ഇന്ത്യ നിരവധി ആക്രമണങ്ങളെ നിര്‍വീര്യമാക്കി. പക്ഷേ പാകിസ്ഥാന്‍ 26 ലധികം സ്ഥലങ്ങളില്‍ വ്യോമമാര്‍ഗം നുഴഞ്ഞുകയറാന്‍ ശ്രമിച്ചു. ഉധംപൂര്‍, ഭുജ്, പത്താന്‍കോട്ട്, ബട്ടിന്‍ഡ എന്നിവിടങ്ങളിലെ വ്യോമസേനാ താവളങ്ങളിലെ ഉപകരണങ്ങള്‍ക്ക് കേടുപാട് വരുത്തി. ഇതില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പുലര്‍ച്ചെ 1:40 ന് പഞ്ചാബിലെ വ്യോമതാവളം ലക്ഷ്യമാക്കി അവര്‍ അതിവേഗ മിസൈലുകള്‍ പ്രയോഗിച്ചു. അവര്‍ ആരോഗ്യ കേന്ദ്രങ്ങളും സ്‌കൂളുകളും പോലും ആക്രമിച്ചു'- സോഫിയ ഖുറേഷി പറഞ്ഞു.

'ശ്രീനഗര്‍, അവന്തിപൂര്‍, ഉധംപൂര്‍ എന്നിവിടങ്ങളിലെ വ്യോമത്താവളങ്ങളിലെ ആശുപത്രികളെയും സ്‌കൂള്‍ പരിസരങ്ങളെയും പാകിസ്ഥാന്‍ ലക്ഷ്യമാക്കി. ഇത് അപലപനീയവും അണ്‍പ്രൊഫഷണലുമായ പ്രവൃത്തിയാണ്. സാധാരണക്കാര്‍ക്ക് വേണ്ടിയുള്ള സൗകര്യങ്ങള്‍ ആക്രമിക്കാനുള്ള അവരുടെ നിരുത്തരവാദപരമായ പ്രവണത ഇത് വീണ്ടും വെളിപ്പെടുത്തി.'- സോഫിയ ഖുറേഷി കുറ്റപ്പെടുത്തി.

പാകിസ്ഥാന്‍ പ്രകോപനത്തിന് മറുപടിയെന്നോണം ഇന്ത്യന്‍ സായുധ സേന സൈനിക ലക്ഷ്യങ്ങളില്‍ മാത്രമാണ് കൃത്യമായ ആക്രമണം നടത്തിയതെന്ന് വിങ് കമാന്‍ഡര്‍ വ്യോമിക സിങ് പറഞ്ഞു. 'ഇന്ത്യന്‍ എസ്-400 സംവിധാനം നശിപ്പിച്ചതായും സൂറത്തിലെയും സിര്‍സയിലെയും വ്യോമതാവളങ്ങള്‍ നശിപ്പിച്ചതായും പാകിസ്ഥാന്‍ തെറ്റായ പ്രചാരണം നടത്തുകയാണ്. പാകിസ്ഥാന്‍ പ്രചരിപ്പിക്കുന്ന ഈ തെറ്റായ അവകാശവാദങ്ങളെ ഇന്ത്യ അസന്ദിഗ്ധമായി തള്ളിക്കളയുന്നു,'- വ്യോമിക സിങ്് പറഞ്ഞു.

'സംഘര്‍ഷത്തിന്റെ തീവ്രത വര്‍ധിപ്പിക്കാന്‍ സൈന്യത്തെ കൂടുതല്‍ മുന്നോട്ടേയ്ക്ക് നീക്കാന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് സംഘര്‍ഷം വര്‍ധിപ്പിക്കാനുള്ള അവരുടെ ഉദ്ദേശത്തെ സൂചിപ്പിക്കുന്നു. ഇത് നേരിടാന്‍ ഇന്ത്യന്‍ സായുധ സേനകള്‍ പൂര്‍ണ സജ്ജമാണ്. കൂടാതെ എല്ലാ ശത്രുതാപരമായ നടപടികളെയും ഫലപ്രദമായി നേരിടുകയും ആനുപാതികമായി പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. പാകിസ്ഥാന്‍ തയ്യാറായാല്‍ സംഘര്‍ഷം ഉണ്ടാകാതിരിക്കാനുള്ള പ്രതിബദ്ധത ഇന്ത്യന്‍ സായുധ സേനയും പ്രകടമാക്കും'- വ്യോമിക സിങ് വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com