

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ എന്നത് വെറുമൊരു പേരല്ല, 140 കോടി ഇന്ത്യക്കാരുടെ വികാരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യാ - പാക് വെടിനിര്‍ത്തലിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ഇനി ഒരു ആണവ ഭീഷണിയും സഹിക്കാനാകില്ല, ആണവായുധ ഭീഷണി ഇന്ത്യയോടു വേണ്ട, അത് പറഞ്ഞുള്ള ബ്ലാക്മെയിലിങ് വിലപ്പോകില്ലെന്നും മോദി മുന്നറിയിപ്പ് നൽകി.
ഇന്ത്യയ്‌ക്കെതിരായ തീവ്രവാദ ആക്രമണത്തിന് തക്കതായ മറുപടി നേരിടേണ്ടിവരും. പ്രത്യാക്രമണം ഇന്ത്യയുടെ നിബന്ധനകള്‍ക്ക് വിധേയമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ സഹോദരിമാരുടെയും പെണ്‍മക്കളുടെയും നെറ്റിയിലെ സിന്ദൂരം മായ്ച്ചതിനുള്ള അനന്തരഫലങ്ങള്‍ എന്താണെന്ന് ശത്രുക്കള്‍ ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഭീകരരെ തുടച്ചുനീക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
'ഓപ്പറേഷന്‍ സിന്ദൂറിനെതിരെയുള്ള പാകിസ്ഥാന്‍ നീക്കങ്ങള്‍ പൂര്‍ണമായും തടഞ്ഞു. പാക് ഡ്രോണുകള്‍ ഇന്ത്യന്‍ മണ്ണില്‍ എത്തുന്നതിനുമുമ്പ് അവ ആകാശത്ത് വെച്ച് തകര്‍ത്തുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിന്റെ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ നമ്മുടെ ധീരരായ സൈനികര്‍ സമാനതകളില്ലാത്ത വീര്യം പുറത്തെടുത്തു. അവരുടെ ധൈര്യവും സാഹസവും നമ്മുടെ രാജ്യത്തെ ഓരോ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും മക്കള്‍ക്കും വേണ്ടി സമര്‍പ്പിക്കുന്നു,' മോദി പറഞ്ഞു.
ഇന്ത്യൻ സായുധസേന പാകിസ്ഥാനിലെ ഭീകരവാദ കേന്ദ്രങ്ങളെ ആക്രമിച്ചു.ഇന്ത്യ ഇത്രയും വലിയ രീതിയില്‍ ഇന്ത്യ തിരിച്ചടിക്കുമെന്ന് തീവ്രവാദികള്‍ സ്വപ്നത്തില്‍ പോലും കരുതിയിരിക്കില്ല. ഇന്ത്യൻ മിസൈലും ഡ്രോണുകളും പാകിസ്ഥാനിലെ സ്ഥലങ്ങൾ ആക്രമിച്ചപ്പോൾ ഭീകരവാദികളുടെ കെട്ടിടങ്ങൾ മാത്രമല്ല അവരുടെ ധൈര്യവും തകർന്നു. ഇന്ത്യ തകർത്തത് ഭീകരതയുടെ യൂണിവേഴ്സിറ്റിയാണെന്നും മോദി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates