
ന്യൂഡല്‍ഹി: ചാരക്കേസില്‍ നിന്നും അറസ്റ്റിലായ ജ്യോതി മല്‍ഹോത്രയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇതിന് വളരെ മുമ്പ് തന്നെ ഇന്ത്യ സമാനമായ വഞ്ചനയ്ക്ക് സാക്ഷ്യം വഹിച്ചിരുന്നു. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ആ സംഭവം. ജ്യോതി വെറും യൂട്യൂബറാണെങ്കില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥയായിരുന്നു ഡബിള്‍ ഏജന്‍റായി പ്രവര്‍ത്തിച്ചത്.
ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ പ്രസ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ വിഭാഗം സെക്കന്‍ഡ് സെക്രട്ടറിയായിരുന്നു മാധുരി ഗുപ്ത. ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് ഉദ്യോഗസ്ഥയായ മാധുരിയുടെ ഉര്‍ദു ഭാഷാ പ്രാവീണ്യം കണക്കിലെടുത്താണ് പാകിസ്ഥാനില്‍ നിയമനം നല്‍കിയത്. ഉറുദു ഭാഷയിലുള്ള അഗാധമായ അറിവും സൂഫിസത്തിലുള്ള അടങ്ങാത്ത താല്‍പ്പര്യവും ഉണ്ടായിരുന്ന മാധുരി ഗുപ്ത ഇരട്ട ഏജന്റാണെന്ന് വിശ്വസിക്കാന്‍ ആദ്യം പ്രയാസമായിരുന്നു. അന്നത്തെ ഇന്റലിജന്‍സ് മേധാവി രാജീവ് മാത്തൂറിലേയ്ക്കാണ് ഡബിള്‍ ഏജന്റിനെക്കുറിച്ചുള്ള വിവരം ആദ്യം എത്തുന്നത്.
ഹണിട്രാപ്പിലെ കുരുക്ക്
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായ ജംഷാദ് എന്ന ജിം ആണ് മാധുരി ഗുപ്തയെ ഹണിട്രാപ്പില്‍ കുടുക്കിയത്. ജംഷാദിനൊപ്പം ഐഎസ്‌ഐ ഏജന്റായ മുബാസര്‍ റാസ റാണയുമാണ് മാധുരിയുമായി ബന്ധം സ്ഥാപിച്ചത്. ജങ് ദിനപത്രത്തിലെ ലേഖകനായ ജാവിദ് റഷീദാണ് പാക് ചാരന്‍മാരെ മാധുരിയുമായി ബന്ധപ്പെടുത്തുന്നത്. ജെയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസര്‍ എഴുതിയ പുസ്തകം മാധുരിക്ക് ലഭിക്കാന്‍ പാക് പൗരന്‍മാര്‍ സഹായിച്ചു. ഈ ബന്ധം സൗഹൃദത്തിലേയ്ക്ക് എത്തുകയായിരുന്നു.
അന്ന് 52 വയസായിരുന്ന മാധുരി ഗുപ്ത 30 കാരന്‍ ജംഷാദുമായുള്ള ബന്ധം തുടര്‍ന്നു. ഇസ്‌ലാമാബാദിലെ വീട്ടിലെ കമ്പ്യൂട്ടറും ബ്ലാക്ക്ബെറി ഫോണും റാസ റാണ ഉപയോഗിക്കുകയും ചെയ്തു. ഈ സമയത്ത് ജംഷാദുമായി മാധുരി പ്രണയത്തിലായെന്നും ഇസ്‌ലാം മതം സ്വീകരിക്കാനും അയാളെ വിവാഹം കഴിക്കാനും ആഗ്രഹിച്ചിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 2010 മാര്‍ച്ചില്‍ റാണയുടെ നിര്‍ദ്ദേശപ്രകാരം ഗുപ്ത ജമ്മു കശ്മീര്‍ സന്ദര്‍ശിച്ചതായും, ജമ്മുവില്‍ സ്ഥാപിക്കാന്‍ പോകുന്ന 310 മെഗാവാട്ട് ജലവൈദ്യുത പദ്ധതിയുടെ വിവരങ്ങള്‍ റാണ ആവശ്യപ്പെട്ടതായും അന്വേഷണ സംഘം കണ്ടെത്തി. തന്റെ പ്രവര്‍ത്തന മേഖലയ്ക്കപ്പുറം മാധുരി നടത്തിയ ഇടപെടാലാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിന് കാരണമായത്. ഇന്ത്യന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും മുന്നറിയിപ്പ് നല്‍കി.
സംശയം തോന്നിപ്പിക്കാതെ വിളിച്ചു വരുത്തി അറസ്റ്റ്
ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലും രണ്ടാഴ്ച കൂടി കൃത്യമായ നിരീക്ഷണം നടത്തി. ആ വര്‍ഷം അവസാനം ഭൂട്ടാനില്‍ നടത്താനിരുന്ന സാര്‍ക്ക് ഉച്ചകോടിക്ക് പങ്കെടുക്കാനെന്ന വ്യാജേന ഡല്‍ഹിയിലേയ്ക്ക് വിളിപ്പിച്ചു. 2010 ഏപ്രില്‍ 21ന് ഡല്‍ഹിയിലെത്തിയ അവര്‍ സ്വന്തം വസതിയില്‍ തന്നെ താമസിച്ചു. പിറ്റേന്ന് രാവിലെ വിദേശ കാര്യ മന്ത്രാലയത്തിന്റെ ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്തു. മിനിറ്റുകള്‍ക്കുള്ളില്‍ അറസ്റ്റ് ചെയ്തു. ഐഎസ്‌ഐക്ക് പ്രതിരോധവുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിവരങ്ങള്‍ കൈമാറിയതിനെത്തുടര്‍ന്നായിരുന്നു അറസ്റ്റ്.
ശിക്ഷാവിധി
2018 ലാണ് മാധുരി ഗുപ്തയെ കോടതി ശിക്ഷിക്കുന്നത്. ഔദ്യോഗിക രഹസ്യ നിയമത്തിലെ 3, 5 വകുപ്പുകള്‍ പ്രകാരം മാധുരി കുറ്റക്കാരിയാണെന്നു കണ്ടെത്തിയ ഡല്‍ഹി കോടതി മൂന്നു വര്‍ഷം തടവുശിക്ഷ വിധിച്ചു. 21 മാസം അവര്‍ തീഹാര്‍ ജയിലില്‍ കിടന്നു. ജാമ്യത്തിലിറങ്ങി രാജസ്ഥാനിലെ ഭിവാഡിയില്‍ താമസിച്ചിരുന്ന മാധുരി 2021 ഒക്ടോബറില്‍ 64ാം വയസിലാണ് മരിക്കുന്നത്.
താന്‍ നിരപരാധിയാണെന്നും ഇന്ത്യന്‍ ഹൈക്കമ്മിഷനിലെയും വിദേശകാര്യ മന്ത്രാലയത്തിലെയും ചില ഉദ്യോഗസ്ഥരുമായുള്ള അകല്‍ച്ചയെ തുടര്‍ന്ന് അവര്‍ കെണിയില്‍ പെടുത്തിയതാണെന്നായിരുന്നു മാധുരിയുടെ നിലപാട്. ശിക്ഷയ്ക്കെതിരെ മാധുരി നല്‍കിയ അപ്പീല്‍ മരണസമയത്ത് ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ