കാറ് വാങ്ങിയതും വീട് വാങ്ങിയതും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചാല്‍ 'പണി' കിട്ടും

കാറ് വാങ്ങിയതും വീട് വാങ്ങിയതും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചാല്‍ 'പണി' കിട്ടും

ന്യൂഡെല്‍ഹി: നികുതി വെട്ടിപ്പുകാരെ കുടുക്കാന്‍ പുതിയ തന്ത്രവുമായി കേന്ദ്ര സര്‍ക്കാര്‍. സോഷ്യല്‍ മീഡിയ വഴി നികുതി വെട്ടിപ്പുകാരെ കണ്ടെത്താനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. പുതിയ കാര്‍ എടുത്തു, എന്റെ  പുതിയ വീടെങ്ങനെയുണ്ട്, പുതിയ വില്ല കൊള്ളാമോ, ഔഡി ലൈഫ്, തഗ് ലൈഫ് എന്നൊക്കെ ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും പോസ്റ്റ് ചെയ്യുന്നവര്‍ സൂക്ഷിക്കുക. നിങ്ങള്‍ നികുതി ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്. ഇത്തരം ഫോട്ടോകളും പോസ്റ്റുകളും പങ്കുവെക്കുന്നവരുടെ വരുമാനവും അടയ്ക്കുന്ന നികുതിയും ഒത്തുപോകുന്നുണ്ടോ എന്ന് നികുതി ഉദ്യോഗസ്ഥര്‍ പരിശോധിച്ചു നടപടിയെടുക്കും.

ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക മന്ത്രാലയം ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും നികുതി വെട്ടിപ്പുകാരെ കുടുക്കാന്‍ അടുത്ത മാസം മുതല്‍ സോഷ്യല്‍ മീഡിയ ഉപയോഗപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ബെല്‍ജിയം, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ 21ഓളം രാജ്യങ്ങളില്‍ പരീക്ഷിച്ചു വിജയിച്ച പദ്ധതിയാണിത്. പ്രൊജക്ട് ഇന്‍സൈറ്റ് എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്. രാജ്യത്തെ നികുതി വരുമാനം 40 ശതമാനത്തോളം വര്‍ധിപ്പിക്കാന്‍ ഈ പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ തന്നെ സാധിക്കുമെന്നാണ് വിലയിരുത്തലുകള്‍. ഏകദേശം ഏഴു വര്‍ഷത്തോളം 156 മില്ല്യന്‍ ഡോളര്‍ ചെലവിട്ടാണ് സര്‍ക്കാര്‍ പ്രൊജക്ട് ഇന്‍സൈറ്റ് തയാറാക്കിയിരിക്കുന്നത്. ഡിസംബറിലാണ് രണ്ടാം ഘട്ടം.

അതേസമയം, പദ്ധതിക്കു ഇതിനോടകം തന്നെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സ്വകാര്യത മൗലികാവകാശമല്ലെന്ന സര്‍ക്കാരിന്റെ സുപ്രീം കോടതിയിലെ നിലപാടാണ് പ്രൊജക്ട് ഇന്‍സൈറ്റിലും തെളിയുന്നതെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com