
ന്യൂഡല്‍ഹി: വാലന്റൈന്‍സ് ദിനത്തോടനുബന്ധിച്ചുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി മെറ്റ. ഉപയോക്താക്കളെ വലയില്‍ വീഴ്ത്തുന്ന 'റൊമാന്‍സ് സ്‌കാമു'കളില്‍ ജാഗ്രത പാലിക്കണമെന്നാണ് മെറ്റയുടെ മുന്നറിയിപ്പ്. ഓണ്‍ലൈന്‍ തട്ടിപ്പുകാരെ തിരിച്ചറിയാനും ഒഴിവാക്കാനും ഉപയോക്താക്കളെ സഹായിക്കുന്നതിന് പുതിയ സുരക്ഷാ ഫീച്ചറുകളും അവതരിപ്പിച്ചിട്ടുണ്ട്.
എന്താണ് റൊമാന്‍സ് സ്‌കാം?
സോഷ്യല്‍ മീഡിയ, ഡേറ്റിങ് ആപ്പുകള്‍ അല്ലെങ്കില്‍ മെസേജിങ് പ്ലാറ്റ്‌ഫോമുകള്‍ എന്നിവയില്‍ പാര്‍ട്‌നേഴ്‌സെന്ന തരത്തില്‍ എത്തുന്ന തട്ടിപ്പുകാര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. പ്രൊഫഷണലുകള്‍, സൈനിക ഉദ്യോഗസ്ഥര്‍ അല്ലെങ്കില്‍ ബിസിനസുകാര്‍ എന്ന് പരിചയപ്പെടുത്തി പണം ആവശ്യപ്പെടുകയോ, വ്യാജ നിക്ഷേപ പദ്ധതികള്‍ അംഗമാകാനും പ്രേരിപ്പിക്കുന്നു.
റൊമാന്‍സ് തട്ടിപ്പുകള്‍ എങ്ങനെ തിരിച്ചറിയാം
ഉപയോക്തക്കളുമായി പെട്ടെന്ന് തന്നെ ബന്ധം സ്ഥാപിക്കുന്ന ഇത്തരക്കാര്‍ അടുപ്പം സ്ഥാപിച്ച് പണം ചോദിക്കും. അല്ലെങ്കില്‍ ഏതെങ്കിലും നിക്ഷേപ പദ്ധതികളില്‍ അംഗമാകാന്‍ ആവശ്യപ്പെടും.
പല വിധമായ കാരണങ്ങള്‍ പറഞ്ഞ് വിഡിയോ കോളുകള്‍ ഒഴിവാക്കുന്ന ഇവര്‍ നേരിട്ടുള്ള കൂടിക്കാഴ്ചകള്‍ക്കും തയാറാകില്ല. ഇവര്‍ അയക്കുന്ന സന്ദേശങ്ങളില്‍ വ്യാകരണ പിശകുകളോ പരസ്പരവിരുദ്ധമായ കാര്യങ്ങളോ ഉണ്ടായിരിക്കാം. അജ്ഞാത ഉപയോക്താക്കളില്‍ നിന്ന് അടിക്കടി സന്ദേശങ്ങള്‍ എത്തുന്നതും തട്ടിപ്പാണ്.
മെറ്റയുടെ പുതിയ സേഫ്റ്റി ടൂള്‍സ്
മെസഞ്ചറിലെ സുരക്ഷാ അറിയിപ്പുകള്‍ - സംശയാസ്പദമായ അക്കൗണ്ടുകളുമായി പ്രത്യേകിച്ച് മറ്റൊരു രാജ്യത്ത് താമസിക്കുന്നവരുമായി ഉപയോക്താക്കള്‍ ചാറ്റ് ചെയ്യുകയാണെങ്കില്‍ മെറ്റ മുന്നറിയിപ്പ് നല്‍കും.
ഇന്‍സ്റ്റഗ്രാം മുന്നറിയിപ്പുകള്‍ - തട്ടിപ്പില്‍ കൗമാരക്കാര്‍ കൂടുതലായി വീഴുന്നതുകൊണ്ട് തന്നെ കൂടുതല്‍ ഉപയോക്താക്കളിലേക്ക് ഇത്തരം മുന്നറിയിപ്പുകള്‍ നല്‍കാന്‍ ആരംഭിച്ചിട്ടുണ്ട്.
വാട്‌സ്ആപ്പ് കോള്‍ സൈലന്‍സിങ് - സേവ് ചെയ്യാത്ത അക്കൗണ്ടുകളില്‍ നിന്ന് വരുന്ന കോളുകള്‍ വാട്‌സ്ആപ്പ് തടയും.
ഓട്ടോമേറ്റഡ് സ്‌കാം ഡിറ്റക്ഷന്‍ - ആള്‍മാറാട്ടം നടത്തുന്ന വ്യാജ അക്കൗണ്ടുകള്‍ മെറ്റ നീക്കം ചെയ്യുകയും സംശയാസ്പദമായ ഉപയോക്താക്കള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യും.
തട്ടിപ്പുകള്‍ തടയുന്നതിന് ടെലികോം, ഫിന്‍ടെക്, ഡിജിറ്റല്‍ സേവന ദാതാക്കളുമായി പ്രവര്‍ത്തിക്കുന്ന സേഫര്‍ ഇന്റര്‍നെറ്റ് ഇന്ത്യ സഖ്യത്തില്‍ മെറ്റ അംഗമായിട്ടുണ്ട്. നൈജീരിയ, ഘാന, ബെനിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള 408,000-ത്തിലധികം വ്യാജ അക്കൗണ്ടുകളും മെറ്റ അടുത്തിടെ നീക്കിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക