
ന്യൂഡല്‍ഹി: 2035 ആകുമ്പോഴേക്കും പുതുതായി നിരത്തില്‍ ഇറങ്ങുന്ന രണ്ട് കാറുകളില്‍ ഒന്ന് ഇലക്ട്രിക് ആയിരിക്കുമെന്ന് പ്രവചനം. ഇലക്ട്രിക് വാഹനരംഗത്ത് ഇന്ത്യ, ലാറ്റിന്‍ അമേരിക്ക, ജപ്പാന്‍, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലാണ് ഏറ്റവും വേഗമേറിയ വളര്‍ച്ച പ്രതീക്ഷിക്കുന്നതെന്ന് കൗണ്ടര്‍പോയിന്റ് ടെക്‌നോളജി മാര്‍ക്കറ്റ് റിസര്‍ച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഓട്ടോമൊബൈല്‍ വ്യവസായം, പ്രത്യേകിച്ച് ഇവി സെഗ്മെന്റ്, അനുദിനം മാറ്റങ്ങള്‍ക്ക് വിധേയമായി കൊണ്ടിരിക്കുകയാണ്. പുതിയ സാങ്കേതികവിദ്യയിലേക്കുള്ള മാറ്റമാണ് ഇതിന് കാരണം. 2024ല്‍ മൊത്തത്തിലുള്ള യാത്ര വാഹന വിപണി പ്രതിസന്ധി നേരിട്ടപ്പോഴും ഇവി സെഗ്മെന്റില്‍ കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വേണ്ടിയുള്ള ആവശ്യകത വര്‍ധിച്ചതാണ് ഇതിന് കാരണം. 2024ല്‍ ആഗോള യാത്ര വാഹന വില്‍പ്പനയില്‍ ഒരു ശതമാനത്തിന്റെ മാത്രം വളര്‍ച്ചയാണ് രേഖപ്പെടുത്തിയതെന്നും കൗണ്ടര്‍പോയിന്റ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, വരാനിരിക്കുന്ന മാന്ദ്യത്തെക്കുറിച്ചുള്ള ഭയം, പ്രധാന വിപണികളിലെ ഉപഭോക്തൃ ചെലവ് കുറയല്‍ എന്നിവയെല്ലാം ആഗോള വാഹന വിപണിയെ ബാധിച്ചു. എന്നാല്‍ 2024ല്‍ ആഗോള ഇലക്ട്രിക് വാഹന വില്‍പ്പനയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 22 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 2035 ആകുമ്പോഴേക്കും ചൈനയിലെ ബാറ്ററി ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന വ്യാപനം 60 ശതമാനത്തിലധികമാകുമെന്നാണ് റിപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നത്. ഇന്ത്യ, ലാറ്റിന്‍ അമേരിക്ക, ജപ്പാന്‍, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവും വേഗമേറിയ വളര്‍ച്ച പ്രതീക്ഷിക്കുന്നതെന്ന് കൗണ്ടര്‍പോയിന്റിലെ സീനിയര്‍ അനലിസ്റ്റ് സൗമെന്‍ മണ്ഡല്‍ പറഞ്ഞു.
ചൈനീസ് ബ്രാന്‍ഡുകള്‍ തെക്കുകിഴക്കന്‍ ഏഷ്യയിലെയും ലാറ്റിന്‍ അമേരിക്കയിലെയും വിപണികളില്‍ ആധിപത്യം സ്ഥാപിച്ചേക്കും. ചൈന, യൂറോപ്പ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലെ ബാറ്ററി ഇലക്ട്രിക് വാഹന വ്യാപനം ആഗോള ശരാശരിയേക്കാള്‍ കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സൗമെന്‍ മണ്ഡല്‍ പറഞ്ഞു. അതേസമയം, യുഎസ് തങ്ങളുടെ ആഭ്യന്തര ഓട്ടോമോട്ടീവ് വ്യവസായത്തെ സംരക്ഷിക്കാന്‍ നടപടി സ്വീകരിച്ച് വരികയാണ്.ഇതിന്റെ ഭാഗമായി ചൈനീസ് കമ്പനികള്‍ അവരുടെ വിപണിയില്‍ പ്രവേശിക്കുന്നത് തടയാനും സാധ്യതയുണ്ട്. ചൈനീസ് ബ്രാന്‍ഡുകളുടെ വില്‍പ്പന നിയന്ത്രിക്കുന്നതിന് യൂറോപ്പ് ഇതിനകം തന്നെ അധിക താരിഫ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചൈനീസ് വാഹന നിര്‍മ്മാതാക്കള്‍ യൂറോപ്പില്‍ വാഹനങ്ങള്‍ക്കും ഘടകങ്ങള്‍ക്കുമായി നിര്‍മ്മാണ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതില്‍ നിക്ഷേപം നടത്തിയില്ലെങ്കില്‍ ഭാവിയില്‍ ഈ സമീപനം തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും സൗമെന്‍ മണ്ഡല്‍ കൂട്ടിച്ചേര്‍ത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക