34,000 കോടിയുടെ വികസന പദ്ധതികള്‍, എട്ട് സാമ്പത്തിക മേഖലകള്‍, ഭൂമി വില കുതിച്ചുയരും; റിങ് റോഡ് യാഥാര്‍ഥ്യമായാല്‍ വിഴിഞ്ഞം 'വെറെ ലെവല്‍'

വിഴിഞ്ഞം-നാവായിക്കുളം ഔട്ടര്‍ റിങ് റോഡ് നിര്‍മ്മാണത്തിന് അടുത്തമാസം ഉത്തരവിറങ്ങും
vizhinjam port
വിഴിഞ്ഞം തുറമുഖം (vizhinjam port)ഫയൽ
Updated on
1 min read

തിരുവനന്തപുരം: വിഴിഞ്ഞം (vizhinjam port) -നാവായിക്കുളം ഔട്ടര്‍ റിങ് റോഡ് നിര്‍മ്മാണത്തിന് അടുത്തമാസം ഉത്തരവിറങ്ങും. വിഴിഞ്ഞം തുറമുഖ വികസനത്തിനുള്ള ഇടനാഴിയായി മാറുന്ന വിഴിഞ്ഞം-നാവായിക്കുളം ഔട്ടര്‍ റിങ് റോഡ് 7900 കോടി ചെലവില്‍ മൂന്നുവര്‍ഷത്തിനകം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇത് പൂര്‍ത്തിയാകുന്നതോടെ വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.

റോഡിന് ഇരുവശത്തുമായി എട്ട് സാമ്പത്തിക മേഖലകളിലായി 34,000 കോടിയുടെ വികസനപദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. വിഴിഞ്ഞം, കോവളം, കാട്ടാക്കട, നെടുമങ്ങാട്, വെമ്പായം, മംഗലപുരം, കിളിമാനൂര്‍, കല്ലമ്പലം എന്നിങ്ങനെയാണ് എട്ടു സാമ്പത്തിക മേഖലകള്‍. റോഡ് നിര്‍മ്മാണത്തിനുമാത്രം 3918 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 62.7 കിലോമീറ്റര്‍ പാതയുടെ അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ ലോജിസ്റ്റിക് ഹബുകളും ഇക്കണോമിക്കല്‍ ആന്‍ഡ് കൊമേഴ്സ്യല്‍ സോണുകളുമടക്കം ടൗണ്‍ഷിപ്പുകളും സാമ്പത്തിക-വാണിജ്യ-ലോജിസ്റ്റിക്‌സ്-ട്രാന്‍സ്‌പോര്‍ട്ട് സോണുകളുമുണ്ടാകും.

നോളഡ്ജ് ഹബുകള്‍, വ്യവസായ പാര്‍ക്കുകള്‍, വിനോദകേന്ദ്രങ്ങള്‍, ടൗണ്‍ഷിപ്പുകള്‍, ആശുപത്രികള്‍ എന്നിവ സജ്ജമാകുന്നതോടെ രണ്ടരലക്ഷം തൊഴിലവസരങ്ങളുണ്ടാവും. മലിനജല സംസ്‌കരണം, ഗതാഗതം, ജലവിതരണം, ഖരമാലിന്യ സംസ്‌കരണം, ഡ്രെയിനേജ് സംവിധാനം, വൈദ്യുതി വിതരണം, ടെലികമ്യൂണിക്കേഷന്‍, വിവരസാങ്കേതികവിദ്യ എന്നിവയില്‍ അടിസ്ഥാനസൗകര്യങ്ങളും വര്‍ദ്ധിക്കും. 45 മീറ്റര്‍ വീതിയിലാണ് പാത.

റോഡിനായി 314 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. 24 താലൂക്കുകളില്‍ ഭൂമിയേറ്റെടുക്കല്‍ അതിവേഗം പുരോഗമിക്കുകയാണ്. എട്ടു പ്രധാന ജംഗ്ഷനുകളും ഔട്ടര്‍റിങ് റോഡ് എന്‍എച്ച് 66മായി ചേരുന്ന വിഴിഞ്ഞം, നാവായിക്കുളം എന്നിവിടങ്ങളില്‍ ട്രംപെറ്റ് ഇന്റര്‍ചേഞ്ചും നിര്‍മ്മിക്കും. വിഴിഞ്ഞം-തേക്കട, തേക്കട-നാവായിക്കുളം എന്നിങ്ങനെ രണ്ടു റീച്ചുകളായി തിരിച്ചായിരിക്കും നിര്‍മ്മാണം.

ഭൂമിയേറ്റെടുക്കൽ

ഭൂമിയേറ്റെടുക്കലിന്റെ പകുതി ചെലവായ 930.41കോടി സംസ്ഥാനമാണ് വഹിക്കുന്നത്. സര്‍വീസ് റോഡിന്റെ നിര്‍മ്മാണത്തിനുള്ള 477.33 കോടിയും സംസ്ഥാനം നല്‍കും. നിര്‍മ്മാണ സാമഗ്രികളുടെ സംസ്ഥാന ജിഎസ്ടി ഒഴിവാക്കുന്നതിലൂടെ 210.63 കോടി രൂപയുടെയും മണ്ണും കല്ലും ഉള്‍പ്പെടെയുള്ളവയുടെ റോയല്‍റ്റി വഴിയുള്ള 10.87 കോടി രൂപയുടെ വരുമാനവും സംസ്ഥാനം വേണ്ടെന്നുവച്ചിട്ടുണ്ട്. ഔട്ടര്‍ റിംഗ് റോഡ് നിര്‍മ്മാണത്തിനിടെ ലഭ്യമാകുന്ന കരിങ്കല്‍ ഉത്പന്നങ്ങളും മറ്റ് പാറ ഉത്പന്നങ്ങളും റോയല്‍റ്റി ഇളവ് ലഭിക്കുന്ന ഉത്പന്നങ്ങളും ഈ പാതയുടെ നിര്‍മ്മാണത്തിന് മാത്രമേ ഉപയോഗിക്കാവൂ.

മൂന്ന് വലിയ പാലങ്ങള്‍, 16 ചെറിയപാലങ്ങള്‍, അഞ്ചു വയഡക്റ്റുകള്‍, 90 അണ്ടര്‍പാസുകളോ ഓവര്‍പാസുകളോ, ഒന്‍പത് ഫ്ലൈഓവറുകള്‍, 54 പൈപ്പ് കള്‍വര്‍ട്ടുകള്‍, 44 ബോക്സ് കള്‍വര്‍ട്ടുകള്‍ എന്നിവയുമുണ്ട്. റിംഗ് റോഡിന്റെ തുടര്‍ച്ചയായി കടമ്പാട്ടുകോണത്തുനിന്ന് ആരംഭിക്കുന്ന കൊല്ലം-ചെങ്കോട്ട ഗ്രീന്‍ഫീല്‍ഡ് ദേശീയപാത നിര്‍മ്മിക്കുന്നതോടെ വിഴിഞ്ഞത്തു നിന്നുള്ള ചരക്കുനീക്കം കൂടുതല്‍ സുഗമമാകും. വിഴിഞ്ഞം-ലോജിസ്റ്റിക്സ്, കോവളം-ഹെല്‍ത്ത് ടൂറിസം, കാട്ടാക്കട-ഗ്രീന്‍ ഇന്‍ഡസ്ട്രി, കിളിമാനൂര്‍-ഫുഡ് പ്രോസസിംഗ്, കല്ലമ്പലം- അഗ്രോ പ്രോസസിംഗ് എന്നി രൂപത്തിലാണ് ടൗണ്‍ഷിപ്പുകള്‍ ഉയര്‍ന്നുവരിക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com