
വാഷിംഗ്ടണ്‍: ചൈനയ്ക്ക് പിന്നാലെ ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്കും പരസ്പര താരിഫ് ( റെസിപ്രോക്കല്‍ താരിഫ്) ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറക്കുമതി ചെയ്യുന്ന അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ എത്രയാണോ താരിഫ് ഈടാക്കുന്നത്, ഇതിന് സമാനമായ താരിഫ് ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്കും ചുമത്തുമെന്നാണ് റെസിപ്രോക്കല്‍ താരിഫ് കൊണ്ട് അമേരിക്ക ഉദ്ദേശിക്കുന്നത്.
ഇന്ത്യയും ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഈടാക്കുന്ന ഉയര്‍ന്ന താരിഫുകളെ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് വിമര്‍ശിച്ചു. ഇത് 'വളരെ അന്യായമാണ്' എന്ന് പറഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് അടുത്ത മാസം മുതല്‍ പരസ്പര താരിഫ് പ്രാബല്യത്തില്‍ വരുമെന്നും പ്രഖ്യാപിച്ചു. ചൈനയ്ക്കും ഇന്ത്യയ്ക്കും പുറമേ യൂറോപ്യന്‍ യൂണിയന്‍, ബ്രസീല്‍ അടക്കമുള്ള മറ്റു രാജ്യങ്ങള്‍ക്കുമേലും സമാനമായ താരിഫ് ചുമത്താനാണ് അമേരിക്കയുടെ നീക്കം.
'മറ്റ് രാജ്യങ്ങള്‍ പതിറ്റാണ്ടുകളായി നമുക്കെതിരെ താരിഫ് ഉപയോഗിച്ചുവരുന്നു. ഇപ്പോള്‍ മറ്റ് രാജ്യങ്ങള്‍ക്കെതിരെ അവ ഉപയോഗിക്കാന്‍ തുടങ്ങേണ്ടതിന്റെ ഊഴമാണ്. യൂറോപ്യന്‍ യൂണിയന്‍, ചൈന, ബ്രസീല്‍, ഇന്ത്യ, മെക്‌സിക്കോ, കാനഡ കൂടാതെ എണ്ണമറ്റ മറ്റ് രാജ്യങ്ങളും നമ്മള്‍ ഈടാക്കുന്നതിനേക്കാള്‍ വളരെ ഉയര്‍ന്ന താരിഫ് ഈടാക്കുന്നു. ഇത് വളരെ അന്യായമാണ്, അമേരിക്കയില്‍ നിന്ന് വാഹനങ്ങള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ നൂറ് ശതമാനത്തില്‍ കൂടുതല്‍ താരിഫ് ആണ് ഇന്ത്യ ഈടാക്കുന്നത്.'- വൈറ്റ് ഹൗസില്‍ നടന്ന കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തില്‍ ട്രംപ് പറഞ്ഞു.
ഫെബ്രുവരിയില്‍ ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ക്ക് മേല്‍ പരസ്പര താരിഫുകള്‍ ചുമത്തുമെന്ന് ട്രംപ് പറഞ്ഞിരുന്നു. കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശന വേളയിലും ട്രംപ് ഇക്കാര്യം ആവര്‍ത്തിച്ചു. പരസ്പര താരിഫുകളില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കില്ലെന്നാണ് ട്രംപ് പ്രധാനമന്ത്രി മോദിയോട് വ്യക്തമാക്കിയത്. താരിഫ് ഘടനയില്‍ ആര്‍ക്കും തന്നോട് തര്‍ക്കിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക