

ഹൈദരാബാദ്: പ്രതിഷേധത്തിന്റെ ഭാഗമായി കർഷകരും മത്സരിക്കാൻ രംഗത്തെത്തിയതോടെ തെലങ്കാനയിലെ നിസാമാബാദ് ലോക്സഭാ മണ്ഡലത്തിലെ വോട്ടെടുപ്പിൽ ബാലറ്റ് പേപ്പർ ഉപയോഗിക്കേണ്ട സാഹചര്യമൊരുങ്ങി. ഇതിന്റെ തയാറെടുപ്പുകൾ നടത്താനൊരുങ്ങുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. നാമനിർദേശ പത്രികകളുടെ സൂഷ്മ പരിശോധന പൂർത്തിയായപ്പോൾ നിസാമാബാദ് മണ്ഡലത്തിൽ 189 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബാലറ്റ് പേപ്പർ ഉപയോഗിക്കുന്നതിനുള്ള നടപടികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിച്ചത്.
ഇന്നലെയായിരുന്നു പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. പലരെയും പിന്തിരിപ്പിക്കാൻ രാഷ്ട്രീയ പാർട്ടികളുടെ ശ്രമം സജീവമായിരുന്നു. സ്ഥാനാർത്ഥികളുടെ എണ്ണം, 63 സ്ഥാനാർഥികളും നോട്ടയും കഴിഞ്ഞാൽ വോട്ടിങ് യന്ത്രം പറ്റില്ല. ബാലറ്റ് പേപ്പറുകൾ സജ്ജമാക്കുന്നതിന് കാലതാമസം ഉണ്ടായാൽ നിസാമാബാദ് ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കേണ്ടി വരുമോയെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രജത് കുമാർ വ്യക്തമാക്കി.
തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ കവിത മത്സരിക്കുന്ന നിസാമാബാദ് ലോക്സഭാ മണ്ഡലത്തിൽ പത്രിക നൽകിയിരുന്നത് ഇരുനൂറിലേറെ കർഷകരടക്കം 245 പേരാണ്. സൂക്ഷ്മ പരിശോധനകൾക്ക് ശേഷമാണ് പട്ടിക 189ആയി മാറിയത്.
മഞ്ഞളിനു താങ്ങുവില കൂട്ടുക, നിസാമാബാദ് ആസ്ഥാനമായി മഞ്ഞൾ ബോർഡ് രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ നടപ്പാക്കിയില്ലെന്ന് കർഷകർ നേരിടുന്ന ദുരിതം ദേശീയ ശ്രദ്ധയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വ്യാപകമായി നാമനിർദേശ പത്രികകൾ നൽകാൻ തീരുമാനിച്ചതെന്നും കർഷക നേതാക്കൾ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates