

മുംബൈ: പ്രമുഖ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ സാംസങ്, തങ്ങളുടെ അടുത്ത ഫ്‌ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ നിരയായ ഗാലക്സി എസ് 26 സീരീസ് ഫെബ്രുവരി 25ന് പുറത്തിറക്കും. വരാനിരിക്കുന്ന നിരയിൽ മൂന്ന് മോഡലുകൾ ഉൾപ്പെടാൻ സാധ്യതയുണ്ട്. സാംസങ് ഗാലക്സി എസ് 26, ഗാലക്സി എസ് 26 പ്ലസ്, ഗാലക്സി എസ് 26 അൾട്രാ എന്നി പേരുകളിലാണ് മോഡലുകൾ അവതരിപ്പിക്കുക. പ്രകടനത്തിലും കാമറയിലും ശ്രദ്ധേയമായ അപ്ഗ്രേഡുകൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, ചില ഡിസൈൻ മാറ്റങ്ങളും കാണാൻ കഴിയും.
സാംസങ് ഗാലക്സി എസ് 26, ഗാലക്സി എസ് 26 പ്ലസ്, സാംസങ് ഗാലക്സി എസ് 26 അൾട്രാ എന്നിവ ഫെബ്രുവരി 25 ന് ഇന്ത്യയിലും മറ്റ് വിപണികളിലും ലോഞ്ച് ചെയ്യും. മാർച്ച് 11 ഓടെ വിൽപ്പന ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, കമ്പനി ഇതുവരെ ഈ വിശദാംശങ്ങൾ സ്ഥിരീകരിച്ചിട്ടില്ല.
FHD+ റെസല്യൂഷനോടുകൂടിയ 6.3 ഇഞ്ച് ഡൈനാമിക് AMOLED 2X ഡിസ്‌പ്ലേയും 120Hz റിഫ്രഷ് റേറ്റും സാംസങ് ഗാലക്സി എസ് 26ൽ പ്രതീക്ഷിക്കുന്നു. 12GB വരെ റാമും 512GB വരെ UFS 4.0 സ്റ്റോറേജുമുള്ള 2nm Exynos 2600 പ്രോസസറാണ് ഈ ഫോണിന് കരുത്ത് പകരുന്നത്. കൂടാതെ, 25W വയർഡ് ചാർജിങ്ങും 15W വയർലെസ് ചാർജിങ്ങും ഉള്ള 4,300mAh ബാറ്ററിയും ഈ ഫോണിൽ പ്രതീക്ഷിക്കാം.കാമറയുടെ കാര്യത്തിൽ 50MP പ്രധാന കാമറ, 12MP അൾട്രാ-വൈഡ് ലെൻസ്, 3x ഒപ്റ്റിക്കൽ സൂമുള്ള 12MP ടെലിഫോട്ടോ ലെൻസ് എന്നിവ ഉണ്ടായിരിക്കാം.
120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് AMOLED ഡിസ്‌പ്ലേയാണ് സാംസങ് ഗാലക്സി എസ്26 പ്ലസിന് ഉണ്ടാകുക എന്ന് പ്രതീക്ഷിക്കുന്നു. ഗാലക്സി എസ്26 ലെ അതേ എക്സിനോസ് 2600 ചിപ്സെറ്റ് ഇതിലും കണ്ടേക്കാം. സമാനമായ റാമും സ്റ്റോറേജ് ഓപ്ഷനുകളും ഇതിൽ ഉപയോഗിക്കാൻ സാധ്യതയുണ്ട്. 4,900 എംഎഎച്ച് ബാറ്ററിയും 45W ചാർജിംഗും പിന്തുണയ്ക്കുന്ന ഫോണാണിത്. വയർലെസ് ചാർജിംഗ്, റിവേഴ്സ് വയർലെസ് ചാർജിംഗ്, ക്യുഐ2 പിന്തുണ എന്നിവയും ഇതിൽ ഉൾപ്പെടുത്തിയേക്കാം. 50 എംപി പ്രധാന കാമറ, 12 എംപി അൾട്രാ-വൈഡ് ലെൻസ്, 3x സൂമുള്ള 12 എംപി ടെലിഫോട്ടോ ലെൻസ് എന്നിവ കാമറ വിഭാഗത്തിൽ ഉൾപ്പെടാം. മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12 എംപി കാമറ ഉണ്ടാകാം.
ഗാലക്സി എസ് 26 അൾട്രായിൽ 120Hz റിഫ്രഷ് റേറ്റുള്ള 6.9 ഇഞ്ച് ക്യുഎച്ച്ഡി+ ഡൈനാമിക് അമോലെഡ് 2എക്‌സ് ഡിസ്പ്ലേ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 16 ജിബി വരെ റാമും 1 ടിബി വരെ സ്റ്റോറേജുമുള്ള സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസർ ഫോണിന് കരുത്ത് പകരും. 60W ചാർജിംഗ് പിന്തുണയുള്ള 5,400 എംഎഎച്ച് ബാറ്ററിയും ഇതിൽ ഉൾപ്പെട്ടേക്കാം. ഗാലക്സി എസ് 26 അൾട്രയിൽ 200 എംപി പ്രൈമറി കാമറ, 50 എംപി അൾട്രാ-വൈഡ് ലെൻസ്, 12 എംപി 3x ടെലിഫോട്ടോ ലെൻസ്, 5x ഒപ്റ്റിക്കൽ സൂമുള്ള 50 എംപി പെരിസ്‌കോപ്പ് കാമറ എന്നിവ ഉൾക്കൊള്ളാൻ കഴിയും. മുൻവശത്ത്, ഉപകരണത്തിന് 12 എംപി കാമറ ഉണ്ടായിരിക്കുമെന്ന് പറയപ്പെടുന്നു. 82,999 രൂപ മുതൽ 1,32,999 രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates