

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ്, തങ്ങളുടെ ഏറ്റവും പുതിയ ഫ്‌ലാഗ്ഷിപ്പ് സീരീസ് ഉടന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. സാംസങ് ഗാലക്സി എസ്26 അള്‍ട്രാ ഈ പരമ്പരയിലെ പ്രീമിയം ഫോണായിരിക്കും. റിലീസ് തീയതി ഇതുവരെ സാംസങ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഉടന്‍ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
പുതിയ രൂപകല്‍പ്പനയും മെച്ചപ്പെട്ട പ്രകടനവും ഉള്‍പ്പെടെ നിരവധി സവിശേഷതകളോടെയാണ് സ്മാര്‍ട്ട്ഫോണ്‍ വരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 16 ജിബി റാമും 1 ടിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള എസ് സീരീസിലെ ആദ്യ മോഡലായി എസ് 26 അള്‍ട്രാ മാറിയേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. കൂടുതല്‍ മെമ്മറി ആവശ്യമുള്ള ഉപയോക്താക്കളെ തൃപ്തിപ്പെടുത്തുന്നതിന് ജര്‍മ്മനി, ഇന്ത്യ, യുകെ, യുഎസ് തുടങ്ങിയ പ്രധാന വിപണികളില്‍ ഈ ഹൈ-എന്‍ഡ് ഓപ്ഷന്‍ അവതരിപ്പിക്കുന്നത് നല്ലതാണെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്.
സ്മാര്‍ട്ട്ഫോണിന് 120Hz റിഫ്രഷ് റേറ്റുള്ള 6.9 ഇഞ്ച് ക്വാഡ് എച്ച്ഡി+ അമോലെഡ് ഡിസ്പ്ലേ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ക്വാല്‍കോമിന്റെ സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 പ്രോസസറില്‍ ഉപകരണം പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള വണ്‍ യുഐ 8.5 ഇതില്‍ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.
5,000mAh അല്ലെങ്കില്‍ 5,400mAh ബാറ്ററിയും 60W ഫാസ്റ്റ് ചാര്‍ജിങ്ങും ഫോണില്‍ ഉള്‍പ്പെടുത്തിയേക്കാം. കാമറകളെക്കുറിച്ച് പറയുമ്പോള്‍, ഗാലക്‌സി എസ് 26 അള്‍ട്രയില്‍ 200MP പ്രൈമറി കാമറ സെന്‍സര്‍, 50MP അള്‍ട്രാ-വൈഡ്-ആംഗിള്‍ ലെന്‍സ്, 5x ഒപ്റ്റിക്കല്‍ സൂം ശേഷിയുള്ള 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെന്‍സ്, 3x സൂമുള്ള 12MP ടെലിഫോട്ടോ ലെന്‍സ് എന്നിവയുണ്ട്. സെല്‍ഫികള്‍ക്കായി, ഫോണില്‍ 12MP ഫ്രണ്ട് കാമറ ഉണ്ടാകും. ഫെബ്രുവരി 25 ന് നടക്കുന്ന ഗാലക്സി അണ്‍പാക്ക്ഡ് 2026 ഇവന്റില്‍ എസ് 26 സീരീസിനൊപ്പം സാംസങ് ഗാലക്സി എസ് 26 അള്‍ട്രയും വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. ഗാലക്സി എസ് 26 അള്‍ട്രാ ഇന്ത്യന്‍ വിപണിയില്‍ എത്തിയാല്‍ ഏകദേശം 1,70,000 രൂപ വില വരുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates