

പച്ചവെള്ളം കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കുടിക്കുന്ന പാനീയം ചായയാണ്. അത്രയേറെ ജനപ്രീതിയുണ്ട് ചായയ്ക്ക്. ഒന്നല്ല, ഒരു നൂറു വെറൈറ്റി ചായകൾ ഇന്ന് സുലഭമാണ്. വീടുകളിലാണെങ്കിൽ പോലും പലരും പല രീതിയിലാണ് ചായ ഉണ്ടാക്കുന്നത്. വെള്ളം തിളപ്പിച്ച് പൊടിയിട്ട് ചായ ഉണ്ടാക്കുന്നവരുണ്ട് അല്ലെങ്കിൽ പാലിൽ പൊടിയിട്ട് ചായ ഉണ്ടാക്കുന്നവരുമുണ്ട്. രീതി മാറുന്നതനുസരിച്ച് ചായയുടെ രുചിയും മാറും.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ചായയ്ക്കുമുണ്ട് ചില ദോഷങ്ങൾ. ചായ കുടിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്.
അമിതമാകരുത്: ചായയില്‍ ടാന്നിന്‍ അടങ്ങിയിട്ടുണ്ട്. ഇത് അമിതമായി ശരീരത്തിലെത്തിയാല്‍ ഇരുമ്പ് ആഗിരണം ചെയ്യാനുള്ള കഴിവിനെ തടസപ്പെടുത്താം. കൂടാതെ ചായയില്‍ അടങ്ങിയിട്ടുള്ള കഫീന്‍ ശരീരത്തില്‍ നിന്ന് വെള്ളം പുറന്തള്ളുന്നതിനും അതുവഴി നിര്‍ജ്ജലീകരണത്തിലേക്ക് നയിക്കുന്നതിനും കാരണമാകും. അതുകൊണ്ട് ദിവസവും രണ്ട് കപ്പില്‍ കൂടുതല്‍ ചായ കുടിക്കരുതെന്നാണ് വിദഗ്ധര്‍ പറയുന്നത്.
മസാല കൂടരുത്: മസാല ചായ പലരുടെയും ഫേവറേറ്റ് ആണ്. ചായയിലെ മസാലയുടെ കിക്ക് നിങ്ങള്‍ക്ക് ഊര്‍ജ്ജം പകരുമെങ്കിലും ഇത് അധികമായാല്‍ പ്രതികൂലമായി ബാധിച്ചേക്കാം. ഇഞ്ചി, ഗ്രാമ്പൂ, കറുവപ്പട്ട, ഏലക്ക, ജാതിക്ക, കറുവയില എന്നിവയാണ് സാധാരണ മസാല ചായയിലെ ചേരുവകള്‍. ഇവയെല്ലാം ശരീരത്തിന് ചൂട് നല്‍കുന്നവയാണ്. ഇത്തരം ചേരുവകള്‍ അമിതമായി ശരീരത്തിലെത്തിയാല്‍ വാത, പിത്ത, കഫ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തിയേക്കാം. അതുകൊണ്ട് ചായയില്‍ മിതമായ അളവില്‍ മസാലകള്‍ ചേര്‍ക്കുന്നതാണ് നല്ലത്.
രാവിലെത്തെ ചായ!: പലരുടെയും ഒരു ദിവസം തുടങ്ങുന്നതുതന്നെ ചായ കുടിച്ചാണ്. പക്ഷെ, വെറുംവയറ്റില്‍ ചായ കുടിക്കുന്നത് ശരീരത്തിലെ ഉപാപചയം മന്ദഗതിയിലാക്കും. ഇത് ദഹനക്കേട്, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. അതുകൊണ്ട് ഭക്ഷണത്തോടൊപ്പം ചായ കുടിക്കുന്നതാണ് നല്ലതെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ചായപ്പൊടി ഒരുപാട് തിളപ്പിക്കരുത്: ചായ ഉണ്ടാക്കുന്നത് കാണുമ്പോള്‍ തന്നെ അതിന്റെ രുചി ആസ്വദിക്കാനാകുമെന്നാണ് പറയുന്നത്. മസാല ചായ തയ്യാറാക്കുമ്പോള്‍ ചിലര്‍ ചേരുവകള്‍ ഒരുപാടുനേരം തിളപ്പിക്കാറുണ്ട്. എന്നാല്‍, ചായപ്പൊടിയും മറ്റ് ചേരുവകളും കൂടുതല്‍ നേരം തിളപ്പിക്കുന്നത് ചായക്ക് കയിപ്പ് രുചി കലരാന്‍ ഇടയാക്കും. ഇതുമൂലം അമിതമായ അളവില്‍ കഫീന്‍ ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യും.
ഭക്ഷണത്തിന് പിന്നാലെ ചായ പാടില്ല: ചായ കുടിക്കുന്നത് അസിഡിറ്റിക്ക് കാരണമാകുന്നതുകൊണ്ടുതന്നെ അത് ദഹനപ്രക്രിയയെ ബാധിക്കും. കൂടാതെ, ടാന്നിനുകള്‍ ശരീരത്തിലെ ഇരുമ്പിന്റെയും പ്രോട്ടീനിന്റെയും ആഗിരണം തടസ്സപ്പെടുത്തുമെന്നതിനാല്‍ ഭക്ഷണം കഴിഞ്ഞ് കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ഇടവേളയെടുത്ത ശേഷമേ ചായ കുടിക്കാവൂ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates