

മറവിയുടെ ലോകത്തേക്ക് ആളുകളെ തള്ളിവിടുന്ന ഡിമെന്‍ഷ്യ എന്ന രോഗത്തിന്റെ ഏറ്റവും സാധാരണ രൂപമാണ് അല്‍ഷിമേഴ്‌സ്. വീണ്ടുമൊരു ലോക അല്‍ഷിമേഴ്‌സ് ദിനം കടന്നുപോകുമ്പോള്‍ രോഗ ബാധിതരുടെ ജീവിതം കൂടുതല്‍ മെച്ചപ്പെടുത്തുന്നതില്‍ പുനരധിവാസം ഏറെ പ്രധാനമാണെന്ന് വ്യക്തമാക്കുകയാണ് 2025-ലെ ലോക അല്‍ഷിമേഴ്സ് റിപ്പോര്‍ട്ട്.
ഇത്തവണയും ഏറെ ചര്‍ച്ചകള്‍ ഒന്നും ഇല്ലാതെ ലോക അല്‍ഷിമേഴ്‌സ് ദിനം കടന്നുപോകുമ്പോള്‍ മറക്കാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുകയാണ് ശാസ്ത്ര ലേഖകനായ ഡോ. മനോജ് വെള്ളനാട്. ഡിമന്‍ഷ്യ എന്നാല്‍ ഓര്‍മ്മശക്തിയെയും ചിന്താശേഷിയെയും ബാധിക്കുന്ന രോഗങ്ങളുടെ ഒരു കൂട്ടമാണ്. ലോകത്ത് ഡിമന്‍ഷ്യ ഉള്ളവരില്‍ 60-80 ശതമാനം പേര്‍ക്കും അല്‍ഷിമേഴ്‌സ് രോഗമാണുള്ളത് എന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
കുറിപ്പ് പൂര്‍ണരൂപം-
ഇന്ന് ലോക അല്‍ഷൈമേഴ്‌സ് ദിനമാണെന്ന കാര്യം തന്നെ മറന്നുപോയി. വീണ്ടും മറക്കും മുമ്പ് അല്‍ഷൈമേഴ്‌സിനെ പറ്റി കുറച്ച് ഗോസിപ്പുകള്‍ പറഞ്ഞിട്ട് പോകാമെന്ന് കരുതി.
1. പ്രായമാകുമ്പോള്‍ ഉണ്ടാവുന്ന സാധാരണ മറവി പോലെയല്ല ഇത്. നമ്മള്‍ ഒരു താക്കോല്‍ എവിടെയോ വെച്ചത് മറക്കുന്നത് സാധാരണമാണ്. എന്നാല്‍ താക്കോലെടുത്ത കാര്യം പോലും ഓര്‍മ്മയില്ലാത്ത അവസ്ഥയാണ് അല്‍ഷിമേഴ്‌സ്.
2. ഒരു കമ്പ്യൂട്ടര്‍ ഹാങ് ആവുന്നത് പോലെ, തലച്ചോറിലെ ചിന്തകളും ഓര്‍മ്മകളും കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള കഴിവും താറുമാറാകുന്നു. ഓര്‍മ്മ, ചിന്ത, പെരുമാറ്റം എന്നിവയെ ഗുരുതരമായി ബാധിക്കുന്ന ഒരു മസ്തിഷ്‌ക രോഗമാണിത്. പതിയെപ്പതിയെ രോഗം കൂടുകയും ദൈനംദിന കാര്യങ്ങള്‍ പോലും ചെയ്യാന്‍ കഴിയാതെ വരികയും ചെയ്യും.
3. ഡിമന്‍ഷ്യയുടെ ഏറ്റവും സാധാരണ രൂപമാണ് അല്‍ഷിമേഴ്‌സ്. ഡിമന്‍ഷ്യ എന്നാല്‍ ഓര്‍മ്മശക്തിയെയും ചിന്താശേഷിയെയും ബാധിക്കുന്ന രോഗങ്ങളുടെ ഒരു കൂട്ടമാണ്. ലോകത്ത് ഡിമന്‍ഷ്യ ഉള്ളവരില്‍ 60-80% പേര്‍ക്കും അല്‍ഷിമേഴ്‌സ് രോഗമാണ്.
4. അല്‍ഷിമേഴ്സ് പൂര്‍ണ്ണമായി ഭേദമാക്കാന്‍ നിലവില്‍ മരുന്നുകളില്ല. പക്ഷേ, രോഗലക്ഷണങ്ങളെ നിയന്ത്രിക്കാനും രോഗം മൂര്‍ച്ഛിക്കുന്നത് വൈകിപ്പിക്കാനും സഹായിക്കുന്ന മരുന്നുകള്‍ ഇന്ന് ലഭ്യമാണ്. അതുകൊണ്ട് നേരത്തേ കണ്ടെത്തി ചികിത്സ തുടങ്ങുന്നത് വളരെ പ്രധാനമാണ്. അല്‍ഷിമേഴ്‌സിന് ലിഥിയം ഗുണപ്രദമായേക്കുമെന്ന കണ്ടെത്തല്‍ ശാസ്ത്രലോകത്തെ കുറച്ചൊന്ന് സന്തോഷിപ്പിക്കുന്നുണ്ടെങ്കിലും ആഹ്ലാദിക്കാന്‍ ടൈമായില്ല. ക്ഷമ വേണം.
5. ചിലപ്പോള്‍ ഇത് കുടുംബപരമായി വരാന്‍ സാധ്യതയുണ്ട്. അടുത്ത ബന്ധുക്കള്‍ക്ക് ഈ രോഗം ഉണ്ടെങ്കില്‍, നിങ്ങള്‍ക്കും വരാനുള്ള സാധ്യത കൂടുതലാണ്. പക്ഷേ, അത് എല്ലാവര്‍ക്കും വരണമെന്നില്ല. അതുകൊണ്ട് അനാവശ്യമായി പേടിക്കേണ്ടതില്ല. പേടിക്കാതെയും ഇരിക്കണ്ടാ എന്നു കരുതി പറഞ്ഞു എന്നേയുള്ളു.
6. അല്‍ഷിമേഴ്‌സ് രോഗം പുരുഷന്മാരേക്കാള്‍ സ്ത്രീകളിലാണ് കൂടുതല്‍ കണ്ടുവരുന്നത്. ഒരുപക്ഷേ സ്ത്രീകള്‍ കൂടുതല്‍ കാലം ജീവിക്കുന്നതുകൊണ്ടോ അല്ലെങ്കില്‍ മറ്റു ചില കാരണങ്ങളാലോ ആകാം ഇത്. അതിനെക്കുറിച്ച് കൂടുതല്‍ ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്.
7. 'മറവി' മാത്രമല്ല, ഒരുപാട് ലക്ഷണങ്ങളുണ്ട്: ഓര്‍മ്മക്കുറവ് മാത്രമല്ല ഇതിന്റെ ലക്ഷണം. പെട്ടെന്ന് ദേഷ്യം വരിക, വാക്കുകള്‍ കിട്ടാതിരിക്കുക, കണക്കുകൂട്ടാന്‍ കഴിയാതിരിക്കുക, തീരുമാനമെടുക്കാന്‍ ബുദ്ധിമുട്ടനുഭവിക്കുക എന്നിവയെല്ലാം ലക്ഷണങ്ങളാണ്. സിനിമകളില്‍ കാണുന്നതുപോലെ ഒറ്റ രാത്രികൊണ്ട് ഓര്‍മ്മകള്‍ നഷ്ടപ്പെടുന്നതല്ല ഈ രോഗം.
8. തലച്ചോറില്‍ ചില അസാധാരണമായ പ്രോട്ടീന്‍ തന്മാത്രകള്‍ അടിഞ്ഞുകൂടുകയും അത് നാഡീകോശങ്ങള്‍ തമ്മിലുള്ള ആശയവിനിമയം തടസ്സപ്പെടുത്തുകയും ചെയ്യുന്നതാണ് പ്രശ്‌നം. ഇത് നമ്മുടെ തലച്ചോറിനെ പതിയെപ്പതിയെ നശിപ്പിക്കുന്നു.
9. 'ഹെല്‍ത്തി ലൈഫ്‌സ്‌റ്റൈല്‍' ആണ് ബെസ്റ്റ് ഫ്രണ്ട്: ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, വ്യായാമം ചെയ്യുക, പുതിയ കാര്യങ്ങള്‍ പഠിക്കുക, നല്ല ബന്ധങ്ങള്‍ സ്ഥാപിക്കുകയും നിലനിര്‍ത്തുകയും ചെയ്യുക എന്നിവയെല്ലാം അല്‍ഷിമേഴ്‌സ് വരാനുള്ള സാധ്യത കുറയ്ക്കും.
10. രോഗിയെ പരിപാലിക്കുന്നവര്‍ക്ക് പ്രത്യേക ശ്രദ്ധ വേണം: അല്‍ഷിമേഴ്‌സ് രോഗികളെ പരിചരിക്കുന്നത് മാനസികമായി വലിയ സമ്മര്‍ദ്ദമുണ്ടാക്കുന്ന കാര്യമാണ്. അതിനാല്‍ രോഗിയെ പരിചരിക്കുന്നവര്‍ സ്വന്തം ആരോഗ്യത്തിനും സന്തോഷത്തിനും പ്രാധാന്യം നല്‍കണം.
11. 'വയസ്സാവുമ്പോള്‍ ഇതൊക്കെ സാധാരണമാണ്' എന്ന് കരുതരുത്: ചില മറവികള്‍ സ്വാഭാവികമാണ്. എന്നാല്‍, അത് ദൈനംദിന ജീവിതത്തെ ബാധിക്കാന്‍ തുടങ്ങിയാല്‍ ഒരു ഡോക്ടറെ കാണിക്കുന്നത് വളരെ പ്രധാനമാണ്. കാരണം ഇത് അല്‍ഷിമേഴ്‌സ് ആകാം, അല്ലെങ്കില്‍ ചികിത്സ ആവശ്യമുള്ള മറ്റൊരു രോഗമാകാം.
അല്‍ഷിമേഴ്‌സ് ഒരു രോഗമാണ്, അത് വയസ്സായതിന്റെ ലക്ഷണമായി കാണരുത്. ഈ രോഗത്തെക്കുറിച്ച് കൂടുതല്‍ അറിയുന്നതും, രോഗികളോട് സഹാനുഭൂതിയോടെ പെരുമാറുന്നതും വളരെ പ്രധാനമാണ്.
12. 1901-ല്‍ ജര്‍മ്മന്‍ സൈക്യാട്രിസ്റ്റും ന്യൂറോപാത്തോളജിസ്റ്റുമായ അലോഷ്യസ് അല്‍ഷിമര്‍ ആണ് ഈ രോഗത്തെ പറ്റി ആദ്യമായി പറയുന്നത്. 51 വയസ്സുള്ള ഓഗസ്റ്റെ എന്ന സ്ത്രീയായിരുന്നു അദ്ദേഹത്തിന്റെ രോഗി. ഓഗസ്റ്റെക്ക് അസാധാരണമായ ഓര്‍മ്മക്കുറവും, സ്ഥലകാലബോധമില്ലായ്മയും, സംസാരശേഷി കുറയുന്നതും പോലുള്ള ലക്ഷണങ്ങളുണ്ടായിരുന്നു. ഇത് സാധാരണ വാര്‍ദ്ധക്യസഹജമായ മാറ്റങ്ങളായിരുന്നില്ലെന്ന് അല്‍ഷിമര്‍ തിരിച്ചറിഞ്ഞു. ഓഗസ്റ്റെയുടെ മരണശേഷം, അല്‍ഷിമര്‍ അവരുടെ തലച്ചോറ് എടുത്ത് പഠനവിധേയമാക്കിയാണ് രോഗകാരണം കണ്ടെത്തുന്നത്.
13. എന്നാല്‍ 1990-കളില്‍ അമേരിക്കന്‍ പ്രസിഡന്റായ റൊണാള്‍ഡ് റീഗന് രോഗം വന്നപ്പോഴാണ് ലോകം ഇതിനെ കാര്യമായി ശ്രദ്ധിക്കുന്നതും പഠിക്കുന്നതും ഫണ്ടുകള്‍ അനുവദിക്കപ്പെടുന്നതും ഒക്കെ. ശാസ്ത്രലോകത്തിനും ചിലപ്പോള്‍ അല്‍ഷിമേഴ്‌സ് ബാധിക്കും. വലിയ ആള്‍ക്കാര്‍ക്ക് രോഗം വരുമ്പോള്‍ പെട്ടെന്ന് എല്ലാം ഓര്‍മ്മ വരും. അതാണല്ലോ ചരിത്രം.
തല്‍ക്കാലം ഇന്നിത്രയും പരദൂഷണം മതി. ബോറടിക്കുന്നു. ??
മനോജ് വെള്ളനാട്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates