

നമ്മുടെ ശരീരത്തില്‍ അവശ്യം വേണ്ട പോഷകമാണ് വിറ്റാമിന്‍ ഡി (Vitamin D). സൂര്യപ്രകാശമാണ് വിറ്റാമിന്‍ ഡിയുടെ പ്രധാന ഉറവിടം. അതുകൊണ്ട് 'സണ്‍ഷൈന്‍ വിറ്റാമിന്‍' എന്നും വിറ്റാമിന്‍ ഡിയെ വിളിക്കുന്നു. ഇത് ശരീരത്തിലെ കൊഴുപ്പിനെ അലിയിക്കാനും കാത്സ്യത്തിൻറെയും ഫോസ്ഫേറ്റിൻറെയും ആഗിരണം മെച്ചപ്പെടുത്തി, എല്ലുകളുടെയും പല്ലുകളുടെയും ബലം വര്‍ധിപ്പിക്കുന്നതില്‍ വിറ്റാമിന്‍ ഡി നിര്‍ണായകമാണ്.
അസ്ഥികളെ ദുർബലപ്പെടുത്തുകയും പെട്ടെന്ന് പൊട്ടിപ്പോകാനും ഇടയാക്കുന്ന ഓസ്റ്റിയോപൊറോസിസ് എന്ന അവസ്ഥ ഒഴിവാക്കുന്നതില്‍ വിറ്റാമിന്‍ ഡി ഒരു പ്രധാനപങ്ക് വഹിക്കുന്നു. ശരീരത്തിൽ വിറ്റാമിൻ ഡി കുറയുന്നത് എല്ലുകളുടെ സാന്ദ്രത കുറച്ച് ഒടിവുകൾക്കുള്ള സാധ്യത വർധിപ്പിക്കും. എന്നാല്‍ അസ്ഥികളുടെ ആരോഗ്യക്കാര്യത്തില്‍ മാത്രം ഒതുങ്ങുന്നതല്ല, വിറ്റാമിന്‍ ഡിയുടെ പ്രാധാന്യം. തലച്ചോറിനെ സംരക്ഷിക്കുന്ന ആൻറി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട് വിറ്റാമിന്‍ ഡിക്ക്. തലച്ചോറിനും ശരീരത്തിലെ മറ്റ് അവയവങ്ങൾക്കുമിടയിൽ സന്ദേശം അയക്കുന്നതിന് ഞരമ്പുകൾ വിറ്റാമിൻ ഡിയെ ഉപയോഗപ്പെടുത്തുന്നു. മാത്രമല്ല, വിറ്റാമിൻ ഡിയുടെ അഭാവം രോഗപ്രതിരോധ ശേഷിയെ ബാധിക്കുകയും ഇതിനു പുറമേ പ്രമേഹം, ഉയർന്ന രക്തസമ്മർദം, അർബുദം കൂടാതെ, മൾട്ടിപ്പിൾ സ്കളീറോസിസ് എന്നിങ്ങനെയുള്ള ഓട്ടോ ഇമ്മ്യൂൺ രോഗങ്ങളും വിറ്റമിൻ ഡിയുടെ അഭാവവുമായി ബന്ധമുണ്ട്.
വിറ്റാമിന്‍ ഡിയും വിഷാദവും
മാനസികാവസ്ഥയെ ബാധിക്കുന്ന ഒരു തകരാറാണ് വിഷാദം. ഇത് വ്യക്തിയുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുകയും ജീവിതനിലവാരം കുറയുകയും ചെയ്യുന്നു. വിഷാദവുമായി ബന്ധപ്പെട്ട് കേള്‍ക്കുന്ന ഒന്നാണ് വിറ്റാമിന്‍ ഡിയുടെ അഭാവം. എന്നാല്‍ വിറ്റാമിന്‍ ഡിയുടെ അഭാവം വിഷാദത്തിലേക്ക് നയിക്കുമെന്നതിന് ശാസ്ത്രിയ തെളിവുകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. എന്നാല്‍ ഇവ തമ്മില്‍ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നുവെന്ന് നിരവധി പഠനങ്ങള്‍ പറയുന്നു.
അമേരിക്കയില്‍ മുതിര്‍ന്നവരില്‍ നടത്തിയ ഒരു പഠനത്തില്‍ വിറ്റാമിൻ ഡി നിലയും വിഷാദവും തമ്മിലുള്ള ബന്ധമുള്ളതായി കണ്ടെത്തി. വിഷാദരോഗം വരാന്‍ സാധ്യത കൂടുതലുള്ള മുതിർന്നവരെ തിരിച്ചറിയാൻ വിറ്റാമിൻ ഡിയുടെ നില സഹായിക്കുമെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. അതായത് വിറ്റാമിന്‍ ഡിയുടെ അളവ് നിരീക്ഷിക്കുന്നത് വിഷാദരോഗം കണ്ടെത്തുന്നതിനും ചികിത്സയുടെ പുരോഗതി ട്രാക്ക് ചെയ്യുന്നതിനും സഹായിച്ചേക്കാമെന്നും ഗവേഷകര്‍ പറയുന്നു. അതേസമയം പ്രായം, ആരോഗ്യസ്ഥിതി, ചർമത്തിന്റെ നിറം എന്നിവയെ അടിസ്ഥാനമാക്കി വിറ്റാമിന്‍ ഡിയുടെ ആവശ്യകതയില്‍ മാറ്റം വരാം.
വിഷാദരോഗ ലക്ഷണങ്ങള്‍ വ്യക്തികളെ അടിസ്ഥാനപ്പെടുത്തിയാണെങ്കിലും ചില പൊതുവായ ലക്ഷണങ്ങളുണ്ട്
സങ്കടവും ഉത്കണ്ഠയും
മുന്‍പ് ആസ്വദിച്ചു ചെയ്തിരുന്ന ജോലി അല്ലെങ്കില്‍ ഹോബി എന്നിവയില്‍ താല്‍പര്യമോ സന്തോഷമോ നഷ്ടപ്പെടുക.
നിരാശ, ക്ഷോഭം, അസ്വസ്ഥത
നിസഹായനോ അര്‍ഹനല്ലെന്നോ ഉള്ള തോന്നൽ
ക്ഷീണം അല്ലെങ്കിൽ ഊർജ്ജ നഷ്ടം
ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനോ തീരുമാനങ്ങൾ എടുക്കുന്നതിനോ ഉള്ള ബുദ്ധിമുട്ട്
അമിതമായ ഉറക്കം അല്ലെങ്കില്‍ ഉറക്കമില്ലായ്മ
അമിത വിശപ്പ് അല്ലെങ്കില്‍ വിശപ്പില്ലായ്മ
ശരീരഭാരത്തിലെ മാറ്റങ്ങള്‍
ശാരീരിക വേദനകൾ, തലവേദന, മലബന്ധം, അല്ലെങ്കിൽ ദഹന പ്രശ്നങ്ങൾ
മരണത്തെക്കുറിച്ചോ ആത്മഹത്യയെക്കുറിച്ചോ ഉള്ള ചിന്തകൾ.
വിറ്റാമിൻ ഡി സപ്ലിമെന്റുകൾ വിഷാദത്തിന് പരിഹാരമാകുമോ?
മാനസികാവസ്ഥാ വൈകല്യങ്ങൾ ചികിത്സിക്കുന്നതിനുള്ള മാർഗനിർദേശങ്ങളിൽ വിറ്റാമിൻ ഡി ഉൾപ്പെടുത്തിയിട്ടില്ലെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വിറ്റാമിൻ ഡി സപ്ലിമെന്റുകൾ വിഷാദ ലക്ഷണങ്ങളെ ബാധിക്കില്ലെന്നാണ് ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നതെങ്കിലും വിഷാദരോഗത്തിന് വിറ്റാമിൻ ഡിയുടെ ഫലപ്രാപ്തി നിർണയിക്കുന്നതില്‍ പഠനങ്ങള്‍ ആവശ്യമാണെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു.
വിറ്റാമിൻ ഡിയുടെ അഭാവത്തിനുള്ള കാരണങ്ങള്‍
സൂര്യപ്രകാശം: നമ്മുടെ ചർമ്മത്തിന് വിറ്റാമിൻ ഡി ഉൽപ്പാദിപ്പിക്കുന്നതിന് ആവശ്യമായ സൂര്യപ്രകാശം പ്രത്യേകിച്ച് പ്രഭാതസമയത്ത് ലഭിക്കുന്നത് പ്രധാനമാണ്. സൂര്യന്റെ അൾട്രാവയലറ്റ് ബി(യുവിബി) രശ്മികൾ ചർമ്മത്തിലെ 7-ഡിഎച്ച്സി എന്ന പ്രോട്ടീനുമായി ഇടപഴകുകയും വൈറ്റമിൻ ഡി 3 ആക്കി മാറ്റുകയും ചെയ്യുന്നു. അതിരാവിലെ, 8 മണിക്ക് മുമ്പ് സൂര്യപ്രകാശം ഏൽക്കുന്നത് വിറ്റാമിൻ ഡി ഉണ്ടാകാൻ സഹായിക്കുന്നതാണ്.
സൾഫർ: സൾഫർ നിങ്ങളുടെ ശരീരത്തിലെ പ്രോട്ടീനുകളുടെ ഭാഗമായ ഒരു പ്രധാന ധാതുവാണ്, മാത്രമല്ല ഇത് നിരവധി ശാരീരിക പ്രക്രിയകളെ സഹായിക്കുന്ന ഒന്നാണ്. സൂര്യപ്രകാശം ഏൽക്കാത്തതിനാൽ, നമ്മുടെ ശരീരത്തിന് ആവശ്യമായ അളവിൽ വിറ്റാമിൻ ഡി 3 നിർമ്മിക്കാൻ കഴിയില്ല. സൾഫറിന്റെ ഉറവിടങ്ങളായ ബ്രോക്കോളി, മുട്ട, പരിപ്പ്, വിത്തുകൾ, പയർവർഗ്ഗങ്ങൾ എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കാതിരിക്കുന്നതും ഈ കുറവിന് കാരണമാകും.
മഗ്നീഷ്യം: വിറ്റാമിൻ ഡിയുടെ പ്രവർത്തനത്തെ സഹായിക്കുന്ന ഒന്നാണ് മഗ്നീഷ്യം. ഇത് കാൽസ്യം, ഫോസ്ഫേറ്റ് ഹോമിയോസ്റ്റാസിസ് എന്നിവ നിയന്ത്രിച്ച് എല്ലുകളുടെ വളർച്ചയെയും പരിപാലനത്തെയും സഹായിക്കും. വിറ്റാമിൻ ഡിയെ പോഷിപ്പിക്കുന്ന എല്ലാ എൻസൈമുകൾക്കും മഗ്നീഷ്യം ആവശ്യമാണെന്നാണ് വിദഗ്ധർ പറയുന്നത്. ഇത് കരളിലെയും വൃക്കകളിലെയും എൻസൈമാറ്റിക് പ്രതിപ്രവർത്തനങ്ങളിൽ ഒരു സഹഘടകമായി നിലകൊള്ളും.
കൊഴുപ്പ്: അമിതവണ്ണവും വിറ്റാമിൻ ഡിയുടെ കുറയാൻ കാരണമായേക്കാം. അമിതവണ്ണമുള്ളവരിൽ വിറ്റാമിൻ ഡി 50% കുറവാണെന്നാണ് കണ്ടെത്തൽ.
വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണം: മുട്ട, പാലുൽപ്പന്നങ്ങൾ, മത്സ്യം, ചീസ്, ചീര, ഓക്ര അല്ലെങ്കിൽ വൈറ്റ് ബീൻസ് തുടങ്ങിയ വിറ്റാമിൻ ഡി ഭക്ഷണങ്ങൾ വേണ്ടത്ര കഴിക്കാത്തതും വിറ്റാമിൻ ഡിയുടെ കുറവിന് കാരണമാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates