

കോശങ്ങൾ അനിയന്ത്രിതമായി വളരുന്ന രോഗാവസ്ഥയാണ് അർബുദം, ഇത് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരാറില്ല. അര്‍ബുദവുമായി ബന്ധപ്പെട്ട ജീനുകള്‍ ജനിതകമായി കൈമാറ്റം ചെയ്യപ്പെടാം. എന്നാൽ ഒരു ജീവിയിൽ നിന്ന് മറ്റൊന്നിലേക്ക് സമ്പർക്കം വഴി പകരുന്ന അർബുദം ശുദ്ധജല ജീവികളിൽ കണ്ടെത്തിയതായി ഗവേഷകർ.
കാനഡയിലെ ക്യുബെക്കിലും യുഎസിലെ വെര്‍മോണ്ടിലുമായി വ്യാപിച്ചു കിടക്കുന്ന മെംഫ്രെമാഗോഗ് നദിയിലെ ബ്രൗണ്‍ ബുള്‍ഹെഡ് ക്യാറ്റ് ഫിഷിലാണ് ഈ പ്രത്യേക തരം അർബുദം കണ്ടെത്തിയത്. ഇതിന് മുൻപ് ശുദ്ധജല മത്സ്യങ്ങളിൽ ഇത്തരം അർബുദം നിരീക്ഷിച്ചിട്ടില്ല. നായ്ക്കളിലും ടാസ്മാനിയന്‍ ഡെവിള്‍സിലും കടലിലെ ഷെല്‍ഫിഷിലും പകരുന്ന അർബുദം മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ അർബുദ കോശങ്ങൾ എങ്ങനെ പടരുന്നുവെന്നതിന്റെ കൃത്യമായ മാർഗം ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രത്യുത്പാദന സമയത്ത് മത്സ്യങ്ങൾ കൂട്ടം കൂടുമ്പോഴോ, ചുറ്റുമുള്ള ജലത്തിലൂടെയോ ഒക്കെയാകാം അര്‍ബുദ കോശങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്നതെന്ന് നേച്ചര്‍ മാസികയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
സമ്പര്‍ക്കം വഴി പടരുന്ന അര്‍ബുദം കാരണം മെംഫ്രെമാഗോഗ് നദിയിലെ ഈ മീനിന്റെ എണ്ണത്തില്‍ 30 ശതമാനം വരെ കുറവ് വരുത്തിയതായി പഠന റിപ്പോര്‍ട്ടിൽ പറയുന്നു. നോര്‍ത്ത് അമേരിക്കയിലെ മറ്റ് ശുദ്ധജല തടാകങ്ങളിലും ഇത്തരം അര്‍ബുദ രോഗ സാധ്യത മീനുകളില്‍ ഉണ്ടാകാമെന്ന് ഗവേഷകര്‍ കരുതുന്നു. എന്നാല്‍ ഇതിന് സ്ഥിരീകരണം ലഭിച്ചിട്ടില്ല.
മനുഷ്യര്‍ക്കോ മറ്റ് മൃഗങ്ങള്‍ക്കോ മീനുകളിൽ നിന്ന് അർബുദം പടരുന്നതായി ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ മനുഷ്യരിലെ അര്‍ബുദം വ്യത്യസ്തമായി രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. മറ്റൊരു വ്യക്തിയില്‍ നിന്നുള്ള കോശങ്ങളെ കണ്ടെത്തുന്നതിലും നശിപ്പിക്കുന്നതിലും നമ്മുടെ പ്രതിരോധ സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്.
അവയവം മാറ്റി വയ്ക്കല്‍, ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട അര്‍ബുദങ്ങള്‍ എന്നിങ്ങനെ തികച്ചും അപൂര്‍വമായ ചില സാഹചര്യങ്ങളില്‍ മനുഷ്യരില്‍ അര്‍ബുദം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരാറുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates