

'ഹാ.. കുറേ കാലമായി നിങ്ങളോടൊപ്പം ഒന്ന് കൂടണമെന്ന് വിചാരിച്ചിട്ട്'- ഫഹദ് ഫാസിൽ ചിത്രം ആമേനിൽ നടൻ ശശി കലിംഗ നിശ്ചലമായി നിൽക്കുന്ന പ്രതിമകളോട് സംസാരിച്ചു തുടങ്ങുന്ന ഈ രംഗം നമ്മളിൽ ഏറെ ചിരിപടർത്തിയിട്ടുണ്ട്. ഇത് സിനിമയിലെ കാര്യം. പക്ഷെ മനഃശാസ്ത്രത്തിൽ 'എംറ്റി ചെയർ ടെക്നിക്' എന്നാണ് ഇത്തരം സെൽഫ് ടോക്കുകളെ വിശേഷിപ്പിക്കുന്നത്. ഗെസ്റ്റാൾട്ട് തെറാപ്പിയിൽ നിന്നാണ് ഈ ടെക്നിക് രൂപപ്പെട്ടത്.
അതായത്, ഉള്ളിൽ ആരോടും പറയാതെ അടച്ചുസൂക്ഷിക്കുന്ന വികാരങ്ങൾ മുന്നിൽ ഒരു ഒഴിഞ്ഞ കസേര വച്ച് അതിലിരിക്കുന്ന സാങ്കൽപ്പിക മനുഷ്യരോട് അല്ലെങ്കിൽ വ്യക്തികളോട് സംസാരിക്കുക. ഇതിനെയാണ് Empty Chair Technique എന്ന് വിളിക്കുന്നത്. കുറ്റബോധം, പറയാൻ ബാക്കിയായ കാര്യങ്ങൾ, വേദനിപ്പിച്ച ആളോട് ചോദിക്കാനുണ്ടായിരുന്ന ചോദ്യങ്ങൾ, അല്ലെങ്കിൽ സ്വന്തം മനസ്സിനുള്ളിൽ തന്നെ നടക്കുന്ന സംഘർഷങ്ങൾ തുടങ്ങിയവ സന്ദർഭങ്ങളിൽ 'എംറ്റി ചെയർ ടെക്നിക്' പരീക്ഷിക്കാറുണ്ട്.
ഇത് വെറും ‘ഒറ്റയ്ക്ക് സംസാരിക്കൽ’ മാത്രമല്ല. വികാരങ്ങളെ കൂടുതൽ വ്യക്തമായി തിരിച്ചറിയാനും അവയെ വാക്കുകളാക്കാനും ബന്ധത്തിലെ പൂർത്തിയാകാത്ത കാര്യങ്ങളെ പരിശോധിക്കാനുമുള്ള രീതിയാണ്. നമ്മൾ മറ്റൊരാളോട് നേരിട്ട് സംസാരിക്കുമ്പോൾ പല കാര്യങ്ങളും നിയന്ത്രിക്കാറുണ്ട്. “ഇത് പറഞ്ഞാൽ അയാൾ എന്ത് വിചാരിക്കും?”, “തുറന്നു പറഞ്ഞാൽ വീണ്ടും വഴക്കുണ്ടാകുമോ?”, “അവരെ വേദനിപ്പിക്കേണ്ട.” ഇങ്ങനെ ചിന്തിച്ച് പല വികാരങ്ങളും ഉള്ളിൽ തന്നെ ഒതുക്കിവയ്ക്കാം. എന്നാൽ മുന്നിലുള്ളത് ഒരു ഒഴിഞ്ഞ കസേര മാത്രമാണെങ്കിൽ സാമൂഹിക വിലയിരുത്തൽ ഭയം കുറയാം. അതോടെ പറയാതെ സൂക്ഷിച്ചിരുന്ന ദേഷ്യം, സങ്കടം, നിരാശ, കുറ്റബോധം, സ്നേഹം, ഭയം തുടങ്ങിയ വികാരങ്ങൾക്ക് വാക്കുകൾ ലഭിക്കും.
2026-ൽ പ്രസിദ്ധീകരിച്ച സിസ്റ്റമാറ്റിക് റിവ്യൂവിൽ വിഷാദം, ട്രോമ, പൂർത്തിയാകാതെ പോയ കാര്യങ്ങൾ, സോഷ്യൽ ആങ്സൈറ്റി, ഒസിഡ്, പിടിഎസ്ഡി, ഈറ്റിങ് ഡിസോർഡർ തുടങ്ങിയ വിവിധ മേഖലകളിൽ ഈ ടെകിനിക്ക് പ്രയോജനപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇത് ഒരുപോലെ വർക്ക് ആകുമെന്നും വിലയിരുത്താൻ കഴിയില്ലെന്ന് വിദഗ്ധർ പറയുന്നു.
പക്ഷേ സൈക്കോതെറാപ്പിയിലെ എംറ്റി ചെയർ ടെക്നിക്ക് സാധാരണയായി ഒരു വ്യവസ്ഥാപിതമായ ചികിത്സാ രീതിയാണ്. അതിൽ പ്രശ്നം തിരിച്ചറിയുക, വികാരം തിരിച്ചറിയുക, സാങ്കൽപ്പിക സംഭാഷണം നടത്തുക, കാഴ്ചപ്പാട് മാറ്റി നോക്കുക, വികാരം പ്രോസസ് ചെയ്യുക എന്നിങ്ങനെ ഘട്ടങ്ങളുണ്ട്. അതുകൊണ്ട് തന്നെ, ഒരു പരിചയസംബന്ധമായ തെറാപ്പിസ്റ്റ് നയിക്കുന്ന രീതിയും വീട്ടിൽ സ്വയം കസേരയോട് സംസാരിക്കുന്നതും ഒരുപോലെയല്ല.
എന്നാൽ വളരെ സിംപിൾ ആയ ഒരു റിഫ്ലക്സിവ് എക്സർസൈസ് ആയി ചിലർ ഇത് പരീക്ഷിക്കാറുണ്ട്.
ശാന്തമായ ഒരു സ്ഥലത്ത് ഒരു കസേര മുന്നിൽ വയ്ക്കുക.
നിങ്ങളുടെ മനസ്സിൽ ഇപ്പോഴും ശക്തമായ വികാരം ഉണ്ടാക്കുന്ന ഒരാളെ തിരഞ്ഞെടുക്കുക.
അവരോട് നേരിട്ട് സംസാരിക്കുന്നതുപോലെ സംസാരിക്കുക.
അപ്പോഴുണ്ടാകുന്ന വികാരത്തിന് പേര് നൽകുക.
നിങ്ങൾക്ക് സുരക്ഷിതവും സുഖകരവുമാണെന്ന് തോന്നുന്നുവെങ്കിൽ, മറുവശത്ത് ഇരുന്ന് ആ വ്യക്തിയുടെ കാഴ്ചപ്പാടിൽ നിന്ന് എന്ത് പ്രതികരണം വരുമായിരുന്നെന്ന് സങ്കൽപ്പിക്കുക.
അവസാനമായി നിങ്ങളോട് തന്നെ ചോദിക്കുക. “എനിക്ക് യഥാർത്ഥത്തിൽ എന്താണ് വേണ്ടിയിരുന്നത്?”
എന്നാൽ വളരെ ആഴത്തിലുള്ള ട്രോമ, കുറ്റബോധം, ഉത്കണ്ഠാ പ്രശ്നങ്ങൾ, വിഷാദം തുടങ്ങിയ അനുഭവങ്ങൾ ഉണ്ടെങ്കിൽ ഇത്തരം ഇമോഷണൽ ടെക്നിക് സ്വയം ചെയ്യുമ്പോൾ ശക്തമായ വികാരങ്ങൾ ഉയർന്നുവരാം.
ഒഴിഞ്ഞ കസേരയ്ക്ക് യഥാർത്ഥത്തിൽ നമ്മോട് മറുപടി പറയാനാവില്ല. പക്ഷേ അതിന്റെ മുന്നിൽ ഇരിക്കുമ്പോൾ നമ്മൾ നമ്മോട് തന്നെ ചില ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ തുടങ്ങുന്നു. പറയാതെ പോയ വാക്കുകൾ പുറത്തുവരുന്നു. മറച്ചുവച്ച വികാരങ്ങൾക്ക് പേര് കിട്ടുന്നു. അതുകൊണ്ടാണ് ചിലപ്പോൾ ആരുമില്ലാത്ത ഒരു കസേരയോട് സംസാരിക്കുന്നത്, മറ്റാരോടും പറയാൻ കഴിയാത്ത കാര്യങ്ങൾ നമ്മളോട് തന്നെ പറയാനുള്ള ഏറ്റവും നേരിട്ടുള്ള മാർഗമായി മാറുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates