

ശാരീരികമായി ഫിറ്റായിരിക്കുക എന്നതാണ് മിക്കവരുടെയും ആവശ്യം അതിനായി വ്യായാമവും ഡയറ്റും കൃത്യമായി പിന്തുടരേണ്ടത് പ്രധാനമാണ്. എന്നാൽ ശാരീരികമായി മാത്രമല്ല, ശരീരത്തിൽ വിറ്റാമിൻ ഡിയുടെ അളവു സംരക്ഷിക്കാനും വ്യായാമം സഹായിക്കുമെന്നാണ് ബാത്ത്, കേംബ്രിഡ്ജ്, ബര്‍മിങ്ഹാം സര്‍വകലാശാലകള്‍ സംയുക്തമായി നടത്തിയ പഠനത്തിൽ പറയുന്നത്.
നമ്മുടെ ശരീരത്തില്‍ ഒരേ സമയം ഹോര്‍മോണ്‍ ആയും പോഷകമായും പ്രവര്‍ത്തിക്കുന്ന ഒന്നാണ് വിറ്റാമിന്‍ ഡി. ഇത് കൊഴുപ്പിനെ അലിയിക്കുന്നു. കാത്സ്യത്തിൻറെയും ഫോസ്ഫേറ്റിൻറെയും തോത് നിയന്ത്രിക്കാനും എല്ലുകളുടെയും പല്ലുകളുടെയും പ്രതിരോധ ശേഷിക്കും തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും വളരെ ആവശ്യമായ ഒന്നാണ് വിറ്റാമിന്‍ ഡി.
ചെറുപ്പക്കാർക്കിടയിൽ വിറ്റാമിൻ ഡിയുടെ അഭാവം ഇന്ന് സർവസാധാരണമായിരിക്കുകയാണ്. സൂര്യപ്രകാശം ഏൽക്കുന്നില്ലെന്നതാണ് ഇതിന്റെ പ്രധാന കാരണം. ഉദാസീനമായ ജീവിത ശൈലിയും പൊണ്ണത്തടിയുമൊക്കെ വിറ്റാമൻ ഡിയുടെ അഭാവത്തിലേക്ക് നയിക്കുന്നു. ശരീരത്തിൽ വിറ്റാമിൻ ഡി കുറയുന്നത് എല്ലുകളുടെ സാന്ദ്രത കുറച്ച് ഒടിവുകൾക്കുള്ള സാധ്യത വർധിപ്പിക്കും. ഇതിനു പുറമേ പ്രമേഹം, ഉയർന്ന രക്തസമ്മർദം, അർബുദം കൂടാതെ, മൾട്ടിപ്പിൾ സ്കളീറോസിസ് എന്നിങ്ങനെയുള്ള ഓട്ടോ ഇമ്മ്യൂൺ രോഗങ്ങളും വിറ്റമിൻ ഡിയുടെ അഭാവവുമായി ബന്ധമുണ്ട്.
10 ആഴ്ച തുടര്‍ച്ചയായി വ്യായാമം ചെയ്ത അമിതവണ്ണവും പൊണ്ണത്തടിയുമുള്ള മുതിര്‍ന്ന വ്യക്തികളില്‍ വ്യായാമം ചെയ്യാത്തവരെ അപേക്ഷിച്ച് വിറ്റാമിന്‍ ഡിയുടെ അളവു കൂടുതൽ സംരക്ഷിക്കപ്പെടുന്നതാണ് കണ്ടെത്തിയെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. വ്യായാമം ശരീരത്തിൽ വിറ്റാമിന്‍ ഡി കുറയുന്നതില്‍ നിന്ന് സംരക്ഷിക്കുമെന്ന് കണ്ടെത്തുന്ന ആദ്യ പഠനമാണിതെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു.
അമ്പതോളം ആളുകളാണ് പഠനത്തില്‍ പങ്കെടുത്തത്. യുകെയില്‍ ഒക്ടോബര്‍-ഏപ്രില്‍ മാസങ്ങളിലാണ് പഠനം നടത്തിയത്. ആഴ്ചയില്‍ നാല് വ്യായാമ സെഷനുകളാണ് ഉള്‍പ്പെടുത്തിയിരുന്നത്. രണ്ട് ട്രെഡ്മില് നടത്തം, ഒരു ലോങ് സ്റ്റഡി-സ്റ്റേറ്റ് ബൈക്ക് റൈഡ്, ഹൈ ഇന്റന്‍സി ഇന്റര്‍വെല്‍ ബൈക്ക് സെഷനുകള്‍ എന്നിങ്ങനെയായിരുന്നു വ്യായാമം രീതികൾ. സെഷൻ പൂർത്തിയാക്കിയപ്പോൾ വ്യായാമം ചെയ്തവരിൽ വിറ്റാമിൻ ഡിയുടെ കുറവു ഏകദേശം 15 ശതമാനം ആയിരുന്നപ്പോൾ വ്യായാമം ചെയ്യാത്തവരിൽ വിറ്റാമിൻ ഡിയുട കുറവു 25 ശതമാനമാണെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
എല്ലുകളുടെയും പല്ലുകളുടെയും പേശികളുടെയും ആരോഗ്യം നിലനിര്‍ത്തുന്നതിനും രോഗപ്രതിരോധ സംവിധാനത്തിന് പ്രധാനമായ വിറ്റാമിന്‍ ഡിയുടെ സജീവ രൂപത്തെ വ്യായാമം പൂര്‍ണമായും സംരക്ഷിക്കുന്നുവെന്ന് പഠനത്തില്‍ പറയുന്നു. വിറ്റാമിന്‍ ഡിയുടെ അഭാവം നേരിടാതിരിക്കാന്‍ ആഴ്ചയില്‍ പതിവായി വ്യായാമം ചെയ്തു ശീലിക്കാം. ഇത് വിറ്റാമിന്‍ ഡി സപ്ലിമെന്റുകളെക്കാള്‍ ഗുണം ചെയ്യുമെന്നും പഠനത്തിൽ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates