

2026 ഫിഫ ലോകകപ്പ് മെക്സിക്കോയിൽ നാളെ തുടക്കം കുറിക്കാൻ തയ്യാറെടുക്കുമ്പോൾ, ആവേശം നിറഞ്ഞ ഉറക്കമില്ലാത്ത രാത്രികൾക്കായി കാത്തിരിക്കുന്ന ദശലക്ഷക്കണത്തിന് ഇന്ത്യൻ ഫുട്ബോൾ ആരാധകരിൽ ഒരാളാണോ നിങ്ങളും? മിക്ക മത്സരങ്ങളും ഇന്ത്യയിൽ ടെലികാസ്റ്റ് സമയം അർദ്ധരാത്രിയിലോ പുലർച്ചയിലോ ആകും. അതുകൊണ്ട് തന്നെ ഉറക്കം നഷ്ടപ്പെടുമെന്ന കാര്യം നൂറു ശതമാനം ഉറപ്പാണ്!.
ബ്രസീൽ, അർജൻ്റീന, പോർച്ചുഗൽ, ഫ്രാൻസ് തുടങ്ങിയ വമ്പൻ ശക്തികൾ മൈതാനത്തേക്ക് ഇറങ്ങുമ്പോൾ ചെറുതും വലുതുമായ സ്ക്രീനിന് മുന്നിൽ ഒട്ടും ആവേശം ചോരാതെ ആരാധകരും അണിനിരക്കും. അതിൽ ധാരാളം കുട്ടി ആരാധകരും ഉണ്ടാകും. നാല് വർഷത്തിൽ ഒരിക്കലുള്ള മത്സരമാമാങ്കം എങ്ങനെ മിസ്സാക്കും! ഉറക്കത്തിൽ കോംപ്രമൈസ് ചെയ്യാനും ആളുകൾ റെഡിയാണ്.
എന്നാൽ ഏതാണ്ട് ഒരു മാസം നീണ്ടും നിൽക്കുന്ന മത്സങ്ങൾ നിങ്ങളുടെ ഉറക്കത്തിൻ്റെ താളം തെറ്റിക്കാനും ഇത് 'ഡിലേയ്ഡ് സ്ലീപ്പ് ഫേസ്' സിൻഡ്രോമിലേക്ക് നയിച്ചേക്കാനും സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഉറക്കക്കുറവ് ഉൽപ്പാദനക്ഷമത, ഊർജ്ജ നില, മാനസികാവസ്ഥ എന്നിവയെ കാര്യമായി തന്നെ ബാധിക്കാം. സ്ക്രീനിൽ നിന്നുള്ള ബ്ലൂ ലൈറ്റ് നമ്മുടെ സർക്കാഡിയൻ താളത്തെ ബാധിക്കും. രാത്രി സ്ക്രീൻ നോക്കുന്നത് നമ്മുടെ തലച്ചോറിനെ ഉണർന്നിരിക്കാൻ പ്രോത്സാഹിപ്പിക്കുന്നു. മത്സരത്തിൻ്റെ ആവേശം ആ പ്രോത്സാഹനത്തെ ശക്തിപ്പെടുത്തുന്നതാണ്.
ഫുട്ബോൾ മത്സരം കഴിഞ്ഞുള്ള പകൽ അമിതമായ ക്ഷീണവും അത് ജോലിയിലും ദൈനംദിന ജീവിതത്തെ പോലും ബാധിക്കാൻ കാരണമാകും. ആവേശ മത്സരത്തിനൊടുവിൽ തങ്ങൾ പിന്തുണയ്ക്കുന്ന ടീം തോറ്റുപോയാൽ സമ്മർദം കൂടും അത് വീണ്ടും ഉറക്കം നഷ്ടപ്പൊനും അടുത്ത ദിവസം മുഴുവൻ നിരാശപ്പെടുത്തുകയും ചെയ്യും.
കളിയുടെ തലേന്ന് ഉറക്കത്തിന്റെ ദൈർഘ്യം വർധിപ്പിക്കാം, അതായത് മത്സരം ശനിയാഴ്ച പുലർച്ചെ ഒരു മണിക്കാണെങ്കിൽ, വ്യാഴാഴ്ച രാത്രിയിലെ ഉറക്കത്തിൻ്റെ ദൈർഘ്യം കൂട്ടുക. ഇത് ഉറക്കകുറവു കുറയ്ക്കാൻ സഹായിക്കും.
അടുത്ത ദിവസം ഉച്ചകഴിഞ്ഞ് (അർദ്ധരാത്രിയിലെ മത്സരത്തിന് ശേഷം) 15-20 മിനിറ്റ് മയക്കം ഗുണം ചെയ്യും.
രാത്രിയിൽ കളി കാണുമ്പോൾ സ്ക്രീനിൽ നിന്നുള്ള ബ്ലൂ ലൈറ്റ് തടയുന്ന ഒരു ആന്റി-ഗ്ലെയർ കണ്ണട ധരിക്കുന്നത് തലച്ചോറിന് മെലറ്റോണിൻ നിലനിർത്താൻ സഹായിക്കുന്നു, അത് മത്സര ശേഷം വേഗം ഉറക്കം കിട്ടാൻ സഹായിക്കും.
ചെറുചൂടുവെള്ളത്തിലുള്ള കുളി, ശ്വസന വ്യായാമം, കോഗ്നിറ്റീവ് ഷഫിൾ ടെക്നിക് പോലുള്ളവ പരീക്ഷിക്കുന്നത് പെട്ടെന്ന് ഉറക്കം കിട്ടാൻ സഹായിക്കുന്നു.
ഉറങ്ങുന്നതിന് നാലോ അഞ്ചോ മണിക്കൂർ മുമ്പ് വ്യായാമങ്ങൾ ചെയ്യുന്നത് സാധാരണ ഉറക്കചക്രം നിലനിർത്താൻ സഹായിക്കും.
മത്സരത്തിന് ശേഷമുള്ള പകൽ ഉണരുമ്പോൾ വാം അപ്പ് വ്യായാമങ്ങൾ ചെയ്യുന്നത് സഹായകരമാണ്. അതിനായി സൂര്യപ്രകാശം കൊള്ളുന്നത് ആരോഗ്യകരമായിരിക്കും.
ലാപ്‌ടോപ്പുകളിലോ സ്മാർട്ട്‌ഫോണുകളിലോ മത്സരം കാണുന്നതിനേക്കാൾ സുരക്ഷിതമായ അകലത്തിൽ നിന്ന് ടെലിവിഷനിൽ മത്സരം കാണുന്നതാണ് താരതമ്യേന നല്ലത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates