

ഫുഡ്ബോളിന്റെ രാജകുമാരൻ ലയണൽ മെസി 39-ാം വയസ്സിലും മൈതാനം നിറഞ്ഞു കളിക്കുകയാണ്. കഠിന പരിശീലനത്തിനൊപ്പം ചിട്ടയായ ഭക്ഷണക്രമവും അദ്ദേഹത്തിന്റെ ദീർഘമേറിയ കരിയറിൽ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് ആരോഗ്യ-കായിക വിദഗ്ധർ വിലയിരുത്തുന്നു. സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപോർടിവോ (Mundo Deportivo) യിൽ വന്ന റിപ്പോർട്ടിൽ, മെസിയുടെ ഡയറ്റീഷ്യനായ ഗ്യുലിയാനോ പോസർ (Giuliano Poser) അഞ്ച് ഭക്ഷണങ്ങളെയാണ് ആരോഗ്യകരമായ ജീവിതത്തിന്റെ അടിത്തറയായി വിശേഷിപ്പിക്കുന്നത്.
വെള്ളം, ഒലീവ് ഓയിൽ, മുഴുധാന്യങ്ങൾ, ഫ്രഷ് ആയ പഴങ്ങൾ, ഫ്രഷ് പച്ചക്കറികൾ എന്നിവയാണ് മെസിയുടെ ഭക്ഷണക്രമത്തിലെ പ്രധാന ഘടകങ്ങൾ. ഉയർന്ന നിലവാരമുള്ളതും കീടനാശിനികളുടെ അമിത സാന്നിധ്യമില്ലാത്തതുമായ ഭക്ഷണമാണ് ശരീരത്തിന് ഏറ്റവും മികച്ചതെന്നും പോസർ പറയുന്നു. ശരീരത്തിന് ആവശ്യമായ പോഷകങ്ങളും ഊർജവും ഇവയിലൂടെ ലഭിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
മെസിയുടെ ഭക്ഷണക്രമത്തിൽ ഏറ്റവും കൂടുതൽ നിയന്ത്രിക്കുന്നത് പഞ്ചസാരയാണ്. പഞ്ചസാര പേശികളുടെ ഏറ്റവും വലിയ ശത്രുവാണ് എന്നാണ് പോസറിന്റെ വിലയിരുത്തൽ. അതുപോലെ, മൈദ പോലുള്ള റിഫൈൻഡ് ഫ്ലോർ ഉപയോഗിച്ചുള്ള ഭക്ഷണവും പരമാവധി ഒഴിവാക്കാൻ അദ്ദേഹം നിർദേശിക്കുന്നു. റെഡ് മീറ്റ് പൂർണമായും ഒഴിവാക്കിയിട്ടില്ലെങ്കിലും വളരെ മിതമായ അളവിലാണ് മെസി കഴിക്കുന്നത്.
2014 ഫിഫ ലോകകപ്പിന് ശേഷം മെസിയുടെ ഭക്ഷണരീതിയിൽ ചില മാറ്റങ്ങൾ വരുത്തിയിരുന്നു, അന്നു മുതൽ പ്രോസസ്ഡ് ഫുഡുകൾ ഒഴിവാക്കി വിറ്റാമിനുകൾ, ധാന്യങ്ങൾ, പച്ചക്കറികൾ, മത്സ്യം, ഒലീവ് ഓയിൽ എന്നിവ അടങ്ങിയ ഭക്ഷണത്തിലേക്ക് അദ്ദേഹം മാറി. ഇത് പരിശീലനം കൂടുതൽ ഫലപ്രദമാകാനും പരിക്കുകളിൽ നിന്ന് വേഗത്തിൽ വീണ്ടെടുക്കാനും സഹായിച്ചുവെന്ന് റിപ്പോർട്ട് പറയുന്നു.
ദിവസം മുഴുവൻ ആവശ്യത്തിന് വെള്ളം കുടിക്കുന്നതും മെസിയുടെ ദിനചര്യയിലെ പ്രധാന ഭാഗമാണ്. ശരീരത്തിലെ ജലാംശം നിലനിർത്തുന്നത് പ്രകടനത്തെയും പേശികളുടെ പ്രവർത്തനത്തെയും മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കൃത്യമായ ഡയറ്റ് പിന്തുടരുന്നുണ്ടെങ്കിലും മെസി തന്റെ പ്രിയപ്പെട്ട ഭക്ഷണങ്ങൾ പൂർണമായി ഒഴിവാക്കിയിട്ടില്ലെന്ന് പോസർ പറയുന്നു. പാസ്ത, മിലാനേസ, റോസ്റ്റ് വിഭവങ്ങൾ എന്നിവ ഇപ്പോഴും അദ്ദേഹത്തിന് പ്രിയപ്പെട്ടവയാണ്. കൂടാതെ ചോക്ലേറ്റ്, ഐസ്ക്രീം, ഡുൾസെ ഡി ലെച്ചെ, പിസ എന്നിവയും ഇടയ്ക്കൊക്കെ കഴിക്കാറുണ്ടെന്ന് അദ്ദേഹം ത്തനെ മുൻപ് അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ എല്ലാത്തിനും മിതത്വം പാലിക്കാറുണ്ടെന്നതാണ് പ്രത്യേകത.
അർജന്റീനയുടെ പരമ്പരാഗത പാനീയമായ യെർബ മാട്ടെ മെസിയുടെ സ്ഥിരം പാനീയമാണ്. പഞ്ചസാര ചേർക്കാതെ കയ്പ്പോടെയാണ് താൻ അത് കുടിക്കാറുള്ളതെന്നും താരം മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്. മെസിയുടെ ഫിറ്റ്നസിന്റെ രഹസ്യം ഒരു അത്ഭുത ഡയറ്റിലല്ല; സമീകൃത ഭക്ഷണം, പ്രോസസ്ഡ് ഭക്ഷണം കുറയ്ക്കൽ, മതിയായ വെള്ളം, മിതമായ അളവിൽ ഇഷ്ടഭക്ഷണങ്ങൾ ഉൾപ്പെടുത്തൽ, സ്ഥിരതയുള്ള ജീവിതശൈലി എന്നിവയുടെ സംയോജനമാണ് അദ്ദേഹത്തെ ഇന്നും ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി നിലനിർത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates