പാവൽ മുതൽ തുളസി വരെ; പാമ്പുകളെ അകറ്റിനി‍ർത്താൻ വീട്ടിൽ വളർത്തേണ്ട ചെടികൾ

വലിയ മരങ്ങളുടെ ചുവട്ടിലും പാറക്കെട്ടുകൾക്കരികിലും ഒളിച്ചിരിക്കുകയാണ് ഇവയുടെ ശീലം.
Tulsi Plant for avoid snakes
Tulsi Plant for avoid snakesPinterest
Updated on
6 min read

ഴിഞ്ഞ ദിവസമാണ് മലപ്പുറത്ത് കിഴിശ്ശേരിയിൽ അപൂർവ ഇനം പാമ്പിന്റെ കടിയേറ്റ് ഒന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ച വാർത്ത പുറത്തുവന്നത്. കോഴിക്കോട് മെഡിക്കൽ കോളജിൽ അത്യാസന്നനിലയിൽ ചികിത്സയിലായിരുന്ന കുട്ടി കടിച്ച പാമ്പിന്റെ വിഷത്തിനെതിരായുള്ള ആന്റിവെനം ലഭ്യമാകാത്തത്തത് മൂലമാണ് മരിച്ചത്. ശ്രീലങ്കൻ ഇനത്തിൽപ്പെട്ട അപൂർവ്വയിനം പാമ്പായിരുന്നു കടിച്ചതെന്നായിരുന്ന് വാർത്തകളിൽ. ആന്റിവെനം ലഭ്യമാകാതിരുന്നതിനുള്ള ഒരു ന്യായീകരണം എന്ന നിലയ്ക്കായിരുന്നു ഇങ്ങനെയുള്ള പ്രചാരണം.

പാമ്പ് ഏതായിരുന്നു എന്ന് റിപ്പോർട്ടുകളിലൊന്നും പരാമർശവും ഉണ്ടായിരുന്നില്ല. ഒരിനം കുഴിമണ്ഡലിയായിരുന്നു കടിച്ചത്. ശ്രീലങ്കയിലെ ഏറ്റവും വിഷമുള്ള പാമ്പുകളുടെ പട്ടികയിൽ ഉൾപ്പെടുത്തപ്പെട്ടതിലൂടെയാണ് ഇതിന്റെ പ്രശസ്തിയെങ്കിലും പശ്ചിമഘട്ടത്തിലുടനീളം കാണപ്പെടുന്ന പാമ്പാണിത്. പണ്ട് പശ്ചചിമഘട്ടത്തിന്റെ ഭാഗമായിരുന്നു ശ്രീലങ്കയും. ഭൂവൽക്കമാറ്റങ്ങളിലൂടെയാണ് അത് പതുക്കെ പതുക്കെ വേറിട്ട് പോയത്. മനുഷ്യനെ കണ്ടാൽ പ്രകോപനമില്ലാതെ തന്നെ ആക്രമിക്കുന്നവയാണ് കുഴിമണ്ഡലികൾ.

Tulsi Plant for avoid snakes
ഭക്ഷണം കഴിച്ച ശേഷം കിടക്കരുത്, ഷു​ഗ‍ർ സ്പൈക്ക് നിയന്ത്രിക്കാൻ, 15 മിനിറ്റ് റൂട്ടീൻ

ഇവയിൽ തന്നെ ഏറ്റവും ആക്രമണസ്വഭാവമുള്ള “ഹംപ്നോസ് പിറ്റ് വെപ്പർ (Humpnose Pit Viper) ആണ് കിഴിശ്ശേരിയിലെ കുരുന്നിന്റെ ജീവനെടുത്തത്. കാട്ടുപ്രദേശങ്ങളിൽ കാണപ്പെടുന്ന ഇവയ്ക്ക് ഉന്തിയ മൂക്കുള്ളതുകൊണ്ടാണ് "മുഴമൂക്കൻ കുഴിമണ്ഡലി' എന്ന് വിളിക്കുന്നത്. ഒരുതരം അണലി ആണിത്. തെക്കൻജില്ലകളിൽ "ചുരുട്ട' എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. കടിയേറ്റാൽ മണിക്കൂറുകൾക്കുള്ളിൽ ചികിത്സ ലഭ്യമാക്കണം. അല്ലെങ്കിൽ വ്യക്കകളുടെ നാശം മൂലം മരണം സംഭവിക്കും. വലിയ മരങ്ങളുടെ ചുവട്ടിലും പാറക്കെട്ടുകൾക്കരികിലും ഒളിച്ചിരിക്കുകയാണ് ഇവയുടെ ശീലം. ഇരതേടാനായി രാത്രികാലങ്ങളിൽ വീടിനടുത്തോ അകത്തോ എത്താം. തവള, ഓന്ത്, എലി തുടങ്ങിയവയാണ് ഭക്ഷണം.

Tulsi Plant for avoid snakes
വീട്ടിൽ ബ്ലഡ് ഷു​ഗർ പരിശോധിക്കുന്നവരാണോ? ഇക്കാര്യം അറിയാതെ പോകരുത്

വിഷം അരികിൽത്തന്നെയുണ്ട്!

പ്രധാനമായും ഏഴ് കുടുംബങ്ങളിലായി ഉൾപ്പെടുന്ന പാമ്പുകളാണ് കേരളത്തിൽ കാണപ്പെടുന്നത്. ഇവയിൽ എലാപ്പിഡേ, വെപ്പറിഡേ എന്നീ രണ്ട് കുടുംബങ്ങളിൽ മാത്രമാണ് വിഷപ്പാമ്പുകൾ ഉൾപ്പെടുന്നത്. പെരുമ്പാമ്പ് അടക്കം 90% പാമ്പുകളും വിഷമില്ലാത്തവയാണ്. കടൽപാമ്പുകളും കരയിലെ നാലിനം പാമ്പുകളുമാണ് ഉഗ്രവിഷമുള്ളവ. 'ബിഗ് ഫോർ' എന്നാണ് ജീവനെടുക്കാൻ കഴിയുന്ന ഇവ അറിയപ്പെടുന്നത്. ചുരുട്ടമണ്ഡലി (Saw-scaled Viper), ചേനത്തണ്ടൻ (Russel's Viper), മൂർഖൻ (Cobra), വെള്ളിക്കെട്ടൻ (Common Krait) എന്നിവയാണവ.

പാമ്പുകളുടെ ശ്രത്രുക്കളായി പ്രക്യതിയിൽ കാണപ്പെടുന്നവയാണ് കീരി, പരുന്ത്, മൂങ്ങ, മയിൽ, കാട്ടുപൂച്ച, കുറുക്കൻ എന്നിവ. കാടിനോട് ചേർന്നുള്ള സ്ഥലങ്ങളിൽ ഇവയുടെ സാന്നിധ്യമുണ്ടെങ്കിൽ പാമ്പുകളുടെ ശല്യം പൊതുവെ കുറവായിരിക്കും. ടർക്കിക്കോഴി, ഗിനിക്കോഴി എന്നിവ പാമ്പുകളെ കണ്ടാൽ ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കുന്നവയും അവയെ കൂട്ടമായി ആക്രമിക്കുകയും ചെയ്യാറുണ്ട്. ഇന്ത്യയിൽ പണ്ടുമുതൽക്കേ "ബിഗ് ഫോർ’-ൽ ഉൾപ്പെടുത്താത്തതും പ്രതിവിഷം (Anti-Venom) വികസിപ്പിച്ചിട്ടില്ലാത്തതുമായ വിഷപ്പാമ്പാണ് "മുഴമൂക്കൻ കുഴിമണ്ഡലി' എന്ന "ഹംപ്നോസ് പിറ്റ് വെപ്പർ'. ഇതിന്റെ വിഷത്തെക്കുറിച്ച് ധാരണയില്ലാത്തതായിരുന്നു കാരണം.

പാമ്പുകളെ അകറ്റാൻ എന്തുചെയ്യാം?

മരത്തിൽ നിന്നും ഊറിവരുന്ന പശയുള്ള കറ പാമ്പുകൾക്ക് അത്ര പഥ്യമല്ല. ശല്ക്കങ്ങൾക്ക് ഇടയിലുള്ള തൊലിയെ ഇവ മൂലം അസ്വസ്ഥതകൾ ഉണ്ടാവുന്നതാണ് കാരണം. ഇക്കാര്യം മനുഷ്യൻ പക്ഷികളെ കണ്ടാണ് പഠിച്ചത്. പൈൻമരത്തിന് മുകളിൽ കൂടൊരുക്കി കുഞ്ഞുങ്ങളെ വിരിയിക്കുന്ന പക്ഷികൾ അവയുടെ കൊക്ക് കൊണ്ട് മരത്തടിയിൽ സ്‌ഥിരമായി കൊത്തുന്നു. ഇങ്ങനെയുള്ള മുറിപ്പാടുകളിൽ നിന്നും മരക്കറ താഴേക്ക് ഒഴുകിയിറങ്ങുന്നതു കാരണം പാമ്പുകൾ മരത്തിൽ കയറാൻ മടിക്കുന്നു. അതിലൂടെ കുടും മുട്ടയും കുഞ്ഞുങ്ങളും സംരക്ഷിക്കപ്പെടുന്നു. ഈ മാർഗം വീടുകളിലെ പാമ്പുശല്യം തീർക്കാനായി പകർത്തിയുപയോഗിക്കുക സാധ്യമല്ല.

എങ്കിലും അതിനു പിന്നിലെ തന്ത്രം ഓർത്തുവെക്കുന്നത് നല്ലതാവും! നിസ്സാരനായ ഒരു കിളി കണ്ടുപിടിച്ച മാർഗമാണ്. മറ്റൊരു കാര്യം, എല്ലാ ജീവജാലങ്ങൾക്കുമെന്നപോലെ പാമ്പുകൾക്കും വെള്ളം കൂടിച്ചേതീരൂ. വീടിന് സമീപത്തായി കെട്ടിക്കിടക്കുന്ന വെള്ളം, ഓടകൾ, തോടുകൾ, കുളങ്ങൾ എന്നിവ അതുകൊണ്ടു തന്നെ പാമ്പുകളെ ആകർഷിക്കുന്നു.

വെള്ളം ഒച്ചുകളെയും ഓന്തുകളേയും തവളകളെയും എലികളേയും ആകർഷിക്കുന്നു. ഇത് ഭക്ഷണം തേടുന്ന പാമ്പുകളെ ആകർഷിക്കും. ഇതിനൊക്കെയും കാരണമാവുന്നത് ജലസ്രോതസുകളാണെങ്കിലും അവയെ ഒഴിവാക്കാനോ അവയ്ക്കരികിൽ നിന്നും ഒഴിഞ്ഞു പോവാനോ നമുക്ക് സാധ്യമല്ലല്ലോ. അതുകൊണ്ട് വെള്ളക്കെട്ടുകൾ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക എന്നേ പറയാനാവൂ. പാമ്പിനെ കണ്ടാൽ ചിലച്ച് ശബ്ദമുണ്ടാക്കുന്ന ജീവിയാണ് അണ്ണാൻ. അത്തരം പ്രയോജനങ്ങൾ ഉള്ളതുകൊണ്ട് അണ്ണാനിരിക്കേണ്ട ചില്ലകൾ നശിപ്പിക്കാൻ പുറപ്പെടാതിരിക്കുക. പക്ഷേ, വീടിന്റെ ടെറസിനോട് ചേർന്ന് നിൽക്കുന്ന ശിഖരങ്ങൾ മുറിച്ചുനീക്കുന്നത് നല്ലതാണ്. വീടിനോട് ചേർന്നുള്ള വിറകിൻ കൂമ്പാരങ്ങൾ, കല്ലുകളുടെ കൂമ്പാരങ്ങൾ, മണ്ണിനുമുകളിൽ പുതപ്പുപോലെ പടരുന്ന ചെടികൾ എന്നിവ പാമ്പുകൾക്ക് ഒളിത്താവളങ്ങൾ സൃഷ്ടിക്കുന്നവയാണ്.

Tulsi Plant for avoid snakes
ഫാറ്റി ലിവർ പൂർണമായും മാറുമോ? ജീവിതശൈലിയിൽ വരുത്തേണ്ട പ്രധാന മാറ്റങ്ങൾ

അവ ഒഴിക്കാൻ കഴിയുന്നവയല്ലെങ്കിൽ തണലുള്ളതും നനഞ്ഞതുമായ സ്‌ഥലങ്ങളിൽ നിന്നും അവ മാറ്റി സ്ഥാപിക്കുക. ഒരിക്കലും വീട്ടുപരിസരങ്ങളിൽ മാലിന്യം കുന്നുകൂടാൻ അനുവദിക്കാതിരിക്കുക. കരിയിലകൾ തീയിട്ട് നശിപ്പിക്കുക. വീട്ടുമുറ്റവും പരിസരവും തമ്മിൽ വേർതിരിക്കാൻ വേലിച്ചെടികൾ വളർത്തുന്ന രീതി മുമ്പുണ്ടായിരുന്നു. ഇത് ഇക്കാലങ്ങളിൽ സാധ്യമല്ലാത്തതിനാൽ കാലിഞ്ച് മെഷ് കൊണ്ട് ഏകദേശം 4 അടി ഉയരത്തിൽ വേലി നിൽമ്മിക്കുക. ഇതിൽ ടാർപോളിൻ പൊതിയുന്നതും നല്ലതാണ്. തൂണുകൾ പരമാവധി ആറടി അകലത്തിൽ മാത്രം സ്‌ഥാപിക്കുക.

പാമ്പുകളെ അകറ്റുന്ന ചെടികൾ

പാവൽ: വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം ഉണ്ടെങ്കിൽ പാമ്പുകളെ അകറ്റാവുന്ന തരത്തിൽ വളർത്താവുന്ന ചെടിയാണ് പാവൽ. പാവയ്ക്ക എന്നും ചില സ്ഥലങ്ങളിൽ കയ്പ്പങ എന്നും പറയുന്ന ഇതിൻ്റെ കായ നല്ല ഒരു പ്രമേഹൗഷധി കൂടിയാണ്.

പച്ചമുളക്: വറ്റൽമുളക് എന്ന പേരിലും അറിയപ്പെടുന്ന ഇതിന്റെ പല വകഭേദങ്ങൾ വളർത്തപ്പെടുന്നുണ്ട്. ഇതിന്റെ ഒരു വെറൈറ്റി ആണ് എരിവിൻ്റെ കാര്യത്തിൽ പച്ചമുളകിനെക്കാൾ കേമനായ തൊണ്ടൻമുളക്. എല്ലാ ഇനങ്ങളിലും എരിവിന് കാരണമാവുന്നത് ക്യാപ്സെസിൻ (Capsaicin) എന്ന ജൈവഘടകമാണ്. മുളക് അരിഞ്ഞത് വെള്ളത്തിലിട്ട് തിളപ്പിച്ചശേഷം അൽപ്പം സോപ്പുലായനി കൂടി കലർത്തി. വീട്ടുമുറ്റത്തിന്റെ അതിരുകളിൽ തളിക്കാം. മഴ പെയ്യുന്നതിന്റെ പിറ്റേ ദിവസം ഇത് ആവർത്തിക്കണം. അല്ലെങ്കിൽ ആഴ്ചയിലൊരിക്കൽ. പാമ്പ് പരസരത്തെക്കുറിച്ചറിയുന്നത് നാക്കിലൂടെയും മൂക്കിലൂടെയുമായതിനാൽ ക്യാപ്സെസിന്റെ സാന്നിധ്യമറിയുമ്പോൾ സ്വയം പിൻവാങ്ങും. പാമ്പിന്റെ സാന്നിധ്യം സംശയിക്കുന്ന സ്ഥലങ്ങളിൽ ഉപയോഗിക്കുന്നതാണ് കൂടുതൽ ഫലപ്രദം.

കരിനൊച്ചി: പണ്ടുകാലം മുതൽക്കേ കേരളത്തിലെ നാട്ടിൻപുറങ്ങളിൽ വീട്ടുപരിസരത്തെ പാമ്പുശല്യം ഒഴിവാക്കാനായി ഉപയോഗിക്കുന്നതാണ് കരിനൊച്ചി. ഇതിന്റെ കിഴങ്ങിൽ അടങ്ങിയിരിക്കക്കുന്ന "ബീറ്റ-അസറോൺ (beta-Asarone) അതിരൂക്ഷമായ ഗന്ധം പുറപ്പെടുവിക്കുന്നതാണ്. ഇത് പാമ്പുകളിൽ കാണുന്ന ഗന്ധഗ്രാഹീ സംവിധാനത്തെ (Jacobson's Organ) തകർക്കുന്ന തരത്തിൽ ശക്തമായതിനാൽ അവ ഇതിന്റെ സാന്നിധ്യത്തെ പരമാവധി ഒഴിവാക്കാൻ ശ്രമിക്കും.

ഇന്ത്യൻ പ്രതിരോധഗവേഷണ സ്‌ഥാപനമായ DRDO, പാമ്പുകളെ അകറ്റിനിറുത്താൻ കഴിയുന്ന 15 ചെടികളെക്കുറിച്ച് നടത്തിയ പഠനത്തിൽ ഏറ്റവും കാര്യക്ഷമമാണെന്ന് കണ്ടെത്തിയത് കരിനൊച്ചി ആയിരുന്നു. കരിനൊച്ചിയുടെ ഇലകൾ മരത്തിൽ നിന്നും ശേഖരിച്ചത് തിളപ്പിച്ച് വറ്റിച്ചതിൽ സോപ്പുലായനി കലർത്തി തളിക്കാം. വൈകുന്നേരങ്ങളിൽ ആണ് ഇത് ചെയ്യേണ്ടത്. കരിനൊച്ചിയുടെ ഇലകൾ നേരിട്ട് വിതറുകയും ചെയ്യാം.

കറുവപ്പട്ട: പാമ്പുകളെ അകറ്റുന്നതിനായി വളർത്താവുന്ന ഒരു മരമാണ് കറുവ. ഇതിന്റെ അകന്തൊലിയാണ് വിപണിയിൽ ലഭ്യമാവുന്ന കറുവപ്പട്ട. ബിരിയാണിയിലും മറ്റും ഇതിന്റെ സാന്നിന്യം ഹ്യദ്യമായ മണവും രുചിയും പ്രദാനം ചെയ്യുന്നതാണ്. കറുവപ്പട്ട പല തരമുണ്ട്. അറുപത് അടിയിലധികം ഉയരത്തിൽ വളരാൻ കഴിയുന്ന കറുവമരങ്ങളുണ്ട്. ഇതിന് പകരം ചെറിയ ഇനങ്ങൾ തിരഞ്ഞെടുത്ത് വളർത്താം. വേനൽക്കാലത്ത് ഇവയിൽ വെളുത്ത പൂക്കൾ ഉണ്ടാവും. കറുവപ്പട്ട എണ്ണയും ഗ്രാമ്പൂ എണ്ണയും ഒരു ടേബിൾ സ്പൂൺ വീതമെടുത്ത് വെള്ളത്തിൽ കലർത്തുക. ഇത് തിളപ്പിച്ച് കുറുക്കിയത് വാതിൽപ്പടികളിലും ജനാലപ്പടികളിലും സ്പ്രേ ചെയ്യാം.

സിടാനെല്ല: ഈ പേര് നമ്മുടെ നാട്ടിലുള്ളവർക്ക് അത്ര പരിചയമുണ്ടാവില്ല. എന്നാൽ ജെറാനിയം എന്ന് പറഞ്ഞാൽ ഒരുപക്ഷേ ഇതിനെ തിരിച്ചറിയാനായേക്കും. പിങ്ക് പൂക്കളുള്ള ചെടിയിൽ നിന്നും കിട്ടുന്ന എണ്ണക്ക് കൊതുകിനെ അകറ്റുന്ന ഗുണങ്ങളുള്ളതായി പറയപ്പെടുന്നുണ്ടെങ്കിലും ഇതിന് ശാസ്ത്രീയമായ അടിസ്ഥാനമില്ലെന്നാണ് ഇപ്പോൾ കണ്ടെത്തപ്പെട്ടിരിക്കുന്നത്. ഇതിന്റെ ഇലകൾ ആകർഷകമായതും മണമുള്ളതുമാണ്. ഇക്കാരണത്താൽ ഇതിന് പാമ്പിനെ ഒഴിവാക്കാനാവും. ഇതിന്റെ മണം തീവ്രമായതിനാൽ മണത്തിലൂടെ ഇരജീവികളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് അങ്ങോട്ടേക്ക് സഞ്ചരിക്കാൻ പാമ്പിന് കഴിയാതെ പോവും.

ഇക്കാരണത്താൽ അവ ഈ ചെടി നിൽക്കുന്ന സ്‌ഥലങ്ങളെ സ്‌ഥിരം ഇരതേടൽ ഇടങ്ങളിൽ നിന്നും ഒഴിവാക്കും. ഇതിന്റെ ഫലപ്രാപ്തി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. വെറുതേ ജെറാനിയം എന്ന് പറയുന്നതിന് പകരം, "പെലാർഗോണിയം സിട്രോസം’ എന്ന് പറഞ്ഞുതന്നെ നഴ്സറികളിൽ നിന്നും ഇവ വാങ്ങണം. ഇഞ്ചിപ്പുല്ലുമായി ഇതിന് ബന്ധമേതുമില്ല എന്നതും ഒർമ്മിക്കണം.

ഗ്രാമ്പൂ: പാമ്പുകളെ അകറ്റുന്ന എണ്ണമിശ്രിതങ്ങളിലെ ഒരു സാധാരണ ചേരുവയാണ് ഗ്രാമ്പൂഎണ്ണ. "ക്ളോവ്യിൽ' എന്നും ഇത് അറിയപ്പെടുന്നു. "യൂജെനോൾ' ആണ് പ്രധാന ജൈവഘടകം. ഗ്രാമ്പൂ മരങ്ങൾക്ക് പാമ്പുകളെ അകറ്റാനുള്ള കഴിവുണ്ടോ എന്ന് വ്യക്തമല്ലെങ്കിലും അവ നടുന്നതിലൂടെ മനോഹരമായ ഒരു ലാൻഡ്സ്കേപ്പ് സ്യഷ്ടിക്കാനാവും. ഇലകൾക്ക് സുഗന്മുണ്ട്. ഉണങ്ങി യതോ പച്ചയോ ആയ ഗ്രാമ്പൂ ചതച്ചത് പാമ്പുകളുടെ സാന്നിധ്യം ഉണ്ടാവാൻ സാധ്യതയുള്ള ഇടങ്ങളിൽ വിതറുക. ഗ്രാമ്പൂ എണ്ണയും കറുവപ്പട്ട എണ്ണയും ഒരു ടേബിൾ ‌സ്പൂൺ വീതമെടുത്ത് രണ്ട് കപ്പ് വെള്ളത്തിൽ കലർത്തുക. ഇത് തിളപ്പിച്ച് കുറുക്കി വാതിൽപ്പടികളിലും ജനാലപ്പടികളിലും സ്പ്രേയർ ഉപയോഗിച്ച് ചെയ്യാം.

വെളുത്തുള്ളി: പാമ്പുകളെ അകറ്റാൻ വെളുത്തുള്ളി ചതച്ചത് വീടിന് ചുറ്റും വിതറാവുന്നതാണ്. വളർത്തുമൃഗങ്ങൾക്ക് വെളുത്തുള്ളി വിഷമാണ്, അതുകൊണ്ട് അവയിൽ നിന്നും, പ്രത്യേകിച്ചും പൂച്ചകളും നായ്ക്കളും ഇവ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക. വെളുത്തുള്ളി ചതയ്ക്കുമ്പോൾ പുറത്തുവരുന്ന അല്ലിസിൻ (Allicin), സൾഫോണിക് ആസിഡ് (Sulfonic Acid) എന്നിവ രൂക്ഷഗന്ധം പുറപ്പെടുവിക്കുന്നവയാണ്. ഇത് പാമ്പുകളിലെ ഗ്രന്‌ഥഗ്രാഹികളെ താൽക്കാലികമായി 'തകർക്കുന്ന' തിനാൽ ഇരജീവികളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് സഞ്ചരിക്കുക എന്നത് അസാധ്യമാക്കിത്തീരുന്നു. വെളുത്തുള്ളിയുടെ അല്ലികൾ ചതച്ചത് ഉപ്പുമായി കൂട്ടിക്കലർത്തി, പാമ്പിൻ്റെ സഞ്ചാരം സംശയിക്കുന്ന ഇടങ്ങളിൽ വിതറാം. ഇന്തുപ്പ് ഉപയോഗിക്കുന്നതാണ് കൂടുതൽ ഫലപ്രദം.

തുളസി: പാമ്പിന്റെ സാന്നിധ്യം തടയാനായി ഉപയോഗിക്കാവുന്ന ഏറ്റവും നല്ല അതിർത്തി സസ്യങ്ങളിലൊന്നാണ് തുളസി. യൂജിനോൾ, ലിമോണീൻ, കാരിയോഫില്ലിൻ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ തുളസിക്ക് ഒരു നറുമണമുണ്ട്. ഇലകൾ ഇട്ട് തിളപ്പിച്ച വെള്ളം സ്പ്രേയറിൽ നിറച്ച് സ്പ്രേ ചെയ്യുകയോ ഇലകൾ വെറുതേ ചതച്ചിടുകയോ ചെയ്യുന്നത് പാമ്പുകളെ അകറ്റിനിറുത്തും.

സർപ്പഗന്ധി: പാമ്പിനെ ചുറ്റുവട്ടത്തു നിന്നും അകറ്റിനിറുത്തുന്നതിനായി നട്ടുപിടിപ്പിക്കാവുന്ന ഒരു കുറ്റിച്ചെടിയാണ് സർപ്പഗന്ധി. ഇംഗ്ളീഷിൽ ഇതിന് ഇന്ത്യൻ സ്നേക്ക് റൂട്ട് (Indian snakeroot) എന്നാണ് പേര്. ശാസ്ത്രീയനാമം റാവോൾഫിയ സെർപ്പെൻ്റൈന(Rauvolfia serpentina) എന്നും. മൂന്നടി ഉയരത്തിൽ വളരുന്ന ഇത് വർഷത്തിലുടനീളം പൂക്കുന്ന ഒരു ഉദ്യാനസസ്യമാണ്. ആയൂർവേദം ഇതിനെ ഒരു ഔഷധസസ്യമായാണ് കണക്കാക്കുന്നതെങ്കിലും ഇത് ഒരു വിഷസസ്യമാണെന്നോർക്കുക.

ഇതിൻ്റെ ഭാഗങ്ങളിലെല്ലാം വിഷസംയുക്‌തങ്ങൾ (ഉദാ: Reserpine) അടങ്ങിയിരിക്കുന്നു. നാഡീവ്യവസ്‌ഥയെ നേരിട്ട് ബാധിക്കാൻ കഴിയുന്ന വിഷമായതിനാൽ ഇതിനോട് ഇടപെടുമ്പോൾ സൂക്ഷിക്കണം. അരളിയെന്നതു പോലെ ഇതിനെ വീട്ടുമുറ്റത്തിന്റെ അതിർത്തികളിൽ നടുന്നതാണ് നല്ലത്. പാമ്പിന്റെ മാളങ്ങൾ ഉണ്ടാകാവുന്ന ഇടങ്ങളിൽ. മണ്ണിനടിയിൽ വളരുന്ന കിഴങ്ങിനാണ് ഗന്ധമുള്ളത്. മൺതരികൾക്കിടെയിലൂടെ പ്രസരിക്കുന്ന ഗന്ധം പാമ്പുകളെ മാളമുപേക്ഷിച്ച് പോവാൻ പ്രേരിപ്പിക്കും. വെളുത്ത പൂക്കളുണ്ടാവുന്നതിനാൽ അലങ്കാരസസ്യവുമാവും ഇത്.

ഇഞ്ചിപ്പുല്ല്: ഇഞ്ചിപ്പുല്ല് പുരയിടത്തിന്റെ അതിർത്തികളിൽ നടുന്നതിന് ഏറ്റവും യോജിച്ചതാണ് ഇംഗ്ളീഷിൽ "ലെമൺ ഗ്രാസ്' (Lemongrass) എന്നറിയപ്പെടുന്ന ഇഞ്ചിപ്പുല്ല്. ഇലകൾക്ക് രൂക്ഷ​ഗന്ധമുണ്ട്. ഈ രണ്ട് സ്വഭാവങ്ങൾ കാരണം പാമ്പുകൾ ഇവ വളർന്നുനിൽക്കുന്ന ഇടങ്ങൾ ഒഴിവാക്കാൻ ശ്രമിക്കും. പൂന്തോട്ടത്തിലെ നടപ്പാതകൾക്ക് ഇരുവശത്തായി ഇവയെ നട്ടുപിടിപ്പിക്കുന്നത് നല്ലതാണ്. സൂര്യപ്രകാശം നന്നായി ലഭിക്കുന്ന ഇടങ്ങളിലാണ് ഇവ നന്നായി വളരുന്നത്. നാരങ്ങയുടേതിന് തുല്യമായ മണത്തിന് കാരണം "സിട്രാൽ' (Citral) എന്ന ജൈവ സംയുക്ത‌മാണ്. ഇലകളിലാണ് ഇതുള്ളത്.

അതിനാൽ ഇടയ്ക്കിടെ ഇലകൾ ട്രിം ചെ‌യ്ത് നിറുത്തുന്നത് നല്ലതാണ്. മുറിച്ചെടുത്ത ഇലകൾ വാതിൽപ്പടിയിലോ ജനലിനരികത്തോ വിതറിയിടുന്നതും ഗുണം ചെയ്യും. ഇഞ്ചിപ്പുല്ലിൽ നിന്നും വാറ്റിയെടുക്കുന്ന എണ്ണ വിപണിയിൽ ലഭ്യമാണ്. ഇതിന്റെ 10-15 തുള്ളികൾ ഒരു കപ്പ് വെള്ളത്തിൽ ഒഴിച്ചശേഷം അത് സ്പ്രേയറിൽ നിറച്ച് ഉപയോഗിക്കാം. നേർപ്പിക്കാത്ത പുൽത്തൈലത്തിൽ മുക്കിയെടുത്ത പഞ്ഞിക്കെട്ടുകൾ പ്ളാസ്‌റ്റിക് കവറിലിട്ട ശേഷം (കവർ അടയ്ക്കരുത്) പാമ്പ് വരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ വെക്കുന്നതും നല്ലതാണ്.

ജമന്തി: ഇംഗ്ളീഷിൽ മേരിഗോൾഡ് (Marigold) എന്നറിപ്പെടുന്ന ചെണ്ടുമല്ലിയുടെ മറ്റൊരു പേരാണ് ജമന്തി. മലബാർ ഭാഗങ്ങളിൽ ചെട്ടിപ്പൂ എന്ന പേരിലും ഇത് അറിയപ്പെടുന്നു. മഞ്ഞയോ ഓറഞ്ചോ നിറത്തിലുള്ള പൂക്കളുണ്ടാവുന്ന ഇത് പണ്ടുകാലം മുതൽക്കേ പൂന്തോട്ടങ്ങളിലെ നിത്യസാന്നിധ്യമാണ്. പ്രത്യേക ​ഗ​ന്ധമുള്ള ജമന്തിപ്പൂവുകൾക്ക് കീടനാശക സ്വഭാവമുണ്ടെന്ന് മുമ്പേ തിരിച്ചറിയപ്പെട്ടിട്ടുണ്ട്.

എന്നാൽ പാമ്പുകളെ അകറ്റാൻ കാരണമാവുന്നത് ഇവയുടെ വേരിൽ അടങ്ങിയിരിക്കുന്ന ചിലതരം ഗന്ധസംയുക്ത‌ങ്ങളാണ്. വേരിൽ നിന്നും മൺതരികൾക്കിടയിലേക്ക് പടരുന്ന ഈ ഗന്‌ധസംയുക്തങ്ങൾ (ഉദാ: alpha-Terthienyl) എലികളേയും മണ്ണിൽ മാളമുണ്ടാക്കുന്ന മറ്റ് ജീവികളേയും അകറ്റും. ഇവയിൽ മിക്കവയും പാമ്പുകളുടെ ഇരകളാകയാൽ ഇരതേടിയിറങ്ങുന്ന പാമ്പുകൾ മറ്റ് സ്ഥലങ്ങളിലേക്ക് വഴിമാറ്റും. പുരയിടത്തിന്റെ അതിരുകളിലും ഇൻഡോർ പ്ളാന്റുകളായും ക്രൈസാന്തിമം എന്നും പേരുള്ള ജമന്തി വളർത്താവുന്നതാണ്.

വേപ്പ്: വേപ്പുമരത്തിന് ചുവട്ടിൽ പൊഴിഞ്ഞുവീണുകിടക്കുന്ന ഇലകൾ നീക്കം ചെയ്യാതിരുന്നാൽ അത് പാമ്പുകളെ അകറ്റുന്ന തരത്തിൽ പ്രവർത്തിക്കും.

വയമ്പ്: പാമ്പുകൾക്ക് പൊതുവേ ഇഷ്ടമുള്ളതാണ് ഈർപ്പവും തണലും. അതുകാണ്ട് വീട്ടുമുറ്റത്ത് ഒരു ചെറുകുളമെങ്കിലും ഉള്ളവർ വയമ്പ് വളർത്തേണ്ടതാണ്. ഇതിന്റെ വേര്, ഇല എന്നിവ ചതച്ചുണ്ടാക്കുന്ന കുഴമ്പ് അതിന്റെ ഗന്ധത്താൽ പാമ്പുകളെ അകറ്റുന്നതാണ്. മൺചുമരുകളിലെ വിടവുകളിൽ ഈ കുഴമ്പ് പുരട്ടുന്നതിലൂടെ പാമ്പിനെ അകറ്റാം.

സ്നേക്ക് പ്ലാൻ്റ്: മണ്ണിനടിയിലോ തെട്ടുമുകളിലോ വളരുന്ന ഭൂകാണ്‌ഡത്തിൽ നിന്നും കുത്തനെ മുകളിലേക്ക് വളരുന്ന ഇലകളാണ് ഇവയുടേത്. ഇലകൾക്ക് കടുംപച്ചനിറമാണെങ്കിലും ഇളംപച്ചനിറത്തിലുള്ള ഡിസൈൻ ഉടനീളം കാണാനാവും. പാമ്പിൻ്റെ പുറത്തുകാണുന്ന പുള്ളിയും പടവും ഇതിന് സമാനമായതിനാലാണ് "പാമ്പ് ചെടി' എന്ന പേരുവന്നത്. ഇലകളുടെ വക്കുകൾ കൂർത്തതും മുർച്ചയുള്ളതുമാണ്. പുരയിടത്തിന്റേയോ മുറ്റത്തിന്റേയോ അതിർത്തികളിൽ ഇടതൂർന്ന തരത്തിൽ നിരനിരയായി നട്ടാൽ പാമ്പുകളുടെ സഞ്ചാരം ബുദ്ധിമുട്ടുള്ളതായിത്തീരും.

വെറ്റിവേർപുല്ല്: മൂർച്ചയേറിയ അരികുകളുള്ള ഇലകളോടു കൂടിയ ഈ പുല്ല് പാമ്പുകളെ അകറ്റാൻ ഏറ്റവും യോജിച്ചതാണ്. ഇതിന് സ്വാഭാവികമായുള്ള സുഗന്‌ധവും പാമ്പുകൾ അകന്നുപോവാനിടയാക്കുന്നു. ഇതിന്റെ ഇലകൾ അടുങ്ങിവളരുന്നതും കുത്തനെ നിൽക്കുന്നതുമായതിനാൽ പാമ്പുകൾക്ക് ഇവയ്ക്കിടെയിലൂടെ ഇഴഞ്ഞു കയറാൻ ബുദ്ധിമുട്ടാണ്. നാലു മുതൽ ആറിഞ്ച് വരെ അകലത്തിൽ വരിയായാണ് ഇവ നടേണ്ടത്.

ഒന്നിലേറെ വരികളുണ്ടാക്കാൻ ശ്രദ്ധിക്കുക. ഒരോ വരിയിലേയും വിടവുകൾക്ക് തൊട്ടുപുറകിലായി വരുന്ന തരത്തിൽ വേണം അടുത്ത വരിയിലെ പുല്ലുകൾ നടേണ്ടത്. നടപ്പാതയുടെ അരികുകളിലോ പുരയിടത്തിന്റെ അതിർത്തിയിലോ ഇവ നടാം. മുറിച്ചെടുത്ത ഇലകൾ വാതിൽപ്പടിയിലോ പൂന്തോട്ടത്തിലെ ഷെഡ് പോലെയുള്ള ഇടങ്ങളിലോ വിതറാവുന്നതാണ്. വെറ്റിവേറിൽ നിന്നും വാറ്റിയെടുക്കുന്ന എണ്ണ വിപണിയിൽ കിട്ടും. ഇതിന്റെ രണ്ടോ മൂന്നോ തുള്ളി വെള്ളത്തിലൊഴിച്ചശേഷം സ്പ്രേയർ ഉപയോഗിച്ച് വാതിൽപ്പടിയിലും മറ്റും സ്പ്രേ ചെയ്യുകയുമാവാം.

കിരിയാത്ത്: "കയ്പ്പിൻ്റെ രാജാവ്’(Kng of Bitter) എന്നാണ് കിരിയാത്ത് ഇതറിയപ്പെടുന്നത്. ഇതിന്റെ ഇലകൾ മാത്രമല്ല, തണ്ടും വേരുകളും നല്ല കയ്പ്പാണ്. ഈ കയ്പ്പുരസത്തിന് പാമ്പുകളുടെ ചർമത്തെ പ്രകോപിപ്പിക്കാനും കഴിയും. ഇലകളും തണ്ടും ചേർത്ത് പറിച്ചെടുത്ത ശേഷം അത് പിഴിഞ്ഞ് നീരെടുക്കുക. ഇത് നന്നായി തിളപ്പിച്ചശേഷം അരിച്ചെടുക്കുക. തണുത്തതിനു ശേഷം അൽപ്പം സോപ്പുലായനി കൂടി ചേർത്ത് സ്പ്രേയറിൽ നിറച്ചുവെക്കാവുന്നതാണ്. പാമ്പ് വരാൻ സാധ്യതയുള്ള ഇടങ്ങളിൽ ചെയ്താൽ പാമ്പുകൾ അകന്നു പോവും. സ്‌ഥിരമായി ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്. ഇതിന്റെ ഇലകൾക്കും തണ്ടിനും രൂക്ഷമായ ഗന്‌ധമാണുള്ളത്. പാമ്പുകൾക്ക് ഇത് കൂടുതൽ അസുഖകരമായി തോന്നും. അതുകൊണ്ട് വീട്ടുമുറ്റത്തിന്റേയോ പൂന്തോട്ടത്തിന്റേയോ അരികുകളിൽ ഇത് നട്ടുവളർത്തുന്നത് നല്ലതാണ്.

Tulsi Plant for avoid snakes
ക്രിക്കറ്റ് താരം ഷപൂർ സാദ്രാന്റെ ജീവനെടുത്ത അപൂർവ രോ​ഗം, എന്താണ് എച്ച്എൽഎച്ച്
Tulsi Plant for avoid snakes
പ്രമേഹരോഗികൾ ഒഴിവാക്കേണ്ട ഡ്രൈഫ്രൂട്ടുകൾ ഇവയാണ്
Tulsi Plant for avoid snakes
ദിവസവും രാവിലെ ഉണക്കമുന്തിരി കുതിർത്തത്; ചില്ലറയല്ല ആരോ​ഗ്യ​ഗുണങ്ങൾ
Summary

Herbs that helps to avoid snake

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com