Year Ender 2025|പ്രസവം വീട്ടിലായാലെന്താ? അല്‍ഫാം കഴിക്കല്ലേ, കാന്‍സര്‍!; 'ആരോഗ്യമയം' സോഷ്യൽമീഡിയ

2025ൽ സോഷ്യല്‍മീഡിയ ചര്‍ച്ച ചെയ്ത ആരോഗ്യ വാർത്തകളിലൂടെ
Health year ender
Health year enderMeta AI Image
Updated on
6 min read

കോവിഡിന് ശേഷം ചൈനയിൽ ഏത് വൈറസ് പടർന്നാലും അതിനെ ലോകം സംശയദൃഷ്ടിയോടെയാണ് വീക്ഷിക്കുന്നത്. ചൈനയിൽ പടർന്ന് പിടിച്ച ഒരു വൈറസ് തന്നെയായിരുന്നു 2025ന്റെ തുടക്കത്തിലും സോഷ്യൽമീഡിയയിലെ ചർച്ച. ഹ്യൂമന്‍ മെറ്റാന്യൂറോ വൈറസ് അഥവാ എച്ച്എംപിവി (Human Metapeneumo Virus) ചൈനയ്ക്ക് ശേഷം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തതോടെ ആശങ്കയും ഭീതിയും ഉയർന്നു.

'എച്ച്എംപിവി മുതൽ മുട്ട കാൻസർ ഉണ്ടാക്കുമെന്ന പ്രചാരം വരെ...' 2025 ൽ സോഷ്യൽമീഡിയ ചർച്ച ചെയ്ത ചില ആരോ​ഗ്യ വാർത്തകൾ;

എച്ച്എംപിവി (ഹ്യൂമന്‍ മെറ്റാന്യൂറോ വൈറസ്)

2025 ജനുവരി ആറ്, കർണാടകയിൽ എട്ട് മാസം പ്രായമായ കുഞ്ഞിന് തീവ്രമായ പനിയെ തു‍ടർന്ന് നടത്തിയ പരിശോധനയിലാണ് എച്ച്എംപിവി സ്ഥിരീകരിക്കുന്നത്. ഇത് സോഷ്യൽമീഡിയയിൽ ചർച്ച ആയതോടെ എച്ച്എംപിവി ചൈനീസ് വൈറസ് ആയി, തുടർന്ന് ആശങ്ക വർധിപ്പിക്കുകയും ചെയ്തു. ഏതാണ്ട് അതേ മാസത്തിൽ തന്നെ അഞ്ച് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തിരുന്നു. കോവിഡ് സാഹചര്യവുമായി താരതമ്യപ്പെടുത്തിക്കൊണ്ടായിരുന്നു എച്ച്എംപിവി വാർത്തകളിൽ നിറഞ്ഞത്.

Minister Veena George
Minister Veena Georgeഫയൽ

എന്നാൽ എച്ച്എംപിവി പുതിയ വൈറസ് അല്ലെന്നും അനാവശ്യ ഭീതിയുടെ ആവശ്യമില്ലെന്നും കേന്ദ്രവും സംസ്ഥാനവും വ്യക്തമാക്കി. ഇന്ത്യ ഉള്‍പ്പെടെ ലോകമെമ്പാടും ഇതിനകം രോഗം കണ്ടെത്തിയിട്ടുണ്ടെന്നും ഇന്‍ഫ്‌ളുവന്‍സയ്ക്ക് സമാനമായ രോഗലക്ഷണങ്ങള്‍ ഉള്ള എച്ച്എംപിവി കേസുകളില്‍ അസാധാരണമായ ഒരു വര്‍ധനയും ഉണ്ടായിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് ( എച്ച്എംപിവി) സംബന്ധിച്ച് കേരളത്തില്‍ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും നിലവില്‍ ഇല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇന്ത്യയില്‍ ആദ്യമായി എച്ച്എംപിവി റിപ്പോര്‍ട്ട് ചെയ്തു എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണ്. 2001ലാണ് ലോകത്ത് ആദ്യമായി ഈ വൈറസ് കണ്ടെത്തുന്നത്. അതിനും 50 വര്‍ഷം മുമ്പ് തന്നെ ഈ വൈറസും അത് മൂലമുള്ള ജലദോഷവും പനിയുമെല്ലാമുണ്ട് എന്നാണ് ശാസ്ത്രലോകം പറയുന്നത്.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി (ഐഎവി) 2023-34 വര്‍ഷം പ്രവര്‍ത്തനം ആരംഭിച്ചശേഷം സാമ്പിളുകള്‍ പരിശോധിച്ചതില്‍ 11 കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്. എച്ച്എംപിവി ഒരു പുതിയ വൈറസ് അല്ലെന്ന് ഐസിഎംആറും വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ എച്ച്എംപിവിയുമായി ബന്ധപ്പെട്ട് ജലദോഷം അടക്കമുള്ള ലക്ഷണങ്ങളാണുള്ളത്. ഇതിന് വാക്‌സിനല്ല, സപ്പോര്‍ട്ടീവ് ചികിത്സയാണ് നല്‍കുന്നതെന്നും ആരോ​ഗ്യ മന്ത്രി പിന്നീട് വ്യക്തമാക്കിയിരുന്നു.

ഗില്ലൻ ബാരി സിൻഡ്രോം

തൊട്ടുപിന്നാലെ സോഷ്യൽമീഡിയയിൽ ചർച്ചയായ രോ​ഗാവസ്ഥയായിരുന്നു ഗില്ലൻ ബാരി സിൻഡ്രോം (ജിബിഎസ്). ശരീരത്തിന്റെ പ്രതിരോധ സംവിധാനമായ പെരിഫറൽ നാഡീവ്യവസ്ഥയെ ആക്രമിക്കുന്ന അപൂർവ ന്യൂറോളജിക്കൽ അവസ്ഥയാണിത്. മഹാരാഷ്ട്രയിലും പിന്നീട് കേരളത്തിലും ഈ വർഷം രോ​ഗം റിപ്പോർട്ട് ചെയ്തിരുന്നു. ഞരമ്പുകളുടെയും പേശികളുടെയും പ്രവർത്തനം തടസപ്പെടുന്നതിലൂടെ രോ​ഗിയുടെ ആരോ​ഗ്യാവസ്ഥ ​ഗുരുതരമാകുന്നു.

gbs death
ഗൗതമി പ്രവീൺ

കേരളത്തിൽ ​ഗില്ലൻ ബാരി സിൻഡ്രോം ബാധിച്ച് രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പൂനെയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. പൂനെയിൽ പടർന്നു പിടിക്കുന്ന ഗില്ലന്‍ ബാരി സിന്‍ഡ്രോം എന്ന പകർച്ചവ്യാധിക്ക് പിന്നിൽ 'കാംപിലോബാക്റ്റർ ജെജുനി' എന്ന ബാക്ടീരിയയാണെന്നാണ് ആരോ​ഗ്യ പ്രവർത്തകർ പറയുന്നത്. ഈ ബാക്ടീരിയ സാധാരണയായി മൃഗങ്ങളുടെ കുടലിൽ, പ്രത്യേകിച്ച് കോഴികളിലാണ് കാണപ്പെടുന്നത്. മലിനമായതോ വേവിക്കാത്തതോ ആയ മാംസം, പാസ്ചറൈസ് ചെയ്യാത്ത പാലുൽപ്പന്നങ്ങൾ, ശുദ്ധീകരിക്കാത്ത വെള്ളം എന്നിവയിലൂടെ ബാക്ടീരിയ മനുഷ്യരിലേക്ക് എത്താം.

1916-ലാണ് ആദ്യമായി ഗില്ലന്‍ ബാരി സിന്‍ഡ്രോം തിരിച്ചറിയുന്നത്. രോ​ഗം കണ്ടെത്തിയ ഫ്രഞ്ച് ന്യൂറോളജിസ്റ്റുകളായ ജോർജ് ഗില്ലിയൻ, ജീൻ അലക്സാണ്ടർ ബാരെ എന്നിവരുടെ പേരുകൾ ചേർത്താണ് രോ​ഗത്തിന് പേര് നൽകിയത്.

അൽഫാമും കാൻസറും

അൽഫാമിന്റെ കരിഞ്ഞ ഭാ​ഗം തനിക്ക് ഇഷ്ടമായിരുന്നെന്നും അത് അമിതമായി കഴിച്ചതാണ് തനിക്ക് കുടൽ കാൻസർ വരാനുണ്ടായ കാരണമെന്ന് നടൻ സുധീർ സുകുമാരൻ നടത്തിയ വെളിപ്പെടുത്താലും സോഷ്യൽമീഡിയയിൽ ചർച്ചയായിരുന്നു. അല്‍ഫാം മാത്രം കാന്‍സറിന് കാരണമാകാമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ അന്ന് ചൂണ്ടിക്കാണിച്ചത്. ഗ്രില്‍ഡ് മീറ്റ് കരിച്ചുകഴിച്ചാല്‍ കെമിക്കലുകള്‍ കൂടുതല്‍ ഉണ്ടാവുമെന്നത് ശരിയാണ്. എന്നാല്‍, ഈ കെമിക്കലുകള്‍ കാന്‍സറിന് കാരണമാകുമോയെന്ന് കണ്ടെത്തിയിട്ടില്ലെന്നും വിദ​ഗ്ധർ പറയുന്നു.

അനോറെക്‌സിയ നെര്‍വോസ

ശരീരഭാരം കുറയ്ക്കാന്‍ യൂട്യൂബിലെ ഡയറ്റ് പിന്തുടര്‍ന്ന് കണ്ണൂരിൽ 18കാരി മരിച്ച സംഭവമായിരുന്നു 2025ൽ സോഷ്യൽമീഡിയ ചർച്ച ചെയ്ത മറ്റൊരു പ്രധാന വിഷയം. ശരീരഭാരം കൂടുമെന്ന ഭയം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നമാണ് അനോറെക്‌സിയ നെര്‍വോസ.

ആറുമാസമായി പെണ്‍കുട്ടി സ്വയം പട്ടിണി കിടക്കുകയായിരുന്നു. വെള്ളം മാത്രമായിരുന്നു ഈ കാലയളവിൽ ശ്രീനന്ദ കുടിച്ചിരുന്നത്. ഇതൊരു മാനസികവൈകല്യമായും ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

M sreenanda
എം ശ്രീനന്ദ

അനോറെക്സിയ നെർവോസ എന്ന ഈറ്റിങ് ഡിസോർഡർ അനുഭവിക്കുന്നവരിൽ കടുത്ത മാനസികാരോ​ഗ്യ പ്രശ്നങ്ങൾക്കോ, അകാലമരണങ്ങൾക്കോ ഉള്ള സാധ്യത കൂടുതലാണെന്ന് ഇന്റർനാഷണൽ ജേർണൽ ഓഫ് ഈറ്റിങ് ഡിസോർഡേഴ്സിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ പ്രശ്നമുള്ളവർ വണ്ണം പരമാവധി കുറയ്ക്കാൻ ശ്രമിക്കും. വേണ്ടത്ര ഭക്ഷണം കഴിക്കാതിരിക്കുകയോ, അമിതമായി വ്യായാമം ചെയ്യുകയോ, ഭക്ഷണം കഴിച്ചാൽ അവ ഛർദിച്ചു കളയാൻ ശ്രമിക്കുകയോ ഒക്കെ ചെയ്യും. പട്ടിണി കിടക്കുക കൂടി ചെയ്യുന്നതോടെ സാഹചര്യം ​ഗുരുതരമാകും.

സ്വന്തം ശരീരത്തേക്കുറിച്ച് എപ്പോഴും ആശങ്കയുണ്ടാവുകയും വണ്ണം വെക്കുമോയെന്ന ഭയമുണ്ടാവുകയും ചെയ്യും. വണ്ണം തീരെ കുറവാണെങ്കിലും വണ്ണംവെക്കുമോ എന്ന തോന്നലുണ്ടാകും. പ്രായലിം​ഗ ഭേദമന്യേ എല്ലാവരിലും ഈ അവസ്ഥ കാണാമെങ്കിലും പൊതുവേ സ്ത്രീകളിലാണ് ഇവ കൂടുതൽ പ്രകടമാകാറുള്ളത്.

അമീബിക് മസ്തിഷ്ക ജ്വരം

കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വരം കൂടുതൽ റിപ്പോർട്ട് ചെയ്ത വർഷം കൂടിയായിരുന്നു 2025. നൂറ്റിയമ്പതിലധികം കേസുകൾ റിപ്പോർട്ട് ചെയ്തുവെന്നാണ് കണക്ക്. 42-ഓളം മരണങ്ങളും സംഭവിച്ചുവെന്നാണ് ആരോ​ഗ്യമന്ത്രാലയം വിലയിരുത്തുന്നത്. നെഗ്ലേറിയ ഫൗലേറി എന്ന അമീബ വിഭാഗത്തിൽപ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ്ക ജ്വരം അഥവാ അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാകുന്നത്. ഈ അമീബകൾ നമ്മുടെ ചുറ്റും ധാരാളമായുണ്ട്. ഇവ വെള്ളത്തിലെ ബാക്ടീരിയകളെയും മറ്റും ആഹാരമാക്കിയാണ് ജീവിക്കുന്നത്. വേനൽക്കാലത്ത് കൂടിയ ചൂട് കാരണം ജലാശയങ്ങളിൽ അമീബയ്ക്ക് വളരാൻ അനുയോജ്യമായ സാഹചര്യം ഉണ്ടാകും.

അമീബകൾ മൂക്കിലെ സൂക്ഷ്മമായ അസ്ഥിവിടവുകളിലൂടെ നേരിട്ട് തലച്ചോറിലെത്തുകയും ഗുരുതരമായ അണുബാധയ്ക്ക് കാരണമാകുകയും ചെയ്യും. മൂക്കിൽ വെള്ളം കയറ്റുന്ന നസ്യം പോലുള്ള ക്രിയകൾ ചെയ്യുമ്പോഴോ, തല വെള്ളത്തിൽ മുക്കി കഴുകുമ്പോഴോ അമീബ ശരീരത്തിൽ പ്രവേശിക്കാം. എന്നാൽ അമീബ അടങ്ങിയ വെള്ളം കുടിക്കുന്നതിലൂടെ സാധാരണയായി രോഗം പിടിപെടില്ല. ദഹനവ്യവസ്ഥയിലെ ആസിഡിന്റെ സാന്നിധ്യം അണുക്കളെ നശിപ്പിക്കാൻ പര്യാപ്തമായതിനാലാണിത്‌.

വീട്ടിലെ പ്രസവം

മലപ്പുറത്ത് വീട്ടിലെ പ്രസവത്തെ തുടർന്ന് യുവതി മരിച്ചതിന് പിന്നാലെ സോഷ്യൽമീഡിയയിൽ അശാസ്ത്രീയമായ പ്രസവരീതികൾ ചർച്ചയായിരുന്നു. മതിയായ സുരക്ഷ സംവിധാനങ്ങൾ ഇല്ലാതെ വീടുകളിൽ നടത്തുന്ന പ്രസവം രണ്ട് ജീവൻ വച്ചുകൊണ്ടുള്ള ഞാണിൻമേൽ കളിയാണെന്നായിരുന്നു സോഷ്യൽമീഡിയയിലെ വിമർശനം. പ്ര​സ​വ​വേ​ദ​ന തു​ട​ങ്ങി​യാ​ല്‍, കു​ഞ്ഞി​ന്‍റെ ഹൃ​ദ​യ​മി​ടു​പ്പി​നു പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. പ്ര​സ​വം നീ​ണ്ടു​പോ​യാ​ല്‍ കു​ഞ്ഞി​ന്‍റെ ത​ല​യി​ലേ​ക്കു​ള്ള ര​ക്ത​യോ​ട്ട​ത്തി​ന് കു​റ​വു​വ​ന്ന് ബു​ദ്ധി​മാ​ന്ദ്യം സം​ഭ​വി​ക്കാം.

ഇ​ത് യ​ഥാ​സ​മ​യം ക​ണ്ടു​പി​ടി​ച്ച് ഉ​ട​ന​ടി പ​രി​ഹാ​രം നി​ര്‍​ദേ​ശി​ക്കാ​ന്‍ ഈ ​ശാ​സ്ത്രം അ​റി​യു​ന്ന​വ​രും, അ​തി​നു​വേ​ണ്ട ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​ണ്ടാ​വ​ണം. ഇന്ന് മാതൃശിശു മരണ നിരക്കുകള്‍ ഇത്രയും കുറഞ്ഞതിന് കാരണം ഗര്‍ഭകാലം മുതല്‍ എല്ലാ പരിചരണങ്ങളും ആശുപത്രികളില്‍ നടക്കുന്നത് കൊണ്ടാണെന്നും വിദ​ഗ്ധർ ചൂണ്ടിക്കാണിച്ചു. സർക്കാരിന്റെ തുടർച്ചയായ ഇടപെടലുകളെ തുടർന്ന് വീട്ടു പ്രസവ നിരക്ക് കുറഞ്ഞതും ഈ വർഷത്തെ ഒരു സന്തോഷ വാർത്തയായി.

പേവിഷബാധ

2025-ൽ ചർച്ചയായ മറ്റൊരു വിഷയമാണ് പേവിഷബാധ. തെരുവു നായകളുടെ കടിയേറ്റാണ് ഏറ്റവും കൂടുതൽ പേവിഷബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പേവിഷബാധയ്ക്ക് വാക്സിൻ എടുത്ത ശേഷവും മരണം റിപ്പോർട്ട് ചെയ്ത സംഭവം സോഷ്യൽമീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു.

ഏകദേശം 20000 റാബിസ് മരണങ്ങളാണ് ഇന്ത്യയില്‍ ഒരു വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇത് ലോകത്താകമാനമുള്ള റാബിസ് മരണങ്ങളുടെ 36 ശതമാനം വരും. ലോകത്തിലെ ഏറ്റവും മാരകമായ രോഗങ്ങളില്‍ ഒന്നാണ് പേവിഷബാധ. റാബ്‌ഡോവിറിഡോ കുടുംബത്തില്‍പെട്ട ആര്‍എന്‍എ വൈറസാണ് പേ വിഷബാധയക്ക് കാരണമായ റാബിസ് വൈറസ്.

dog attack
തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചുപ്രതീകാത്മക ചിത്രം

മലപ്പുറത്ത് പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടും ആറു വയസുകാരി സിയ ഫാരിസ് പേ വിഷ ബാധയെ തുടര്‍ന്ന് മരിച്ചു. മാര്‍ച്ച് 29നാണു സിയ അടക്കം ആറ് പേരെ തെരുവുനായ ആക്രമിച്ചത്. പട്ടികടിയേറ്റ് രണ്ട് മണിക്കൂറിനകം പ്രതിരോധ കുത്തിവയ്‌പ്പെടുത്തു. എല്ലാ ഡോസുകളും പൂര്‍ത്തിയാക്കിയെങ്കിലും ഒരാഴ്ച മുന്‍പു പനിയെ തുടര്‍ന്ന് ചികിത്സ തേടിയപ്പോഴാണ് സിയയ്ക്ക് പേ വിഷബാധ സ്ഥിരീകരിക്കുന്നത്. കഴുത്തിന് മുകളിലുണ്ടായിരുന്ന പരിക്ക് ഗുരുതരവും ആഴത്തിലുള്ളതുമായതിനാലാണ് വാക്‌സിന്‍ ഫലപ്രദമാകാത്ത സാഹചര്യം ഉണ്ടായതെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. കൊല്ലത്തും സമാന രീതിയിൽ ഏഴു വയസുകാരിയുടെ കേസ് റിപ്പോർട്ട് ചെയ്തിരുന്നു.

കോവിഡ് വാക്സിനും ഹൃദ്രോ​ഗങ്ങളും

കോവിഡ് വാക്സിൻ എടുത്തവരിൽ ഹൃദ്രോ​ഗ സാധ്യത മൂന്ന് മടങ്ങ് കൂടുതലാണെന്ന വാദം സോഷ്യൽമീഡിയയിൽ ശക്തമായി പ്രചരിച്ചിരുന്നു. ഇത് ആളുകൾക്കിടയിൽ വാക്സിനെതിരെ ഭീതി ഉയർത്തിയിരുന്നു. എന്നാൽ ഈ പ്രസ്താവന തെറ്റാണെന്ന് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാട്ടി. ലോകത്ത് ഏതാണ്ട് 99 ശതമാനം ആളുകളിലും കോവിഡ് വന്നു പോയിട്ടുണ്ട്. പലരും ലക്ഷണങ്ങള്‍ ഇല്ലതിരുന്നതിനാല്‍ രോഗം നിര്‍ണയം നടത്തിയിട്ടില്ല. എന്നാല്‍ അവര്‍ക്ക് കോവിഡ് വന്നിട്ടില്ലെന്ന് പറയാന്‍ സാധിക്കില്ല.

അതില്‍ പലരും കോവിഡ് വാക്സിന്‍ എടുക്കാത്തവരുണ്ട്. വാക്‌സിന്‍ എടുത്തിട്ടുള്ളവരില്‍ മാത്രമല്ല ഹൃദ്രോഗങ്ങള്‍ ഉണ്ടാകുന്നതെന്നും ശ്രദ്ധേയമാണ്. അങ്ങനെയൊരു സാഹചര്യത്തില്‍ എങ്ങനെ വാക്സിനെ കുറ്റപ്പെടുത്താനാകും. കോവിഡ് ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്നു. വാക്സിന്‍ ഇതില്‍ കുറ്റക്കാരനല്ലെന്നും ഹൃദയശസ്ത്രക്രിയ വിദ​ഗ്ധനും ഹാർട്ട് കെയർ ഫൗണ്ടേഷന്റെ സ്ഥാപകനുമായ ഡോ. ജോസ് ചാക്കോ പെരിയപ്പുറം ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ ഒരു അഭിമിഖത്തിൽ പറഞ്ഞു.

ജിമ്മിൽ കുഴഞ്ഞു വീണുള്ള മരണങ്ങൾ

ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്നതിനിടെ യുവാക്കൾ കുഴഞ്ഞു വീണു മരിക്കുന്ന സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയായ മറ്റൊരു സംഭവം. ഇതിന് പിന്നിൽ പല ഘടകങ്ങൾ ഉണ്ടാകാമെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. വർക്ക്ഔട്ട് ചെയ്യുന്നതിന് മുൻപ് മതിയായ ആരോ​ഗ്യ പരിശോധനകൾ നടത്തേണ്ടതിന്റെ ആവശ്യകതയും വിദ​ഗ്ധർ ഓർമിപ്പിച്ചു കൊണ്ടിരിക്കുന്നു.

gym workouts
ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ( Gym Workouts)പ്രതീകാത്മക ചിത്രം

ചിലരിൽ 'ഹൈപ്പര്‍ട്രോഫി' എന്ന അവസ്ഥയുണ്ടാകാം. അതായത് ഹൃദയപേശികൾക്ക് സാധാരണയിലും കട്ടിയും വലിപ്പവും കൂടുതലായിരിക്കും. ശരീരത്തിൽ മുഴുവനായുള്ള അഞ്ച് ലിറ്റർ രക്തത്തില്‍ പത്ത് ശതമാനം ഹൃദയമാംസപേശികളുടെ പ്രവർത്തനത്തിനായി ഉപയോ​ഗിക്കുന്നു. വ്യായാമം ചെയ്യുമ്പോൾ ഇതിന്‍റെ അളവു വർധിക്കും. എന്നാൽ ഹൈപ്പർട്രോഫി അവസ്ഥയുള്ളവരില്‍ സാധാരണയിലും അധികം രക്തം ആവശ്യമായി വരുമെന്ന് ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറയുന്നു. രക്തം ലഭ്യമാകാതെ വരുന്നതോടെ ഹൃദയപേശികൾ സമ്മർദത്തിലാകും.

ഇത് പെട്ടെന്നുള്ള മരണത്തിലേക്ക് നയിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹൃദയത്തിന്റെ ഘടന വ്യത്യാസപ്പെട്ടിരിക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. പലപ്പോഴും ആളുകള്‍ക്ക് ഇതിനെ കുറിച്ച് അറിവുണ്ടാകണമെന്നില്ല. അതിനാല്‍ ജിമ്മില്‍ പോകുന്നതിന് മുന്‍പ് പരിശോധന നടത്തി ഡോക്ടറുടെ ഉപദേശം തേടുന്നത് നല്ലതാണെന്നും അദ്ദേഹം ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോ​ഗ്സിൽ പറയുന്നു. പറഞ്ഞു.

ട്രംപും പാരസെറ്റാമോൾ വിവാദവും

ഗര്‍ഭിണികള്‍ പാരസെറ്റാമോള്‍ കഴിക്കുന്നത് ഒഴിവാക്കണമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാദവും അത് പിന്നീട് ലോകാരോഗ്യസംഘടന (ഡബ്ല്യുഎച്ച്ഒ) തള്ളിയതും സോഷ്യൽമീഡിയ 2025ൽ ആഘോഷിച്ചു. ഗര്‍ഭിണികളായ സ്ത്രീകള്‍ 'ടൈലനോള്‍' (പാരസെറ്റമോള്‍) ഒഴിവാക്കണം, അല്ലെങ്കില്‍ ഓട്ടിസമുള്ള കുഞ്ഞ് ജനിച്ചേക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. എന്നാൽ ലോകാരോഗ്യ സംഘടനയടക്കമുള്ളവ ട്രംപിന്‍റെ പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തി. ട്രംപ് പറയുന്ന മണ്ടത്തരം കേള്‍ക്കേണ്ടതില്ലെന്നും മരുന്നിന് ഓട്ടിസവുമായി ഒരു ബന്ധവുമില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

Donald Trump
Donald Trumpfile

പാരസെറ്റമോളും ഓട്ടിസവും തമ്മില്‍ ഏതെങ്കിലും തരത്തില്‍ ബന്ധമുള്ളതായി ശാസ്ത്രീയമായി തെളിയിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് ഗവേഷകര്‍ പറയുന്നു. ഗര്‍ഭകാലത്ത് ഉപയോഗിക്കാന്‍ സുരക്ഷിതമായ മരുന്ന് തന്നെയാണ് പാരസെറ്റമോളെന്നും തെറ്റായ പ്രചരണങ്ങളിലും വിവരങ്ങളിലും വീഴരുതെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. ട്രംപിന്‍റെ പ്രസ്താവന ശാസ്ത്രീയ അടിത്തറ ഇല്ലാത്താണെന്ന് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയും ഓസ്ട്രേലിയയിലെയും യുകെയിലെയും ആരോഗ്യ ഗവേഷണ ഏജന്‍സികളും വ്യക്തമാക്കുന്നു.

ചുമ മരുന്ന്

തമിഴ്നാട് ആസ്ഥാനമായി നിര്‍മ്മിക്കുന്ന കാള്‍ഡ്രിഫ് നിര്‍മ്മാണ കമ്പനിയുടെ ചുമ മരുന്ന് കഴി‍ച്ച് മധ്യപ്രദേശിൽ രണ്ട് കുട്ടികൾ മരിച്ചത് സോഷ്യൽമീഡിയയിൽ വലിയ വാർത്തയായിരുന്നു. തുടര്‍ന്ന് തുടർച്ചയായി മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. കമ്പനി ഉടമയായ രം​ഗനാഥനെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു.

മുട്ട കഴിച്ചാൽ കാൻസർ

മുട്ടയിൽ കാൻസറിന് കാരണമാകുന്ന ആന്റിബയോട്ടിക് സാന്നിധ്യം കണ്ടെത്തിയതോടെ മുട്ട കാൻസറിന് കാരണമാകുമെന്ന തരത്തിൽ സോഷ്യൽമീഡിയയിൽ പ്രചാരം ഉയർന്നിരുന്നു. എന്നാൽ ഈ വാദം ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) തള്ളി. എഗ്ഗോസ് ന്യൂട്രീഷന്‍ എന്ന ബ്രാന്‍ഡ് വില്‍ക്കുന്ന മുട്ടകളില്‍ കാന്‍സറിന് കാരണമായേക്കാവുന്ന ആന്റിബയോട്ടിക് ആയ നൈട്രോഫുരാന്റെ അംശം ഉണ്ടെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന വാദം.

brown and white eggs
EggsPexels

ഇത് അടിസ്ഥാന രഹിതമാണെന്നാണ് എഫ്എസ്എസ്എഐ വ്യക്തമാക്കുന്നത്. 2011 ലെ ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങള്‍ പ്രകാരം കോഴിയിറച്ചിയുടെയും മുട്ടയുടെയും ഉല്‍പാദനത്തിന്റെ എല്ലാ ഘട്ടങ്ങളിലും നൈട്രോഫ്യൂറാനുകളുടെ ഉപയോഗം കര്‍ശനമായി നിരോധിച്ചിട്ടുണ്ടെന്ന് എഫ്എസ്എസ്എഐ പറയുന്നു.

നൈട്രോഫ്യൂറാന്‍ മെറ്റബോളൈറ്റുകളുമായുള്ള ട്രേസ്-ലെവല്‍ ഭക്ഷണങ്ങള്‍ മനുഷ്യരില്‍ കാന്‍സറോ മറ്റ് പ്രതികൂല ആരോഗ്യ ഫലങ്ങളോ തമ്മില്‍ ബന്ധമില്ല. സാധാരണ മുട്ട ഉപഭോഗം കാന്‍സര്‍ സാധ്യതയുമായി ബന്ധപ്പെടുത്തി ദേശീയ അല്ലെങ്കില്‍ അന്തര്‍ദേശീയ തലത്തില്‍ നടത്തിയ പഠനങ്ങളില്‍ ഒന്നിലും പരാമര്‍ശമില്ല.

Summary

Year Ending: From HMPV to cancer causing eggs.. Social Media Celebrated health news

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com