ഇപ്പോഴത്തെ പനി വിശ്വസിക്കാൻ പറ്റില്ല; ഡങ്കിയോ ഷിഗല്ലയോ എന്നാണ് ഭയം!, പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ വീട്ടുവൈദ്യം

വിപണിയില്‍ നിന്നും റെഡീമേഡ് ആയി വാങ്ങുവാന്‍ കിട്ടുന്ന മാംസോല്‍പ്പന്നങ്ങള്‍, അമിതമായ മധുരം ചേര്‍ത്തിട്ടുള്ള ക്യത്രിമപാനീയങ്ങള്‍, ആള്‍ക്കഹോള്‍ എന്നിവ ‘ഫ്രീ റാഡിക്കലു’കളെ സ്യഷ്ടിക്കുന്നു.
Immunity booter home remedy
Immunity booter home remedyPinterest
Updated on
4 min read

കേരളം രോഗങ്ങളുടെ പുതുകാലത്തിലൂടെ കടന്നുപോവുകയാണ്. മഴക്കാലരോഗങ്ങള്‍ എന്ന് പറയാവുന്നവയല്ല ഇപ്പോള്‍ പടരുന്നത്. പുതുമഴനനഞ്ഞാല്‍ ഒരു ജലദോഷം വന്നുപോവും. വെയിലു കൊണ്ടാല്‍ ചിലപ്പോള്‍ ഒരു പനി വന്നെന്നിരിക്കും. പക്ഷേ ഇപ്പോള്‍ കാര്യങ്ങളാകെ മാറിയിരിക്കുന്നു. നിപ്പ, ഡങ്കി മുതലായവയെ പേടിക്കാതെ പുറത്തിറങ്ങാന്‍ വയ്യാത്ത അവസ്ഥയാണ്.

അലകടലുകള്‍ക്കപ്പുറത്തുള്ള ഒരു കപ്പലില്‍ 'ഹാന്റാ' എന്ന വൈറസ് പടര്‍ന്നെന്നു കേട്ടാലും ഭയക്കേണ്ട അവസ്ഥയിലാണ് നമ്മള്‍ കാരണം തുറമുഖങ്ങളുടെ സാമീപ്യം ഏതുരോഗത്തേയും വളരെയേറെ സമീപസ്ഥമാക്കിയിരിക്കുന്നു.

പുറത്തിറങ്ങിയപ്പോള്‍ ഒരു സര്‍ബത്ത് കുടിച്ചു. അത് കഴിഞ്ഞപ്പോള്‍ ഷിഗെല്ല ബാധിക്കുമോ എന്ന ആശങ്കയിലായി! അതിനിടെ ‘സിക്കാഡ’ എന്ന പേരില്‍ കോവിഡ് വൈറസിന്റെ പുതിയൊരു വകഭേദം വന്നുപോയിരുന്നു.

അധികമാരും അറിഞ്ഞില്ല! അതുകൊണ്ട് നമ്മളും വലുതായി പേടിച്ചില്ല! പക്ഷേ, ഇങ്ങനെയായാല്‍ എന്തുചെയ്യും? ഭക്ഷണക്രമീകരണം എന്നതു തന്നെയാണ് ഉത്തരം.

വിപണിയില്‍ നിന്നും റെഡീമേഡ് ആയി വാങ്ങുവാന്‍ കിട്ടുന്ന മാംസോല്‍പ്പന്നങ്ങള്‍, അമിതമായ മധുരം ചേര്‍ത്തിട്ടുള്ള ക്യത്രിമപാനീയങ്ങള്‍, ആള്‍ക്കഹോള്‍ എന്നിവ ‘ഫ്രീ റാഡിക്കലു’കളെ സ്യഷ്ടിക്കുന്നു. ഇവ കോശങ്ങളെ നശിപ്പിക്കും. ഇങ്ങനെ നശിപ്പിക്കപ്പെടുന്നവയുടെ കൂട്ടത്തില്‍ ശരീരത്തിലെ വിവിധ ഗ്രന്ഥികളിലെ കോശങ്ങളും ഉള്‍പ്പെടും. സാധാരണയായി ഇത്തരം ‘ഫ്രീ റാഡിക്കലു’കളെ ഉടനടി നശിപ്പിച്ചുകളയാന്‍ ശരീരത്തിന് കഴിയും.

ഭക്ഷണവസ്തുക്കളില്‍ നിന്നും പ്രത്യേകിച്ചും പഴങ്ങളില്‍ നിന്ന് ലഭിക്കുന്ന ‘ആന്റിഓക്‌സിഡന്റു’കളെയാണ് ഇതിനായി ഉപയോഗിക്കുന്നത്. എന്നാല്‍ ആ രീതിയില്‍ ‘ഫ്രീ റാഡിക്കലു’കളെ നശിപ്പിക്കാന്‍ കഴിയണമെങ്കില്‍ പഴങ്ങള്‍ സ്ഥിരമായി നമ്മുടെ ഭക്ഷ്യഇനങ്ങളില്‍ ഉള്‍പ്പെടണം. പുട്ടും പഴവും പണ്ട് സാധാരണമായിരുന്നുവെങ്കിലും ഇപ്പോള്‍ ആ സ്ഥാനം ചപ്പാത്തിയോ പൂരിയോ കൈയ്യടക്കിയിരിക്കുന്നു. പഴങ്ങള്‍ പാകം ചെയ്യാതെ കഴിക്കണമെന്നാണ്. എന്നാലേ അതുകൊണ്ടുള്ള ഫലം ലഭിക്കൂ.

വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്ന പാചകഎണ്ണയിലും ‘ഫ്രീ റാഡിക്കലു’കള്‍ അമിതമായി അടങ്ങിയിരിക്കുന്നു. ഇവ ചെയ്യുന്ന അപകടങ്ങള്‍ ചില്ലറയല്ല. അവ വരുത്തിവെക്കുന്ന രോഗങ്ങളുടെ ചികിത്‌സ ചില്ലറയില്‍ ഒതുങ്ങുകയുമില്ല. ‘ഫ്രീ റാഡിക്കലു’കള്‍ അമിതമാവുന്നതുമൂലം ബാധിക്കാവുന്ന ഏറ്റവും സാധാരണമായ രോഗാവസ്ഥകളാണ് കാന്‍സറും ഡയബെറ്റിസും കരള്‍നാശവും. എന്നാല്‍ അതോടൊപ്പം അവ രോഗാണുക്കളുടെ ആക്രമണത്തെ ചെറുക്കാനുള്ള ശരീരത്തിന്റെ കഴിവിനേയും കുറവുചെയ്യും.

രോഗാണുക്കള്‍ ആന്റിജെനുകളെ സ്യഷ്ടിക്കുമ്പോള്‍ അവയ്‌ക്കെതിരെ ശരീരം ആന്റിബോഡികളെ ഉണ്ടാക്കേണ്ടതുണ്ട്. എന്നാല്‍ ‘ഫ്രീ റാഡിക്കലു’ കളുടെ അമിതസാന്നിധ്യം ഇത് അസാധ്യമാക്കും. അതിലൂടെ ശരീരം രോഗാണുജന്യരോഗങ്ങള്‍ക്ക് എളുപ്പത്തില്‍ കീഴ്‌പ്പെടുന്ന അവസ്ഥ സംജാതാവും. ഇതില്‍ നിന്നും ശരീരത്തെ മോചിപ്പിക്കാനും രോഗപ്രതിരോധശേഷി നേടാന്‍ ശരീരത്തെ തയ്യാറാക്കാനും ചില എളുപ്പവിദ്യകളുണ്ട്: വീട്ടില്‍ ചെയ്യാവുന്നവ. അവയെക്കുറിച്ചാണ് പറയാന്‍ പോവുന്നത്:

നെല്ലിക്കമഞ്ഞള്‍തേന്‍ മിശ്രിതം

നെല്ലിക്കയില്‍ വിറ്റാമിന്‍ സി, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി കൈവരുത്താനും നിലനിറുത്താനും നെല്ലിക്ക വളരെ സഹായകമാണ്. ഇതിലൂടെ ‘ഓക്‌സിഡേറ്റീവ് സ്‌ട്രെസ്' കുറയുകയും ശരീരം രോഗങ്ങളെ ചെറുക്കാനുള്ള ശക്തിനേടുകയും ചെയ്യും.

നെല്ലിക്ക ആന്റിബോഡികളുടെ നിര്‍മ്മാണത്തേയും ശ്വേതരക്താണുക്കള്‍ മൂലമുള്ള രോഗ പ്രതിരോധശേഷിയേയും അതിന്റെ നിലനിറുത്തലിനേയും നിയന്ത്രിക്കുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പ്രതിദിനം ഒരു നെല്ലിക്ക കഴിക്കുന്നത് നല്ലതാണ്. അല്ലെങ്കില്‍ രണ്ട് നെല്ലിക്ക ജ്യൂസ് രൂപത്തിലാക്കി ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് എല്ലാ ദിവസവും രാവിലെ വെറും വയറ്റില്‍ കഴിക്കാം. നെല്ലിക്കയുടെ കയ്പ്പ് കുറയ്ക്കാന്‍ തേന്‍ ഉപയോഗിക്കാം.

ചിറ്റമ്യത്മഞ്ഞള്‍തേന്‍ മിശ്രിതം

ആയൂര്‍വേദത്തിലെ കൈകണ്ട ഔഷധങ്ങളിലൊന്നാണ് ചിറ്റമ്യത്, അമ്യതവള്ളി എന്നീ പേരുകളില്‍ അറിയപ്പെടുന്ന ചെടി. ഇംഗ്‌ളീഷില്‍ ഗിലോയ് എന്നറിയപ്പെടുന്ന ഇത് അതേപേരില്‍ തന്നെ വിപണിയില്‍ ലഭിക്കും. പക്ഷേ, അത് വാങ്ങി ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. തരുന്ന ചെടി അതാവില്ല എന്നത് തന്നെയാണ് കാരണം.

ഇതിന്റെ ഇലകള്‍ക്ക് ഹ്യദയത്തിന്റെ ആക്യതിയും കായ്ക്ക് ചുവന്ന നിറവും ഉള്ള ഒരു വള്ളിച്ചെടിയാണിത്. കോവിഡിനെ തടയുന്നതില്‍ അമ്യതവള്ളിക്ക് ഒരു പങ്ക് വഹിക്കാനുണ്ടെന്ന് ആയുഷ് മന്ത്രാലയം ഒരിക്കല്‍ പ്രസ്താവിക്കുകയുണ്ടായി. അതുണ്ടാക്കിയ ഒച്ചപ്പാട് പക്ഷേ നാട്ടുവൈദ്യന്‍മാരുടെ ഹ്യദയം തകര്‍ക്കുന്നതായി!

ഇവിടെ നമ്മള്‍ ഒരു ലഘുചികിത്‌സയാണ് ചെയ്യാന്‍ പോവുന്നത്: അമ്യതവള്ളിയുടെ തണ്ട് രണ്ടിഞ്ച് നീളത്തിലെടുത്ത് ചെറിയ കഷണങ്ങളാക്കി മുറിച്ച ശേഷം ഒരു മണ്‍പാത്രത്തില്‍ ഏകദേശം 3 ഗ്ലാസ് വെള്ളം ചേര്‍ത്ത് തിളപ്പിക്കണം. രാത്രി മുഴുവന്‍ ഇത് അനക്കാതെ വെക്കണം. രാവിലെ തണ്ട് പിഴിഞ്ഞെടുത്ത നീര് ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും തേനും ചേര്‍ത്ത് കഴിക്കാവുന്നതാണ്.

വിഷ്ണുക്രാന്തിഅശ്വഗന്ധമിശ്രിതം

‘ദശപുഷ്പങ്ങള്‍’ എന്നത് കേരളീയസംസ്‌കാരത്തിന്റെ മറുപാതികളിലൊന്നാണ്. പേര് സൂചിപ്പിക്കുന്നതുപോലെ ഇവ പത്തെണ്ണമുണ്ട്. ഇവയില്‍ ചിലത് ഓണപ്പൂക്കളങ്ങളില്‍ ഉപയോഗിക്കുന്നവയാണ്. അവയില്‍ ചിലത് തിരുവാതിരക്കളി കളിക്കുന്നവര്‍ മുടിയില്‍ ചൂടുന്നവയാണ്. ഇനിയുള്ള ചിലത് പൂജാപുഷ്പങ്ങളാവുന്നവയും.

ത്വക്‌രോഗങ്ങളെ ശമിപ്പിക്കാനുള്ള ഇവയുടെ കഴിവ് പേരുകേട്ടതാണ്. ഇവയ്ക്കിടെയില്‍ത്തന്നെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശക്തിയുടെ കാര്യത്തില്‍ അദ്വിതീയമാണ് വിഷ്ണുക്രാന്തി. ഇലകള്‍, തണ്ട്, വേര് എന്നിവയുള്‍പ്പെടെ ഈ ചെടി മൊത്തത്തില്‍ ഉപയോഗിക്കാം. ഇത് ഏകദേശം 30 ഗ്രാം എടുത്ത് ഒരു മണ്‍പാത്രത്തിലിട്ട് 3 ഗ്ലാസ് വെള്ളം ഒഴിച്ച് തിളപ്പിക്കണം. ഇത് രാത്രി മുഴുവനും സൂക്ഷിക്കണം, അടുത്ത ദിവസം രാവിലെ അതില്‍ നിന്നും ഒരു ഗ്ലാസ് എടുത്ത് രണ്ട് നുള്ള് അമുക്കുരം വേര്‌പൊടി ചേര്‍ത്ത് എല്ലാ ദിവസവും രാവിലെ വെറും വയറ്റില്‍ കഴിക്കാം.

മുരിങ്ങയിലനാരങ്ങതേന്‍ മിശ്രിതം

ഇരുമ്പ്, മഗ്നീഷ്യം, കാല്‍സ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, സിങ്ക് തുടങ്ങിയ ധാതുക്കളുടെയും എ, സി, ബി1, ബി2 തുടങ്ങിയ വിറ്റാമിനുകളുടെയും സമ്പന്നമായ സ്രോതസാണ് മുരിങ്ങയില. പരമ്പരാഗതമായി കേരളീയര്‍ മുരിങ്ങയിലയെ തോരനായും മറ്റും ഉപയോഗിച്ചുവരുന്നു. മീന്‍കറിയിലും അവിയലിലും മുരിങ്ങക്കായ വിലങ്ങനെ കിടന്നത് പല രോഗഭീമന്‍മാരേയും ഹനുമാനെന്ന പോലെ തടഞ്ഞിരുന്നു.

എന്നാലെന്തേ ഓസ്‌ട്രേലിയയില്‍ ഇപ്പോള്‍ മുരിങ്ങയില നിരോധിക്കുന്നത് എന്ന് ചോദിക്കുന്നവരുണ്ടാവും. അത് മുരിങ്ങയുടെ ദോഷംകൊണ്ടല്ല. കീടനാശിനിയില്‍ മുക്കി കയറ്റിവിടുന്ന മുരിങ്ങയിലയില്‍ നിന്നുള്ള വിഷബാധ തടയാനാണ്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി മുരിങ്ങയില ഉപയോഗിക്കാം. ഇതിനായി അരകപ്പ് മുരിങ്ങയില ഒരു കപ്പ് വെള്ളം ചേര്‍ത്തരച്ച് അരിച്ചെടുത്തതില്‍ 30 മില്ലി നാരങ്ങാനീരും തേനും ചേര്‍ത്ത് പതിവായി കഴിക്കുന്നത് വിഷവസ്തുക്കളെ ഇല്ലാതാക്കുന്നതിനും ‘ഫ്രീ റാഡിക്കലു’കളുടെ പ്രഭാവം കുറയ്ക്കുന്നതിനും സഹായിക്കും.

ഇഞ്ചിമല്ലിപഞ്ചസാരകല്‍ക്കണ്ടം മിശ്രിതം

ദഹനപ്രശ്‌നങ്ങള്‍ക്കുള്ള ഒരു വീട്ടുവൈദ്യമെന്ന നിലയില്‍ പണ്ടേക്കുപണ്ടേ പുകള്‍പെറ്റതാണ് ഇഞ്ചി. എങ്കിലും എച്ച്1എൻ1 പോലുള്ള വൈറസുകള്‍ മൂലമുണ്ടാകുന്ന പനി തടയുന്നതിനുള്ള ഇഞ്ചിയുടെ കഴിവ് തെളിയിക്കപ്പെട്ടത് അടുത്തകാലത്ത് മാത്രമാണ്. സമീപകാല ഗവേഷണങ്ങള്‍ ഇതിന് തെളിവ് കണ്ടെത്തുകയും അതിന്റെ അടിസ്ഥാനത്തില്‍ ഔഷധങ്ങള്‍ വികസിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

നമുക്ക് ചെയ്യാവുന്നത് നാലോ അഞ്ചോ മല്ലി ഇട്ട വെള്ളത്തില്‍ ചെറുതായി അരിഞ്ഞ മൂന്നോ നാലോ ഇഞ്ചിക്കഷണങ്ങള്‍ ചേര്‍ത്ത് തിളപ്പിച്ച വെള്ളം കുടിക്കുകയാണ്. അല്പം കല്‍ക്കണ്ടം പൊടിച്ചത് കൂടി ചേര്‍ത്ത് കഴിക്കാം. ബാക്ടീരിയ, വൈറസ് എന്നിവ മൂലമുള്ള ശ്വസനരോഗ ങ്ങളെ പ്രതിരോധിക്കന്‍ ഇതിന് കഴിയും.

കറ്റാര്‍വാഴചിറ്റമ്യത്അമുക്കുരം മിശ്രിതം

സ്റ്റിറോയിഡുകള്‍ അടങ്ങിയ വേദനസംഹാരികള്‍, മറ്റ് മരുന്നുകള്‍, ആന്റിബയോട്ടിക്കുകള്‍ എന്നിവയുടെ ദീര്‍ഘകാല ഉപയോഗം മൂലം നഷ്ടപ്പെട്ട രോഗപ്രതിരോധശേഷി വീണ്ടെടുക്കാന്‍ ശരീരത്തെ സഹായി ക്കാന്‍ കറ്റാര്‍വാഴക്ക് കഴിയും. കറ്റാര്‍വാഴ, ചിറ്റമ്യത്, അമുക്കുരം എന്നിവയാണ് ഇതിനായി വേണ്ടത്. ഇതിനായി ആദ്യം കറ്റാര്‍വാഴ സത്ത് തയ്യാറാക്കേണ്ടതുണ്ട്.

കറ്റാര്‍വാഴയെ ‘ശുദ്ധീകരിക്കുക’യാണ് ആദ്യപടി. കറ്റാര്‍വാഴയുടെ മാംസളമായ ഇലകള്‍ കനലിനു മുകളില്‍ വെച്ച് ചൂടാക്കിയശേഷമാണ് അത് പിഴിഞ്ഞ് നീരെടുക്കേണ്ടത്. നേര്‍മ്മയുള്ള ഒരു തുണി ഉപയോഗിച്ച് ഈ നീര് അരിച്ചെടുക്കണം. ചിറ്റമ്യതിന്റെ തണ്ട് പിഴിഞ്ഞുള്ള സത്തും ശേഖരിക്കണം. ഇവ രണ്ടും ഏകദേശം 30 മില്ലി വീതമെടുത്ത് 5 ഗ്രാം അമുക്കുരവേര്‌പൊടിയുമായി ചേര്‍ത്ത് കഴിക്കാം. എങ്കിലും ആവശ്യമുള്ള ഫലം ലഭിക്കാന്‍ ഈ ചികിത്സ വളരെക്കാലം തുടരണം എന്ന കാര്യം ശ്രദ്ധിക്കുമല്ലോ. അളവ് കൂട്ടിയാല്‍ ഗുണം കൂടും എന്ന ചിന്ത അബദ്ധമാണ്. നിര്‍ദ്‌ദേശിച്ചിരിക്കുന്ന അളവില്‍ മാത്രം ഉപയോഗിക്കുക.

കോവയ്ക്ക സത്ത്

“ഇങ്ങനെ കരുതിയിരിക്കണം കരുതിയിരിക്കണം എന്ന് വിചാരിച്ചിരുന്ന കാലത്താണ് പുള്ളിക്കാരന്‍ ഒരു കുപ്പിനിറച്ചും കോവയ്ക്കാത്തീയലുമായി കടന്നുവരുന്നതും വറത്തരപ്പിന്റെ എണ്ണമിനുക്കില്‍ കോവയ്ക്കയെ എന്നന്നേയ്ക്കുമായി ഒളിപ്പിച്ചു കടത്തുന്നതും ഞങ്ങളുടെ കരുതലുകളുടെ മട തകര്‍ത്ത് ഉമിനീര്‍പ്രളയം കുതിച്ചൊഴുകുന്നതും ഞങ്ങളെല്ലാവരും തന്നെ കടുത്ത കോവയ്ക്കാപ്രേമികളായി തീരുന്നതും..”: 2021 നവംബറിലെ സമകാലിക മലയാളം വാരികയില്‍ ഹരിശങ്കരനശോകന്‍ എഴുതിയ കവിതയിലെ വരികളാണിവ.

‘കോവയ്ക്ക’എന്ന പേരില്‍ത്തന്നെയുള്ള കവിത പ്രതീകാത്മക മാണെങ്കിലും ഈ വള്ളിച്ചെടിക്കായ നിസാരക്കാരനല്ല. പ്രമേഹ ത്തിനെതിരായ പ്രകൃതിദത്ത പ്രതിരോധ ഭക്ഷണമായി കോവയ് ക്കാത്തോരന്‍ ഇന്ന് സര്‍ക്കാര്‍ വക ക്യാന്റീനുകളില്‍ പ്പോലും ഉച്ചയൂണിന്‍തളികയില്‍ മുറിഞ്ഞ്‌നിഞ്ഞ് ചിരിക്കുന്നു! പക്ഷേ, പ്രമേഹൗഷധമെന്ന തരത്തിലുള്ള മുഴുവന്‍ ഫലവും ലഭിക്കണമെങ്കില്‍ കോവയ്ക്ക വെയിലിലുണക്കി പിന്നെ അത് പൊടിച്ചെടുക്കണം.

ഈ പൊടിയുടെ 10 ഗ്രാം ചൂടുവെള്ളത്തില്‍ ദിവസത്തില്‍ രണ്ടുതവണ കുടിച്ചാല്‍ പ്രമേഹത്തെ പ്രതിരോധിക്കാം. കോവയ്ക്കാത്തോരന്‍ ദിവസവും ഉപയോഗിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും തലച്ചോറ്, വൃക്കകള്‍, ഹൃദയം പോലുള്ള മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനത്തെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യും. ഇത് ശരീര ത്തിലെ വിഷവസ്തുക്കളെ നീക്കംചെയ്യാന്‍ സഹായിക്കുകയും ചുവന്ന രക്താണുക്കളുടെ ഉത്പാദനം കൂട്ടുന്നതിലൂടെ ശരീരത്തെ ആരോഗ്യകരമായി നിലനിര്‍ത്തുകയും ചെയ്യും.

Immunity booter home remedy
ചർമം നാച്യുറൽ ആയി തിളങ്ങും, വെള്ളം തിളപ്പിക്കുമ്പോൾ രണ്ടോ മൂന്നോ ഏലയ്ക്ക കൂടി ചേർക്കൂ
Immunity booter home remedy
തേൻ പഴകുമോ? ക്രിസ്റ്റലായാൽ ഒഴിവാക്കരുത്, ദീർഘകാലം കേടാകാതിരിക്കാൻ ചില ടിപ്സ്
Immunity booter home remedy
തവിടരി ശീലമാക്കൂ; ഷു​ഗറും കൊളസ്ട്രോളും നിയന്ത്രണത്തിലാക്കാം, ഒപ്പം ഹൃദയാരോ​ഗ്യവും കാക്കാം
Summary

Immunity Booster: Home remedy to boost immunity

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com