

ടാറ്റൂ ഇന്ന് ഒരു ഫാഷൻ പ്രതീകമായി മാറിയിരിക്കുന്നു. എന്നാൽ, ടാറ്റൂ ഇഷ്ടപ്പെടുന്നവർ നേരിടുന്ന ഒരു ഭീഷണിയുടെ നിഴൽപ്പടമുണ്ട്. ടാറ്റൂ ചെയ്യുന്നതിന് മുമ്പ് , ആളുകളെ ആകർഷിക്കുന്ന ഈ കലാസൃഷ്ടിയുടെ പിന്നിൽ മറഞ്ഞിരിക്കുന്ന ഗുരുതരമായ ആരോഗ്യ അപകടസാധ്യതകളെക്കുറിച്ച് അറിയേണ്ടതുണ്ട്. അത് തടയാൻ സ്വീകരിക്കേണ്ട മുൻകരുതലുകളുമുണ്ട്.
പുതിയ ഗവേഷണങ്ങൾ, നിയമപരമായ നിയന്ത്രണങ്ങൾ, ഇന്ത്യയിലെ യാഥാർത്ഥ്യങ്ങൾ തുടങ്ങിയ വിവരങ്ങൾ അറിയാം.
പുതിയ പഠനങ്ങൾ ലിംഫോമയും ചർമ്മ ക്യാൻസറും പോലുള്ള ഗുരുതരമായ രോഗങ്ങളുമായി ടാറ്റൂവിന് ബന്ധമുള്ളതായി കണ്ടെത്തിയിരിക്കുന്നു
സ്വീഡനിലെ ലുണ്ട് സർവകലാശാല 2024-ൽ നടത്തിയ പഠനത്തിൽ, 11,905 പേരിൽ, ടാറ്റൂ ഉള്ളവരിൽ ലിംഫോമ 21% കൂടുതലാണെന്ന് കണ്ടെത്തി. ടാറ്റൂ മഷിയിലുള്ള രാസവസ്തുക്കൾ ലിംഫ് നോഡുകളിൽ ശേഖരിച്ച്, ദീർഘകാലം വരെ അവിടെ നിലനിൽക്കുന്നത് രോഗപ്രതിരോധ (ഇമ്മ്യൂൺ സിസ്റ്റത്തിന്) സംവിധാനത്തിന് ഹാനികരമാണെന്ന് ഈ പഠനങ്ങൾ പറയുന്നു.
ഡെന്മാർക്കിൽ 2025-ൽ നടത്തിയ മറ്റൊരു പഠനത്തിൽ കണ്ടെത്തിയ വിവരങ്ങൾ ഈ കണ്ടെത്തലുകളെ കൂടുതൽ ശക്തിപ്പെടുത്തുന്നു. ടാറ്റൂ ഉള്ളവരിൽ ലിംഫോമയും ചർമ്മ കാൻസറും കൂടിയ റിസ്‌കിൽ കാണപ്പെടുന്നു. ടാറ്റൂ മഷിയും ചുറ്റുപാടുള്ള കോശങ്ങളും തമ്മിലുള്ള സംവേദനം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ഇടയാക്കുന്നുവെന്ന് ഈ പഠനം ചുണ്ടിക്കാണിക്കുന്നു
യൂറോപ്യൻ യൂണിയൻ, 2023-ൽ 4,000-ലധികം രാസവസ്തുക്കൾ ടാറ്റൂ മഷിയിൽ നിരോധിച്ചു. ചുവപ്പ്, പച്ച, നീല മഷികളിൽ പ്രത്യേകിച്ചും ആഴ്സെനിക്, മെർക്കുറി, ലെഡ് പോലുള്ള വിഷപദാർത്ഥങ്ങൾ ചേർക്കുന്നതായി തെളിഞ്ഞു. യുഎസിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) റിപ്പോർട്ട് പ്രകാരം, 87% ടാറ്റൂ മഷികൾക്ക് അംഗീകാരമില്ല, കൂടാതെ അഞ്ചിൽ ഒരു ടാറ്റൂ മഷിയിൽ ടാറ്റൂ ഇങ്കുകളിൽ കാൻസറിന് കാരണമാകുന്ന പദാർത്ഥങ്ങൾ ഉള്ളതായി കണ്ടെത്തി.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച് ( ഐ സി എം ആർ) നടത്തിയ 2024-ലെ സർവേ പ്രകാരം, 15–35 വയസ്സുള്ള ഇന്ത്യക്കാരിൽ 18% പേർ ടാറ്റൂ ചെയ്തിട്ടുണ്ട്. 2023-ലെ ഡൽഹി യൂണിവേഴ്സിറ്റി പഠനപ്രകാരം 70% ടാറ്റൂ മഷികളിൽ ആഴ്സെനിക്, ലെഡ് എന്നിവ അനുവദനീയ പരിധിയെക്കാൾ 10 മടങ്ങ് കൂടുതലാണ്. മെട്രോ നഗരങ്ങളിൽ ടാറ്റൂ പാർലറുകൾ 300% വർധിച്ചു, എന്നാൽ 60% പാർലറുകൾ സ്‌റ്റെറിലൈസേഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2023 ലെ റിപ്പോർട്ട് പറയുന്നു.
ടാറ്റൂ ചെയ്യുമ്പോള്‍ മഷി (ഇങ്ക്) ചർമ്മത്തിന്റെ തൊട്ടുതാഴെയുള്ള ഡെർമിസ് എന്ന ഭാഗത്ത് എത്തുന്നു. ശരീരം ഇതിനെ ബാഹ്യവസ്തുവായി തിരിച്ചറിയുന്നു, അതോടെ പ്രതിരോധ കോശങ്ങള്‍ സജീവമാകുന്നു. മാക്രോഫേജുകളും ഡെൻഡ്രിറ്റിക് കോശങ്ങളും ഈ ഇങ്ക് കണികകൾ ആഗിരണം ചെയ്യുകയും അതിനെ ലിംഫ് നോഡുകളിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നു.ഈ നിലവിലായുള്ള ഉത്തേജനം പ്രതിരോധ കോശങ്ങൾ ഉത്പാദിപ്പിക്കുന്നതിൽ കൂടിയേക്കാം. ഇത്തരത്തിൽ നീണ്ടുനിൽക്കുന്ന പ്രതിരോധ ഉത്തേജനം (immuno stimulation) കാൻസറുകൾക്ക്, പ്രത്യേകിച്ച് ലിംഫോമയ്ക്ക്, കാരണമാകാം.
ഇങ്ക് കണികകൾ ലിംഫ് നോഡുകളിൽ ചേരുന്നതു കാരണം അണുബാധകൾ ഉണ്ടാകുന്നതിന്റെ സാധ്യതയും കുടുതലാകുന്നു, ഹെപ്പറ്റൈറ്റിസ് ബി/സി, എച്ച്ഐവി (HIV), ബാക്ടീരിയൽ അണുബാധകൾ (MRSA) എന്നിവയും റിപ്പോർട്ട് ചെയ്തിട്ടുണ്ട് , ഓക്സിഡേറ്റീവ് സ്ട്രെസ്സ്, പ്രതിരോധ കോശ പ്രവർത്തനത്തെ ബാധിക്കയും തകരാറിലാക്കുകയും ചെയ്യാം
ടാറ്റൂ ഇങ്ക് പലപ്പോഴും പോളിസൈക്ലിക് അരോമാറ്റിക് ഹൈഡ്രോകാർബണുകൾ (PAHs), അസോ ഡൈകൾ, ഹെവി മെറ്റലുകൾ (നിക്കൽ, ക്രോമിയം, ആഴ്സെനിക്, ലെഡ്, കോബാൾറ്റ് മുതലായവ) അടങ്ങിയിരിക്കും. പ്രത്യേകിച്ച് കറുത്ത ഇങ്ക് പലപ്പോഴും കാർസിനോജെനിക് (ആർബുദം സൃഷ്ടിക്കാവുന്ന) രാസപദാർഥങ്ങൾ അടങ്ങിയിരിക്കും. അൾട്രാവയലറ്റ് പ്രകാശം (സൂര്യപ്രകാശം) പ്രയോഗിക്കുമ്പോഴും അല്ലെങ്കിൽ ലേസർ റിമൂവൽ നടത്തുമ്പോഴും, ഈ രാസപദാർത്ഥങ്ങൾ ചിലതൊക്കെ അമൈനുകളായി (Amine) മാറുന്നു ഇതിൽ ചിലതു ചിലത് ഡി എൻ എ (DNA)ക്കു ദോഷം ചെയ്യാൻ സാധ്യതയുണ്ട്. ഇത് പ്രതിരോധ കോശങ്ങളുടെ ഡിഎൻഎ മാറ്റങ്ങൾക്കും കാൻസർ കോശങ്ങളാകാനും സാധ്യതാ കൂടുതലാണ്
ഈ കാലഘട്ടത്തിൽ , ടാറ്റൂ എന്നത് ഒരാളുടെ വ്യക്തിത്വം പ്രകടിപ്പിക്കാൻ ഉപയോഗിക്കുന്ന സാമൂഹികചിഹ്നമായി മാറിയിരിക്കുന്ന സാഹചര്യത്തിൽ ടാറ്റൂ സ്വീകരിക്കുന്നതിലൂടെയുള്ള അപകടങ്ങൾ കുറയ്ക്കാം എന്നത് മുൻകൂട്ടി അറിയുക സുരക്ഷാ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിലൂടെ പ്രശ്നങ്ങൾ ഒരു പരിധി വരേയ്ക്കും കുറയ്ക്കാം
BIS (Bureau of Indian Standards) or CDSCO (Central Drugs Standard Control)EU REACH(Registration, Evaluation, Authorisation and Restriction of Chemicals) US FDA(United States Food and Drug Administration അംഗീകൃത മഷി മാത്രം ഉപയോഗിക്കുക, പുതിയ സൂചികൾ മാത്രം ഉപയോഗിക്കുന്നതു ഉറപ്പാക്കുക, അനുഭവസമ്പന്നനായ ആർട്ടിസ്റ്റിനെ തിരഞ്ഞെടുക്കുക, ടാറ്റൂ ചെയ്ത ശേഷം രണ്ട് ആഴ്ചയെങ്കിലും കഠിനമായ സൂര്യപ്രകാശം/ടാനിങ് ഒഴിവാക്കുക, വീക്കം, ചൊറിച്ചിൽ, ക്ഷീണം ഉണ്ടെങ്കിൽ ഉടൻ ഡോക്ടറെ സമീപിക്കുക
ടാറ്റൂ ചെയ്ത എല്ലാവർക്കും കാൻസർ ലിംഫോമ ഉണ്ടാകില്ല.ഇങ്കിന്റെ തരം, ടാറ്റൂ ചെയ്യപ്പെട്ട വിസ്തീർണം, ജനിതക സാധ്യതകൾ, പ്രതിരോധ സ്ഥിതി എന്നിവ ഈ അപകടസാധ്യതയെ സ്വാധീനിക്കും
ഡോ. സിനി മാത്യു ജോൺ, Phd, കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് കൽഗറിയിൽ സീനിയർ സയന്റിസ്റ്റും ത്രോംബോസിസ് ഹീമോസ്റ്റാസിസ് ഗവേഷണ വിഭാഗത്തിന്റെ ശാസ്ത്ര മേധാവിയുമാണ്.
Reference:
1. Danish study on Tattoo ink exposure is associated with lymphoma and skin cancers (2025)
2.Lund University Study-eClinicalMedicine (2024)
2. ICMR National Survey (2024)
3. AIIMS Delhi Report (2023)
4. Delhi University Research (2023)
5. U.S. FDA Guidelines (2023)
6. European Chemicals Agency (2023)
7. https://www.bis.gov.in
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
