

രാവിലെ ജോലിക്ക് പോകാൻ മടി, എപ്പോഴും ക്ഷീണം, ഒന്നിലും താൽപര്യമില്ലായ്മ... ഇതൊക്കെ തിരക്കുപിടിച്ച ജീവിതത്തിന്റെ ഭാഗമാണെന്ന് കരുതുന്ന പലരുമുണ്ട്. എന്നാൽ വിശ്രമിച്ചിട്ടും ക്ഷീണം മാറുന്നില്ലെങ്കിൽ, ജോലിയെക്കുറിച്ച് ചിന്തിക്കുമ്പോൾ മാനസിക സമ്മർദം അനുഭവപ്പെടുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം. ഇത് ബേൺഔട്ടിന്റെ ആദ്യ സൂചനകളാകാം.
ജോലി, സാമ്പത്തിക സമ്മർദം, വ്യക്തിപരമായ പ്രശ്നങ്ങൾ, ഉത്തരവാദിത്വങ്ങൾ എന്നിവയ്ക്കിടയിൽ സ്വന്തം മാനസികാരോഗ്യം പലരും മറന്നു പോകാറുണ്ട്. സമ്മർദം ദീർഘകാലം തുടരുകയും അതിനെ ഫലപ്രദമായി നേരിടാൻ കഴിയാതെ വരികയും ചെയ്യുമ്പോൾ മാനസികമായും ശാരീരികമായും തളർച്ച അനുഭവപ്പെടാം. ഈ അവസ്ഥയാണ് ബേൺഔട്ട്.
ഊർജം നഷ്ടപ്പെടുക, ജോലിയോട് അകൽച്ചയോ നിഷേധാത്മക മനോഭാവമോ ഉണ്ടാകുക, ജോലിയിൽ കാര്യക്ഷമത കുറയുക എന്നിവയാണ് ഇതിന്റെ പ്രധാന സവിശേഷതകൾ. സാധാരണ ക്ഷീണത്തിൽ നിന്ന് വ്യത്യസ്തമായി, ബേൺഔട്ട് അനുഭവിക്കുന്നവർക്ക് വിശ്രമിച്ചാലും പഴയ ഉന്മേഷം വീണ്ടെടുക്കാൻ ബുദ്ധിമുട്ടുണ്ടാകാം. എന്നാൽ എല്ലാ ക്ഷീണവും ബേൺഔട്ട് ആണെന്ന് കരുതരുത്. ഉറക്കക്കുറവ്, വിളർച്ച, തൈറോയ്ഡ് പ്രശ്നങ്ങൾ, വിഷാദം തുടങ്ങിയവയും സമാനമായ ലക്ഷണങ്ങൾക്ക് കാരണമാകാം.
രാത്രി നന്നായി ഉറങ്ങിയിട്ടും രാവിലെ ഉണരുമ്പോൾ ക്ഷീണം അനുഭവപ്പെടുന്നുണ്ടോ? ചെറിയ ജോലികൾ ചെയ്യാൻ പോലും വലിയ പ്രയാസം തോന്നുന്നുണ്ടോ? മാനസികമായും ശാരീരികമായും ഊർജം നഷ്ടപ്പെടുന്നത് ബേൺഔട്ടിന്റെ പ്രധാന സൂചനകളിലൊന്നാണ്. ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ മറ്റൊന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയും ശ്രദ്ധിക്കണം.
ഒരിക്കൽ സന്തോഷത്തോടെ ചെയ്തിരുന്ന ജോലികൾ ഇപ്പോൾ വലിയ ഭാരമായി തോന്നാം. ജോലിസ്ഥലത്തേക്ക് പോകാൻ മടി, പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനുള്ള വിമുഖത, ചെയ്യുന്ന കാര്യങ്ങളോട് താൽപര്യമില്ലായ്മ എന്നിവ പ്രകടമാകാം. ജോലി ചെയ്യുന്നതിന്റെ അർഥം നഷ്ടപ്പെട്ടതുപോലെയും തോന്നാം.
നിസ്സാരമായ കാര്യങ്ങൾക്കുപോലും ദേഷ്യപ്പെടുക, സഹപ്രവർത്തകരോടോ കുടുംബാംഗങ്ങളോടോ പെട്ടെന്ന് പ്രതികരിക്കുക, മറ്റുള്ളവരോട് ക്ഷമ കുറയുക തുടങ്ങിയ മാറ്റങ്ങൾ ശ്രദ്ധിക്കണം. തുടർച്ചയായ മാനസിക സമ്മർദം വികാരങ്ങളെ നിയന്ത്രിക്കാനുള്ള കഴിവിനെ ബാധിച്ചേക്കാം.
ഉറങ്ങാൻ വൈകുക, രാത്രിയിൽ ഇടയ്ക്കിടെ ഉണരുക, ജോലിയെക്കുറിച്ചുള്ള ചിന്തകൾ കാരണം ഉറക്കം നഷ്ടപ്പെടുക തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം. ചിലർക്ക് പതിവിലും കൂടുതൽ ഉറങ്ങണമെന്നു തോന്നുകയും ചെയ്തേക്കാം. ഉറക്കക്കുറവ് ക്ഷീണം വർധിപ്പിക്കുകയും സമ്മർദത്തെ നേരിടാനുള്ള കഴിവ് കുറയ്ക്കുകയും ചെയ്യും.
ജോലി ചെയ്യുന്നതിനിടെ ശ്രദ്ധ തെറ്റുക, ചെറിയ കാര്യങ്ങൾ മറന്നുപോകുക, തീരുമാനങ്ങൾ എടുക്കാൻ ബുദ്ധിമുട്ടുക, ഒരേ ജോലി പൂർത്തിയാക്കാൻ കൂടുതൽ സമയം വേണ്ടിവരിക തുടങ്ങിയവ അനുഭവപ്പെടാം. ഇതുമൂലം ജോലിയിൽ പിഴവുകൾ കൂടുകയും ആത്മവിശ്വാസം കുറയുകയും ചെയ്യാം.
സുഹൃത്തുക്കളെ കാണാനും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും താൽപര്യം കുറയാം. ഫോൺ കോളുകൾ ഒഴിവാക്കുക, സംസാരിക്കാൻ മടിക്കുക, ഒറ്റയ്ക്കിരിക്കാൻ ആഗ്രഹിക്കുക തുടങ്ങിയ മാറ്റങ്ങളും ഉണ്ടാകാം. വിശ്രമത്തിനായി ഒറ്റയ്ക്കിരിക്കാൻ ആഗ്രഹിക്കുന്നതും തുടർച്ചയായി എല്ലാവരിൽനിന്നും അകന്നുനിൽക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്.
ക്ഷീണത്തെ അവഗണിക്കരുത്: തുടർച്ചയായ ക്ഷീണം അനുഭവപ്പെടുമ്പോൾ കൂടുതൽ ജോലി ചെയ്ത് അതിനെ മറികടക്കാൻ ശ്രമിക്കരുത്. ശരീരത്തിനും മനസ്സിനും വിശ്രമം നൽകുക.
ജോലിക്ക് പരിധി നിശ്ചയിക്കുക: ജോലി സമയം കഴിഞ്ഞാൽ കഴിയുന്നത്ര ജോലിസംബന്ധമായ സന്ദേശങ്ങളിൽനിന്നും കോളുകളിൽനിന്നും മാറിനിൽക്കുക. അടിയന്തരമല്ലാത്ത കാര്യങ്ങൾ അടുത്ത ദിവസത്തേക്ക് മാറ്റിവയ്ക്കാൻ പഠിക്കുക.
ചെറിയ ഇടവേളകൾ എടുക്കുക: തുടർച്ചയായി മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നതിനു പകരം ഇടയ്ക്കിടെ എഴുന്നേറ്റ് നടക്കുക, വെള്ളം കുടിക്കുക, കണ്ണുകൾക്ക് വിശ്രമം നൽകുക.
ഉറക്കത്തിന് പ്രാധാന്യം നൽകുക: ദിവസവും ഒരേ സമയത്ത് ഉറങ്ങാനും ഉണരാനും ശ്രമിക്കുക. ഉറങ്ങുന്നതിന് തൊട്ടുമുമ്പുള്ള ജോലി, അമിതമായ കഫീൻ ഉപയോഗം, രാത്രി വൈകിയുള്ള സ്ക്രീൻ ഉപയോഗം എന്നിവ കുറയ്ക്കുക.
വിശ്വസിക്കുന്നവരോട് സംസാരിക്കുക: അനുഭവിക്കുന്ന സമ്മർദം ഒറ്റയ്ക്ക് സഹിക്കേണ്ടതില്ല. കുടുംബാംഗങ്ങളോടോ സുഹൃത്തുക്കളോടോ സഹപ്രവർത്തകരോടോ തുറന്നുപറയുക. ജോലിഭാരം കുറയ്ക്കുന്നതിന് ആവശ്യമായ സഹായം തേടുക.
ഇഷ്ടമുള്ള കാര്യങ്ങൾക്കായി സമയം കണ്ടെത്തുക: നടക്കുക, സംഗീതം കേൾക്കുക, പൂന്തോട്ടപരിപാലനം നടത്തുക, സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ മാനസിക ഉന്മേഷത്തിന് സഹായകരമാകാം.
ആവശ്യമായാൽ വിദഗ്ധസഹായം തേടുക: ക്ഷീണം, ഉറക്കപ്രശ്നങ്ങൾ, നിരാശ, താൽപര്യക്കുറവ് എന്നിവ തുടർന്നുനിൽക്കുകയോ ദൈനംദിന ജീവിതത്തെ ബാധിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ ഡോക്ടറെയോ മാനസികാരോഗ്യ വിദഗ്ധനെയോ സമീപിക്കുക. ആവശ്യമായാൽ ശാരീരിക കാരണങ്ങളും പരിശോധിക്കണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates