

ഒരുകാലത്ത് ചുരുണ്ട മുടി ഒരു പ്രശ്നമായി കരുതിയവരുണ്ടായിരുന്നു. മുടി നേരെയാക്കാൻ ഹീറ്റ് ട്രീറ്റ്മെന്റുകളും സ്ട്രെയിറ്റനിങ്ങും ചെയ്യുക പതിവായിരുന്നു. സ്കൂളുകളിലും കോളജുകളിലും ജോലി സ്ഥാപനങ്ങളിലും പോലും സ്ട്രെയിറ്റ് ഹെയർ ആയിരുന്നു സൗന്ദര്യത്തിന്റെ മാനദണ്ഡം. എന്നാൽ കാലം മാറി. പുതിയ തലമുറ അവരുടെ സ്വാഭാവികമായ ചുരുണ്ടമുടി ഇഷ്ടപ്പെടുകയും അഭിമാനത്തോടെ സ്വീകരിക്കുകയും ചെയ്യുന്നു. സോഷ്യൽ മീഡിയയിലും ഫാഷൻ ലോകത്തും സിനിമയിലും സ്വാഭാവിക ചുരുണ്ടമുടി ഇപ്പോൾ ട്രെൻഡാണ്.
എന്നാൽ മൺസൂൺ എത്തുമ്പോൾ കർളി ഹെയർ ഉള്ളവർക്ക് ഒരു വെല്ലുവിളിയുണ്ട്. ഈർപ്പം (Humidity) കൂടുന്നതിനാൽ മുടി കൂടുതൽ ഫ്രിസിയാകാനും കുരുങ്ങാനും ഡ്രൈ ആകുമുള്ള സാധ്യതയുണ്ട്. ശരിയായ പരിചരണം നൽകിയാൽ മഴക്കാലത്തും നിങ്ങളുടെ കർളുകൾ മനോഹരമായി നിലനിർത്താൻ കഴിയും.
കേർളി ഹെയർ സ്ട്രെയിറ്റ് ഹെയറിനെക്കാൾ ഡ്രൈ ആണ്. കാരണം, സ്കാൽപ്പിൽ ഉൽപ്പാദിപ്പിക്കുന്ന സ്വാഭാവിക എണ്ണ മുടിയുടെ അറ്റം വരെ എളുപ്പത്തിൽ എത്തുന്നില്ലെന്നതാണ് കാരണം. ഇത് സ്വഭാവികമായി ചുരുണ്ടമുടിയുടെ ഭംഗിയും ഘടനയും നഷ്ടപ്പെടാൻ കാരണമാകും. മാത്രമല്ല, ഫംഗൽ അണുബാധയ്ക്കും താരനുമുള്ള സാധ്യത വർധിക്കും.
സൾഫേറ്റ് കുറഞ്ഞ ഷാംപൂ തിരഞ്ഞെടുക്കുക
കർളി ഹെയറിന് ശക്തമായ ഷാംപൂകൾ അനുയോജ്യമല്ല. അവ മുടിയിലെ സ്വാഭാവിക ഈർപ്പം നഷ്ടപ്പെടുത്തും. അതുകൊണ്ട്, സൾഫേറ്റ് ഫ്രീ ആയ ഷാംപൂ, മൈൽഡ് ക്ലെൻസർ, കേർളി ഹെയർ ഫ്രണ്ടലി ഉൽപ്പന്നങ്ങൾ എന്നിവ തിരഞ്ഞെടുക്കാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ തല കഴുകാം.
കണ്ടീഷണർ ഒരിക്കലും ഒഴിവാക്കരുത്
ചുരുണ്ട മുടിയുടെ ഏറ്റവും വലിയ സുഹൃത്താണ് കണ്ടീഷണർ. ഓരോ തവണ ഷാംപൂ ഉപയോഗിക്കുമ്പോഴും കൺഡീഷണർ ഉപയോഗിക്കണം. മുടിയുടെ മധ്യഭാഗം മുതൽ അറ്റം വരെ കണ്ടീഷണർ പുരട്ടുക. മൂന്നോ അഞ്ചോ മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം. ഇത് മുടി ഫ്രിസി ആകുന്നത് കുറയ്ക്കാനും ചുരുണ്ടമുടിയുടെ ഘടന മെച്ചപ്പെടുത്താനും സഹായിക്കും.
ആഴ്ചയിൽ ഒരിക്കൽ ഡീപ്പ് കൺഡീഷനിങ്
മഴക്കാലത്ത് ചുരുണ്ടമുടിക്ക് അധിക ഈർപ്പം ആവശ്യമാണ്. ആഴ്ചയിൽ ഒരിക്കൽ ഹെയർ മാസ്ക്, ഡീപ്പ് കൺഡീഷണർ പോലുള്ളത് ഉപയോഗിക്കുന്നത് മുടിയുടെ മൃദുത്വവും തിളക്കവും വർധിപ്പിക്കാൻ സഹായിക്കും.
മുടി ശക്തമായി തുടയ്ക്കരുത്
പലരും ടവൽ ഉപയോഗിച്ച് ശക്തിയായി മുടി തുടയ്ക്കാറുണ്ട്. ഇത് മുടി കൂടുതൽ ഫ്രിസി ആക്കും. ചുരുണ്ട മുടിയുടെ ഘടന നശിപ്പിക്കും. മുടി പൊട്ടിപ്പോകാനും ഇടയാക്കും. മൈക്രോഫൈബർ ടവൽ അല്ലെങ്കിൽ പഴയ കോട്ടൺ ടി-ഷർട്ട് ഉപയോഗിച്ച് മുടി സാവധാനം അമർത്തി വെള്ളം നീക്കം ചെയ്യുന്നതാണ് നല്ലത്.
Leave-in Conditioner ഉപയോഗിക്കാം
മൺസൂണിൽ കേർളുകൾ നിലനിർത്താൻ Leave-in Conditioner അല്ലെങ്കിൽ Curl Cream സഹായിക്കും.
നനഞ്ഞ മുടി കെട്ടിവെക്കരുത്
മഴയിൽ നനഞ്ഞ ശേഷം മുടി ഉടൻ കെട്ടുന്നത് ഒഴിവാക്കുക. അത് ഫംഗസ് വളരാനും ദുർഗന്ധം ഉണ്ടാകാനും മുടികൊഴിച്ചിലിനും കാരണമാകും. മുടി പൂർണമായി ഉണങ്ങിയ ശേഷം മാത്രം കെട്ടുക.
ചീകുന്ന രീതിയും പ്രധാനമാണ്
കേർളി ഹെയർ വരണ്ടിരിക്കുമ്പോൾ ചീകുന്നത് ഫ്രിസ് വർധിപ്പിക്കും. ചുരുണ്ട മുടി ചീകാൻ പല്ലുകൾ അകന്ന ചീപ്പ് ഉപയോഗിക്കാം. അല്ലെങ്കിൽ വിരലുകൾ ഉപയോഗിച്ച് കുരുക്കുകൾ നീക്കാം.
ഹീറ്റ് സ്റ്റൈലിങ് കുറയ്ക്കുക
മഴക്കാലത്ത് Hair Dryer, Straightener, Curling Iron എന്നിവയുടെ അമിത ഉപയോഗം മുടിയെ കൂടുതൽ വരണ്ടതാക്കും. അത്യാവശ്യമായാൽ Heat Protectant ഉപയോഗിക്കുക.
സിൽക്ക് അല്ലെങ്കിൽ സാറ്റിൻ തലയണക്കവർ ഉപയോഗിക്കുക
രാത്രിയിൽ കോട്ടൺ തലയണക്കവറിൽ ഉറങ്ങുമ്പോൾ ഘർഷണം മൂലം കേർളുകൾ കുരുങ്ങാം. സിൽക്ക് അല്ലെങ്കിൽ സാറ്റിൻ തുണികൊണ്ടുള്ള തലയണക്കവർ ഉപയോഗിക്കുക. ഇത് മുടിയുടെ ഫ്രിസ് കുറയ്ക്കും അതുപോലെ മുടിപ്പൊട്ടി പോകുന്ന അവസ്ഥയും ഒഴിവാക്കും.
സമീകൃത ഭക്ഷണവും വെള്ളവും
ആരോഗ്യമുള്ള മുടിക്ക് പുറത്തുനിന്നുള്ള പരിചരണം മാത്രം പോര. ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തുക:
മുട്ട
മീൻ
പരിപ്പ്
നട്സ്
ഇലക്കറികൾ
പഴങ്ങൾ
ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുന്നതും മുടിയുടെ ആരോഗ്യത്തിന് സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates