നീല വെളിച്ചം വില്ലനാണ്; നൈറ്റ് മോഡിലേക്ക് മാറൂ

ചിലപ്പോൾ സിനിമയോ സീരീസോ വല്ലതും കാണുന്നതാവാം. കുറേ കഴിഞ്ഞ് മൊബൈലൊക്കെ ഓഫ് ചെയ്ത് വച്ചിട്ട് കണ്ണടച്ച് കിടക്കും. ഇപ്പൊ ഉറങ്ങും ഇപ്പൊ ഉറങ്ങും എന്ന് വിചാരിക്കും. പക്ഷെ ഉറങ്ങില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കും. പക്ഷെ ഉറക്കം മാത്രം വരുന്നില്ല. അങ്ങനെ ഉറക്കം വരാത്തതിൻ്റെ ഇറിറ്റേഷൻ കാരണം പിന്നെയും മൊബൈലെടുത്ത് നോക്കും.
mobile gadgets blue light
എന്തുകൊണ്ടാണ് നമ്മൾ രാത്രികളിൽ ഉറങ്ങുന്നത്? അല്ലെങ്കിൽ എന്തുകൊണ്ടാണ് പകൽ നേരങ്ങളിൽ ഉണർന്നിരിക്കാൻ കഴിയുന്നത്? mobile light
Updated on
4 min read

മുക്കെല്ലാവർക്കും പരിചിതമായിട്ടുള്ള ഒരു സിനാരിയോ പറയാം. രാത്രി ഉറങ്ങാനെന്ന പേരിൽ കട്ടിലിൽ പോയി കിടക്കും. പിന്നെ മൊബൈലിൽ ഫേസ്ബുക്കോ വാട്സാപ്പോ നോക്കിയങ്ങനെ കുറേ സമയം പോകും. ചിലപ്പോൾ സിനിമയോ സീരീസോ വല്ലതും കാണുന്നതാവാം. കുറേ കഴിഞ്ഞ് മൊബൈലൊക്കെ ഓഫ് ചെയ്ത് വച്ചിട്ട് കണ്ണടച്ച് കിടക്കും. ഇപ്പൊ ഉറങ്ങും ഇപ്പൊ ഉറങ്ങും എന്ന് വിചാരിക്കും. പക്ഷെ ഉറങ്ങില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കും. പക്ഷെ ഉറക്കം മാത്രം വരുന്നില്ല. അങ്ങനെ ഉറക്കം വരാത്തതിൻ്റെ ഇറിറ്റേഷൻ കാരണം പിന്നെയും മൊബൈലെടുത്ത് നോക്കും. എന്തായാലും ഉറക്കം വരുന്നില്ല, അപ്പൊപ്പിന്നെ കുറച്ചു കൂടി കഴിഞ്ഞ് ഉറക്കം വരുമ്പോൾ മൊബൈൽ mobile മാറ്റി വയ്ക്കാമെന്ന് വിചാരിച്ച് സ്ക്രോളിംഗ് ഇങ്ങനെ തുടരും..

കേരളത്തിലെ ഒരു ബഹുഭൂരിപക്ഷം വെറുപ്പക്കാരുടെയും രാത്രികാല ജീവിതത്തിൽ നിന്നും ചീന്തിയെടുത്ത ഒരേടാണിത്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? എന്തുകൊണ്ടാണ് നമ്മൾ രാത്രികളിൽ ഉറങ്ങുന്നത്? അല്ലെങ്കിൽ എന്തുകൊണ്ടാണ് പകൽ നേരങ്ങളിൽ ഉണർന്നിരിക്കാൻ കഴിയുന്നത്?

ഇലക്ട്രോ മാഗ്നറ്റിക് സ്പെക്ട്രത്തിലെ വളരെ ചെറിയൊരു ഭാഗം മാത്രമാണ് ദൃശ്യപ്രകാശം. Sunlight ആയാലും മറ്റ് കൃത്രിമ വെളിച്ചങ്ങൾ ആയാലും ആ ഒരു ചെറിയ ഭാഗത്താണ് വരുന്നത്. അതായത് 380 നാനോ മീറ്ററിനും 750 നാനോ മീറ്ററിനും ഇടയിൽ തരംഗദൈർഘ്യമുള്ള വയലറ്റ് മുതൽ റെഡ് വരെയുള്ള നിറങ്ങളാണ് ആ ഭാഗത്തുള്ളത്. അതിനെ ദൃശ്യപ്രകാശം എന്ന് നമ്മൾ വിളിക്കാൻ കാരണം, ആ വേവ് ലെംഗ്തിലുള്ള വികിരണങ്ങൾ മാത്രമേ നമ്മുടെ കണ്ണിലെ ലൈറ്റ് സെൻസിറ്റീവായിട്ടുള്ള കോശങ്ങളുമായി പ്രതിപ്രവർത്തിക്കുന്നുള്ളൂ. അതുകൊണ്ട് അവ ദൃശ്യമാകുന്നു. ഇലക്ട്രോ മാഗ്നറ്റിക് സ്പെക്ട്രത്തിലെ മറ്റു തരംഗങ്ങളെ സ്വീകരിക്കാനുള്ള കോശങ്ങൾ നമ്മുടെ കണ്ണിലില്ലാത്തതിനാൽ അവയെ നമുക്ക് അറിയാൻ കഴിയുന്നില്ലാ എന്ന് മാത്രം.

പണ്ട് സ്കൂളിൽ കണ്ണിൻ്റെ ബയോളജി പഠിക്കുമ്പോൾ മുതൽ നമ്മൾ പഠിക്കുന്നതാണ് കണ്ണിലെ റെറ്റിനയിൽ റോഡ് കോശങ്ങളെന്നും കോൺ കോശങ്ങളെന്നും പേരുള്ള രണ്ട് തരം കോശങ്ങളുണ്ട്. ഇവയാണ് കണ്ണിൽ വീഴുന്ന പ്രകാശത്തോട് പ്രതികരിച്ച് കാഴ്ച എന്ന അനുഭവം സാധ്യമാക്കുന്നത് എന്നൊക്കെ. അങ്ങനെ 380 നും 750 നാനോ മീറ്ററിനും ഇടയിൽ തരംഗ ദൈർഘ്യമുള്ള വികിരണങ്ങൾ റെറ്റിനയിൽ പതിക്കുമ്പോൾ ഈ റോഡ് കോശങ്ങളും കോൺ കോശങ്ങളും റൊഡോപ്സിൻ എന്നും ഫോട്ടോപ്സിൻ എന്നും പേരുള്ള രണ്ട് തരം പ്രോട്ടീനുകൾ നിർമ്മിക്കുകയും അവിടെയൊരു ഇലക്ട്രിക്കൽ സിഗ്നൽ ഉണ്ടാവുകയും അത് കണ്ണിന് പിറകിലെ ഓപ്റ്റിക് നെർവ് വഴി തലച്ചോറിലേക്ക് പോകുകയും ചെയ്യും. പിന്നെയും പല പല വഴികളിലൂടെ പിരിഞ്ഞും കൂടിച്ചേർന്നും ഈ സിഗ്നലുകൾ നമ്മുടെ തലച്ചോറിൻ്റെ ഏറ്റവും പിറകിലെ ലോബായ ഓക്സിപിറ്റൽ ലോബിലെത്തും. അവിടെയാണ് കാഴ്ച എന്ന് പറയുന്ന അനുഭവം സൃഷ്ടിക്കപ്പെടുന്നത്.

ഇത്രയും ബയോളജി പഠിക്കുന്ന മിക്കവാറും ആൾക്കാർക്കും അറിയാമായിരിക്കും. എന്നാൽ ഈ പറഞ്ഞ റോഡ് കോശങ്ങൾക്കും കോൺ കോശങ്ങൾക്കും പുറമേ മൂന്നാമതൊരു ഫോട്ടോ സെൻസിറ്റീവ് കോശം കൂടി നമ്മുടെ റെറ്റിനയിൽ ഉണ്ട്. ഇൻട്രിൻസിക്കലി ഫോട്ടോസെൻസിറ്റീവ് റെറ്റിനൽ ഗാംഗ്ലിയോൺ സെല്ലുകൾ (ipRGCs) എന്നാണ് അവയെ വിളിക്കുന്നത്. ഇവ ഉദ്ദീപിപ്പിക്കപ്പെട്ടാൽ ഉണ്ടാകുന്നത് മെലനോപ്സിൻ എന്ന പ്രോട്ടീനാണ്. കാഴ്ചയുമായിട്ട് ഈ ipRGC കോശങ്ങൾക്ക് യാതൊരു ബന്ധവുമില്ല. എങ്കിൽ പിന്നെ ഈ കോശങ്ങളുടെ ആവശ്യകത തന്നെ എന്താണ്?

ഈ കോശങ്ങളിൽ നിന്നുള്ള ഇലക്ട്രിക് ഇമ്പൾസുകൾ ചില നാഡീ ഞരമ്പുകൾ വഴി നേരെ ചെല്ലുന്നത് തലച്ചോറിൻ്റെ ഹൈപോതലാമസ് എന്ന് പറയുന്ന ഭാഗത്താണ്. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ ഹൈപോതലാമസിലെ സുപ്രാ കയാസ്മാറ്റിക് ന്യൂക്ലിയസ് എന്ന ഭാഗത്ത്. ഇതിനെ റെറ്റിനോ ഹൈപോതലാമിക് ട്രാക്റ്റ് എന്ന് വിളിക്കും.

ഹൈപോ തലാമസിലെ ഈ സുപ്രാ കയാസ്മാറ്റിക് ന്യൂക്ലിയസിനെയാണ് നമ്മുടെ ശരീരത്തിലെ മാസ്റ്റർ ക്ലോക്ക് എന്ന് പറയുന്നത്. എന്നുവച്ചാൽ പകലും രാത്രിയും വേർതിരിച്ചറിഞ്ഞ് ശരീരത്തിലെ വിവിധങ്ങളായ ഉപാപചയ പ്രക്രിയകളെ നിയന്ത്രിക്കുന്ന ഭാഗം. നമ്മൾ സർക്കാഡിയൻ റിഥം അഥവാ ആന്തരിക ഘടികാരം എന്ന് നമ്മൾ വിളിക്കുന്ന നമ്മുടെ ബയോളജിക്കൽ ക്ലോക്കിൻ്റെ എഞ്ചിൻ ഇരിക്കുന്നത് ഇവിടെയാണ്.

മുൻപ് പറഞ്ഞ ഇൻട്രിസിക്കലി ഫോട്ടോ സെൻസിറ്റീവ് റെറ്റിനൽ ഗാംഗ്ലിയോൺ കോശങ്ങളുടെ ഒരു പ്രത്യേകത അവ ഏറ്റവുമധികം ഉത്തേജിപ്പിക്കപ്പെടുന്നത് ദൃശ്യപ്രകാശത്തിലെ 480 നാനോമീറ്ററിനടുത്ത് വേവ് ലെങ്തുള്ള വികിരണങ്ങൾ അതിൽ വീഴുമ്പോഴാണ്. എന്നു വച്ചാൽ നീല കളർ ലൈറ്റ്. 450 മുതൽ 495 വരെ നാനോമീറ്ററിൽ വരുന്നവയാണ് നീലയായി നമ്മൾ കാണുന്നത്.

അങ്ങനെ 480 നാനോമീറ്റർ തരംഗദൈർഘ്യമുള്ള വികിരണങ്ങൾ വീണ് ഉത്തേജിപ്പിക്കപ്പെടുമ്പോൾ ഇവ മെലനോപ്സിൻ എന്ന പ്രോട്ടീൻ ഉണ്ടാക്കും. അവിടുന്ന് സിഗ്നലുകൾ റെറ്റിനോ ഹൈപോ തലാമിക് ട്രാക്റ്റ് വഴി സുപ്രാ കയാസ്മാറ്റിക് ന്യൂക്ലിയസിൽ എത്തും. അങ്ങനെ മാസ്റ്റർ ക്ലോക്ക് തിരിച്ചറിയും പുറത്ത് ധാരാളം വെളിച്ചമുണ്ട്. അപ്പോൾ ഉണർന്നിരിക്കേണ്ടത് അത്യാവശ്യമാണ്. അതിനായി അവിടുന്ന് മറ്റൊരു സിഗ്നൽ തലച്ചോറിലെ തന്നെ പൈനിയൽ ഗ്ലാൻഡ് എന്ന ഭാഗത്തേക്ക് അയക്കും. പൈനിയൽ ഗ്ലാൻഡ് മെലാടോണിൻ എന്ന ഹോർമോൺ ഉൽപാദനം ഉടൻ തന്നെ നിർത്തി വയ്ക്കും. എന്നുവച്ചാൽ വെളിച്ചമുള്ളപ്പോൾ മെലാടോണിൻ്റെ അളവ് വളരെ കുറവായിരിക്കും.

ഈ മെലാടോണിൻ ആണ് ഉറക്കത്തിൻ്റെ ഹോർമോൺ എന്നറിയപ്പെടുന്നത്. മെലാടോണിൻ കൂടിയാൽ നമുക്ക് ഉറക്കം വരും, കുറഞ്ഞാൽ ഉണർന്നിരിക്കും. ഇപ്പൊ ഒരു ഏകദേശ ധാരണ കിട്ടിക്കാണുമെന്ന് കരുതുന്നു.

പകൽ സമയങ്ങളിൽ സൂര്യപ്രകാശത്തിലെ നീല വെളിച്ചം റെറ്റിനയിലെ IpRGC നെ ഉത്തേജിപ്പിക്കുന്നത് കാരണം, അത് മെലാടോണിൻ എന്ന ഉറക്ക ഹോർമോണിൻ്റെ അളവ് കുറക്കുകയും അതുകാരണം നമ്മൾ ഉണർന്ന്, ഉന്മേഷത്തോടെ ഇരിക്കുകയും ചെയ്യും. എന്നാൽ രാത്രിയാവുമ്പോൾ ഈ ഇൻപുട്ട് കട്ടാവുകയും സ്വാഭാവികമായി മെലാടോണിൽ ഉൽപാദനം കൂടുകയും അതിനനുസരിച്ച് നമുക്ക് ഉറക്കം വരികയും ചെയ്യും.

ഇങ്ങനെ സ്വാഭാവികമായി കാര്യങ്ങൾ നടക്കുന്നതിനിടയിൽ, രാത്രിയിൽ അമിതമായി നീലവെളിച്ചം കണ്ണിൽ വീഴുമ്പോൾ തലച്ചോറിൽ അത് പകലിന്റെ പ്രതീതി സൃഷ്ടിക്കുകയും മെലറ്റോണിന്റെ ഉയർച്ചയെ വൈകിപ്പിക്കുകയോ അടിച്ചമർത്തുകയോ ചെയ്യുകയും ചെയ്യും. രാത്രി കാലത്ത് ഒന്നോ രണ്ടോ മണിക്കൂർ വരെ തുടർച്ചയായി നീല വെളിച്ച സമ്പർക്കം ഉണ്ടായാൽ മെലറ്റോണിൻ്റെ അളവ് 30 മുതൽ 50% വരെ കുറയുമെന്നാണ് പഠനങ്ങൾ കാണിക്കുന്നത്.

സ്വാഭാവികമായും അത് ഉറക്കത്തെ ബാധിക്കും എന്ന കാര്യം ഇനിയും ആവർത്തിക്കേണ്ടതില്ലല്ലോ. ഈ പറഞ്ഞ പ്രശ്നം കൗമാരക്കാരിലും യുവാക്കളിലും പ്രായമായവരേക്കാൾ കുറച്ച് കൂടുതൽ ആയിരിക്കും. കാരണം അവരുടെ കണ്ണിൻ്റെ ലെൻസ് വളരെ സുതാര്യമായിരിക്കും. അതുകാരണം കണ്ണിലെത്തുന്ന എല്ലാ ലൈറ്റും അത് റെറ്റിനയിൽ എത്തിക്കും . മാത്രമല്ല, അവരുടെ iPRGC കോശങ്ങൾക്ക് പ്രകാശത്തോടുള്ള സംവേദനക്ഷമതയും കൂടുതലാണ്.

അപ്പൊ ഇതൊക്കെ കൊണ്ടാണ് രാത്രിയിൽ മൊബൈലിലും ടാബിലും നോക്കിയിരുന്നിട്ട് ഉറങ്ങാൻ കിടക്കുമ്പോൾ ഉറക്കം വരാത്തത്. ഇങ്ങനെ മെലാടോണിൻ കുറയുന്നത് ഉറക്കത്തെ വൈകിപ്പിക്കുന്നു എന്നതിനപ്പുറം, അത് ഉറക്കത്തിന്റെ ഗുണനിലവാരത്തെയും ഉറക്കത്തിൻറെ ഘടനയെയും കാര്യമായി തന്നെ ബാധിക്കുന്നുണ്ട് എന്ന് കൂടി മനസിലാക്കണം.

ഉറക്കത്തിന് പല സ്റ്റേജുകളുണ്ട്. അതിനെ പറ്റി ഇപ്പോൾ പറയാനുദ്ദേശിക്കുന്നില്ല. അതിൽ റാപിഡ് ഐ മൂവ്മെന്റ് Sleep അഥവാ REM Sleep ൻ്റെ ദൈർഘ്യം ഈ നീല വെളിച്ചം കാരണം കുറയുന്നു. നമ്മുടെ ഓർമ്മകളെ പ്രൊസസ് ചെയ്ത് കൃത്യമായി അടുക്കിപ്പെറുക്കി വയ്ക്കുന്നതിനും വൈകാരിക നിയന്ത്രണത്തിനും ഈ REM sleep എന്ന് പറയുന്നത് വളരെ അത്യന്താപേക്ഷിതമാണ്.

മറ്റൊരു പ്രശ്നം, സ്ലോ-വേവ് സ്ലീപ്പിൻ്റെ നീളം കുറയുന്നതിനും ഈ മെലാടോണിൻ്റെ കുറവ് ഒരു കാരണമാവും. നമ്മുക്ക് വേണ്ട ശാരീരികമായിട്ടുള്ള പുനരുദ്ധാരണത്തിനും- rejuvenation, രോഗപ്രതിരോധ ശേഷിക്കും അത്യന്താപേക്ഷിതമായ ആഴമേറിയ ഉറക്കമാണിത്. ഉറങ്ങുമ്പോൾ ഈ ഉറക്കം ആവശ്യത്തിന് ലഭിച്ചില്ലാന്നുണ്ടെങ്കിൽ ഉറങ്ങി എണീറ്റിട്ടും ഉറങ്ങാത്ത ഒരു ഫീലായിരിക്കും. പിറ്റേന്ന് പകൽ മുഴുവൻ ഒട്ടും ഉന്മേഷമില്ലാതെ ക്ഷീണിച്ച് രോഗം ബാധിച്ച പോലെ ഇരിക്കേണ്ടി വരും.

സ്മാർട്ട്ഫോണുകൾ, ടാബ്ലറ്റുകൾ, ലാപ്ടോപ്പുകൾ, ടിവികൾ ഇവയെല്ലാം കൃത്രിമമായ നീല വെളിച്ചത്തിൻ്റെ വലിയ സ്രോതസുകളാണ്. പിന്നെ ആധുനിക “കൂൾ വൈറ്റ്” എൽഇഡി ബൾബുകളും ഇക്കാര്യത്തിൽ ഒരു വില്ലനാണ്. ഈ ലൈറ്റുകൾ രാത്രി ഉപയോഗിക്കുമ്പോൾ അവ പകലിന്റെ ഗുണം ചെയ്യും. ഒപ്പം ദോഷവും.

ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമെന്നത് കൊണ്ടാണ് രാത്രിയിൽ ഉറങ്ങാൻ പോകുന്നതിന് രണ്ട് മണിക്കൂർ മുമ്പെങ്കിലും ഡിജിറ്റൽ ഗാഡ്ജറ്റുകളുടെ ഉപയോഗം ഒഴിവാക്കണം എന്ന് പറയുന്നത്. പൂർണമായും ഒഴിവാക്കുന്നത് തന്നെയാണ് നല്ലതെങ്കിലും ഇനി ഉപയോഗിച്ചേ പറ്റൂ എന്നുള്ളവർക്ക് ഫോണൊക്കെ നൈറ്റ് മോഡിൽ ഇട്ട് ഉപയോഗിക്കാം. നൈറ്റ് മോഡിൽ ഫോൺ അവിടെ ചെയ്യുന്നത് blue ലൈറ്റിനെ കട്ട് ചെയ്യുന്നതാണ്. ഓരോ ഉപകരണങ്ങളും എത്ര എഫിഷ്യൻ്റായി നീല ലൈറ്റിനെ കട്ട് ചെയ്യും എന്നൊന്നും പറയാൻ പറ്റില്ല. അതുകൊണ്ട് ഒഴുവാക്കുന്നത് തന്നെയായിരിക്കും ഏറ്റവും ബെസ്റ്റ്. പിന്നെ ആമ്പർ-ടിന്റഡ് ഗ്ലാസുകൾ ഉപയോഗിക്കുന്നതും നീലവെളിച്ചം കുറഞ്ഞ LED ബൾബുകൾ ഉപയോഗിക്കുന്നതും ഒരു പരിധി വരെ ഗുണകരമായിരിക്കും എന്നും പറയപ്പെടുന്നുണ്ട്..

എന്തായാലും ഉറക്ക ശുചിത്വം അഥവാ സ്ലീപ് ഹൈജീൻ എന്നത് നമ്മുടെ ശാരീരികവും മാനസികവുമായ സാമൂഹികവുമായ ആരോഗ്യത്തിന് വളരെ വളരെ അത്യാവശ്യമായ ഒന്നാണ്. അത് മറക്കാതിരിക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com