

ഇക്കാലത്ത്, കുട്ടികളെ പരമാവധി സുരക്ഷിതരാക്കി വളർത്താനാണ് മിക്ക മാതാപിതാക്കളും ശ്രമിക്കുന്നത്. എന്നാൽ ഈ "സുരക്ഷ" എന്ന വാക്ക് പലപ്പോഴും "അമിത സംരക്ഷണത്തിൽ" അവസാനിക്കുന്നു. ആ സംരക്ഷണം നല്ലതാണോ അപകടകരമോ എന്നത് ഒരോ മാതാപിതാക്കളും ആലോചിക്കേണ്ടതാണ്. മാതാപിതാക്കൾ അമിത സംരക്ഷണം നൽകിക്കൊണ്ട് കുട്ടികളെ സുരക്ഷിതമായും സന്തോഷത്തോടേയും നിലനിർത്താനാണ് ഉദ്ദേശിക്കുന്നതെങ്കിലും അവരുടെ അമിതമായ ജാഗ്രത കുട്ടികളുടെ ശരിയായ വളർച്ചയ്ക്ക് തിരിച്ചടിയാകാറാണ് പതിവ്.
കുട്ടികളുടെ ആദ്യ അധ്യാപകരെന്ന നിലയിൽ മാതാപിതാക്കൾ കുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. അവരുടെ മാർഗനിർദ്ദേശം നിർണായകമാണ്. എന്നാൽ അമിതമായി സംരക്ഷണം നൽകുന്നത് ഭാവിയിൽ പല പ്രശ്‌നങ്ങൾക്കും വഴിയൊരുക്കും.
അമിത സംരക്ഷണം നൽകാനുള്ള കാരണങ്ങൾ എന്തൊക്കെയാകാം?
1.വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ലഭിച്ച കുട്ടിയാണെങ്കിൽ മാതാപിതാക്കൾ പലപ്പോഴും അമിത ജാഗ്രത പുലർത്തുന്നു.
2. ഒരേയൊരു കുട്ടിയാണ് ഉള്ളതെങ്കിൽ അമിതമായി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മാതാപിതാക്കൾക്ക് തോന്നിയേക്കാം.
3. അമ്മയുടെയോ അച്ഛന്റെയോ മാത്രം സംരക്ഷണത്തിൽ വളരുന്ന കുട്ടികൾ ആണെങ്കിൽ അവരുടെ കാര്യത്തിൽ രക്ഷിതാവ് അമിത സംരക്ഷണം നൽകുന്ന സാഹചര്യം ഉണ്ടാകാം.
4. പഴയ തലമുറയിലെ ആളുകളിൽ സംരക്ഷണ സമീപനം കൂടുതലായി കാണാറുണ്ട്.
അമിത സംരക്ഷണത്തിന്റെ അനന്തരഫലങ്ങൾ
1. ഉത്കണ്ഠയും പരാജയത്തേക്കുറിച്ചുള്ള നിരന്തരമായ ഭയവും
2. പുതിയതോ വെല്ലുവിളി നിറഞ്ഞതോ ആയ സാഹചര്യങ്ങളെ അഭിമുഖീകരിക്കുമ്പോൾ വിട്ടുമാറി നിൽക്കുന്ന പെരുമാറ്റ രീതികൾ
3. തീരുമാനമെടുക്കുന്നതിന് മറ്റുള്ളവരെ അമിതമായി ആശ്രയിക്കുക
4. സ്വന്തം ആവശ്യങ്ങള്‍ തുറന്നു പറയാനുള്ള ബുദ്ധിമുട്ട്
5. സമപ്രായക്കാരുമായുള്ള സാമൂഹിക ഇടപെടലുകളിൽ ആത്മവിശ്വാസക്കുറവ്
6. മറ്റുള്ളവർ കളിയാക്കുമോ എന്ന പേടിയിൽ നിലകൊണ്ട് വരിക
അമിത സംരക്ഷണം നല്ലത് എന്ന് തോന്നാം, പക്ഷേ അതിന്റെ പേരിൽ കുട്ടികളുടെ സ്വാതന്ത്ര്യവും ആത്മവിശ്വാസവുമെല്ലാം നശിപ്പിക്കേണ്ടതില്ല. കുടുംബം സ്നേഹത്തിന്റെയും കരുതലിന്റെയും സ്ഥലമാണ്. പക്ഷേ അതേ സമയം, അതൊരു പരിശീലനപഠശാലയും ആകണം. ഭാവിയിലെ ജീവിതത്തിൽ തങ്ങൾ നേരിടേണ്ട എല്ലാ വെല്ലുവിളികൾക്കും തയ്യാറായ വ്യക്തികളായി വളരാൻ കുട്ടികൾക്ക് സഹായകരമാകുന്ന മാതാപിതാക്കളാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates