

ഉറക്കം ആരോഗ്യത്തിന് വളരെ പ്രധാനമാണ്. എന്നാൽ പലരിലും ഉറക്കം പല രീതിയിലാണ്. ചിലർക്ക് നേരത്തേ കിടന്നുറങ്ങി നേരത്തേ എഴുന്നേൽക്കുന്നതാണ് ശീലമെങ്കിൽ മറ്റുചിലർക്ക് വൈകിയുറങ്ങി വൈകി എഴുന്നേൽക്കുന്നതാണ് ശീലം. എന്നാൽ എങ്ങനെയാണെങ്കിലും ഉറക്കം കൂടിയാലും കുറഞ്ഞാലും ആരോഗ്യത്തിന് പ്രശ്നമാണെന്നാണ് കൊളംബിയ യൂണിവേഴ്സിറ്റി ഗവേഷകർ നടത്തിയ പുതിയ പഠനം പറയുന്നത്.
ഉറക്കം കൂടുന്നതും കുറയുന്നതും അകാലവാർധക്യത്തിനും മരണത്തിനുമുള്ള സാധ്യത കൂട്ടുമെന്ന് ഗവേഷകർ പഠനത്തിൽ വിശദീകരിക്കുന്നു. യുകെ ബയോബാങ്കിൽ നിന്നുള്ള 37-നും 84-നും ഇടയിൽ പ്രായമുള്ള അഞ്ചു ലക്ഷം പേരുടെ ആരോഗ്യവിവരം ശേഖരിച്ചാണ് പഠനം നടത്തിയത്. ആറു മണിക്കൂറിൽ കുറവു ഉറങ്ങുന്നവരിൽ അകാല മരണത്തിനുള്ള സാധ്യത 50 ശതമാനവും എട്ടു മണിക്കൂറിൽ കൂടുതൽ ഉറങ്ങുന്നവരിൽ 40 ശതമാനവും കൂടുതലുമാണെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു.
ഉറക്കം ആറു മണിക്കൂറിൽ കുറയുന്നതും ഒമ്പതു മണിക്കൂറിൽ കൂടുകയുമാണെങ്കിൽ ആരോഗ്യകരമായ ഉറക്കമെന്ന് കണക്കാക്കാനാവില്ലെന്ന് ഗവേഷകർ പറയുന്നു. ഇത്തരം ഉറക്കശീലം ഉള്ളവരിൽ ഹൃദയസംബന്ധമായ രോഗങ്ങൾക്കും മെറ്റബോളിക് തകരാറുകൾക്കും സാധ്യത കൂടുതലായിരിക്കാം. ഇവ നേരത്തേ വാർധക്യമാകുന്നതിനും അകാലമരണത്തിനുമുള്ള സാധ്യത കൂട്ടുമെന്ന് ഗവേഷകർ വിലയിരുത്തുന്നു.
ഉറക്കം കുറയുന്നത് മാനസികാരോഗ്യത്തെയും ഹൃദയത്തെയും മെറ്റബോളിസത്തെയും ദഹനപ്രക്രിയയെയും ശ്വാസകോശാരോഗ്യത്തെയുമൊക്കെ ബാധിക്കും. ഉറക്ക സംബന്ധമായ തകരാറുകൾ ശരീരത്തിൽ വീക്കമുണ്ടാവാനും കാരണമാകും. അനാരോഗ്യകരമായ ഉറക്കം ഫാറ്റിലിവറിലേക്കും നയിക്കുമെന്ന് എൻഡോക്രൈൻ സൊസൈറ്റിയുടെ ജേണൽ ഓഫ് ക്ലിനിക്കൽ എൻഡോക്രൈനോളജി & മെറ്റബോളിസത്തിൽ പ്രസിദ്ധീകരിച്ച മറ്റൊരു പഠനത്തിൽ കണ്ടെത്തിയിരുന്നു.
രാത്രിയിൽ ഉറക്കം കുറയുന്നവർക്കും പകൽ ദീർഘനേരം ഉറങ്ങുന്നവർക്കുമാണ് ഫാറ്റി ലിവർ രോഗം വരാനുള്ള സാധ്യത ഏറ്റവും കൂടുതലെന്ന് പഠനം പറയുന്നു. ഉറക്കക്കുറവ് അർബുദസാധ്യത വർധിപ്പിക്കുമെന്ന് വ്യക്തമാക്കുന്ന പഠനവും മുൻപ് പുറത്തുവന്നിരുന്നു . 50 വയസ്സിന് താഴെയുള്ളവരിൽ അർബുദസാധ്യത കൂട്ടുന്നതിൽ ഉറക്കം കുറയുന്നത് വലിയൊരു ഘടകമാണെന്നാണ് പഠനം വ്യക്തമാക്കിയത്.
ലോകത്തിലെ ഏറ്റവും വലിയ കാൻസർ സമ്മേളനമായ ഷിക്കാഗോയിലെ അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓങ്കോളജിയുടെ വാർഷിക യോഗത്തിലാണ് പഠനം അവതരിപ്പിച്ചത്. ഉറക്കക്കുറവുള്ളവരിൽ കുടലിനെ ബാധിക്കുന്ന അർബുദം, സ്തനാർബുദം, ഗർഭാശയാർബുദം അല്ലെങ്കിൽ അണ്ഡാശയ കാൻസർ എന്നിവ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നാണ് ഗവേഷകർ കണ്ടെത്തിയത്. നേച്ചർ ജേർണലിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates