

മുതിർന്നവർ കുഞ്ഞുങ്ങളോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നത് പലപ്പോഴും അവർക്ക് വിലപിടിപ്പുള്ള കളിപ്പാട്ടങ്ങൾ വാങ്ങിക്കൊടുത്തുകൊണ്ടാകും. ഈ ശീലം കുഞ്ഞുങ്ങളിൽ സന്തോഷമുണ്ടാക്കുമെങ്കിലും അത് അത്ര ആരോഗ്യകരമല്ലെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
മുതിർന്നവർ ആഘോഷവേളയിലും അല്ലാത്തപ്പോഴും മത്സരിച്ചു കുഞ്ഞുങ്ങൾ കളിപ്പാട്ടം വാങ്ങിക്കൊടുക്കുകയും അവ വീടാകെ നിറയുകയും ചെയ്യും. ഇത് കുട്ടികളിൽ ശ്രദ്ധക്കുറവും വൈകാരിക ആശ്രിതത്വത്തിനും കാരണമാകാമെന്ന് വിദഗ്ധര്‍ പറയുന്നു.
ഒരു പരിധിയിൽ കൂടുതൽ കളിപ്പാട്ടമുണ്ടെങ്കിൽ കുഞ്ഞിന് ഒന്നിൽ ശ്രദ്ധ ചെലുത്താൻ സാധിക്കാതെ വരികയും കളിപ്പാട്ടങ്ങൾ മാറിമാറി കളിക്കുന്ന പ്രവണത ഉണ്ടാവുകയും ചെയ്യുന്നു. ഇത് അവരിൽ ചെറുപ്പം മുതൽ ശ്രദ്ധക്കുറവിന് കാരണമാകാം. മാത്രമല്ല, കുട്ടികൾ മുൻപ് ടീച്ചറും കുട്ടിയും കടക്കാരനുമായൊക്കെ സാങ്കൽപ്പികമായി കളിച്ചുകൊണ്ടിരുന്ന രീതി കളിപ്പാട്ടങ്ങളുടെ എണ്ണം കൂടുന്നതോടെ കുറയാൻ തുടങ്ങുന്നു. ഇത് കുട്ടികളിൽ ഇത്തരത്തിലുള്ള വികാസങ്ങൾ കുറയ്ക്കുന്നു.
കുഞ്ഞുങ്ങളിൽ വിരസതയും സമ്മർദവും ഉണ്ടാകുമ്പോൾ അവർ കളിപ്പാട്ടങ്ങളെ അമിതമായി ആശ്രയിക്കാൻ തുടങ്ങും. ഇത്തരം സാഹചര്യങ്ങളിൽ കളിപ്പാട്ടങ്ങളെ ആശ്രയിക്കുന്നത് കുഞ്ഞുങ്ങളുടെ വൈകാരിക വികാസത്തെ പ്രതികൂലമായി ബാധിക്കുന്നു. കുഞ്ഞുങ്ങൾ വളരുന്നതിനനുസരിച്ച് അവർക്കുണ്ടാകുന്ന പ്രശ്‌നങ്ങളെ ഒറ്റയ്ക്ക് നേരിടാൻ കഴിയാത്ത ഒരു സാഹചര്യത്തിലേക്ക് ഇത് നയിക്കുന്നു.
അതിനാൽ കളിപ്പാട്ടങ്ങളെ വൈകാരിക നിമിഷങ്ങളിൽ ഒരു പരിധിയിൽ കൂടുതൽ ആശ്രയിക്കുന്നത് അനാരോഗ്യകരമായ ഒരു രീതിയായി കണക്കാക്കുന്നു. മാത്രമല്ല, കളിപ്പാട്ടങ്ങൾ കൂടുന്നതോടെ ഒന്നിലധികം സഹോദരങ്ങളുള്ള വീട്ടിൽ അത് മത്സരത്തിനും സംഘർഷത്തിനും കാരണമാകാം.
കുട്ടികള്‍ക്ക് കളിപ്പാട്ടം നൽകുന്നതിൽ പരിധി നിശ്ചയിക്കുക
കുട്ടികള്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയുന്ന അളവില്‍ മാത്രം കളിപ്പാളം വാങ്ങി കൊടുക്കുക. ഇതുമൂലം അവർക്ക് ലഭ്യമാകുന്ന കളിപ്പാട്ടത്തിന്റെ മൂല്യം മനസ്സിലാക്കാനും കളിക്കുമ്പോൾ ക്രിയാത്മകമാകാനും സാധിക്കുന്നു.
പുറത്തു കളിക്കാന്‍ അനുവദിക്കുക
കുട്ടികളെ വീടിനു പുറത്ത് കളിക്കാന്‍ അനുവദിക്കുന്നതും ചിത്ര രചന തുടങ്ങിയ കാര്യങ്ങള്‍ അവരുടെ ക്രിയാത്മകത വികസിപ്പിക്കാന്‍ കാരണമാകും.
കളിക്കാനുള്ള സമയം കൃത്യമായി നിശ്ചയിക്കുക
ദിവസവും കുഞ്ഞുങ്ങൾക്ക് കളിക്കാൻ കൃത്യമായ സമയം നിശ്ചയിക്കുക. കൂടാതെ ആ സമയം അവര്‍ക്ക് എന്തൊക്കെ കളിപ്പാട്ടങ്ങളാണ് നല്‍കേണ്ടതെന്നും തീരുമാനിക്കുക.
എത്ര കളിപ്പാട്ടം വാങ്ങുന്നു എന്നതിലുപരി കുട്ടികളുടെ വികാസത്തിന് സഹായിക്കുന്ന തരത്തിലുള്ള കളിപ്പാട്ടങ്ങള്‍ വാങ്ങുന്നതാണ് നല്ലത്. കുട്ടികളുടെ ക്രിയാത്മക ബുദ്ധിയെയും ആ പ്രായത്തിൽ വേണ്ടുന്ന വികാസത്തെയും പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള കളിപ്പാട്ടങ്ങൾ വാങ്ങാൻ ശ്രദ്ധിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates